റഫാൽ കരാർ: അനിൽ അംബാനിക്ക്​ ഫ്രാൻസ്​​ 143 മില്ല്യൺ യൂറോ നികുതി ഇളവ്​ നൽകി

12:05 PM
13/04/2019
Rafale

ന്യൂഡല്‍ഹി: റഫാല്‍ പോർവിമാന ഇടപാട്​ തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക്​ ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. അനിൽ അംബാനിയും ഫ്രഞ്ച്​ പ്രതിരോധമന്ത്രി ജീൻ ​​ഡ്രിയാ​​​​െൻറ ഓഫീസും തമ്മിലുള്ള കൂടിക്കാഴ്​ചക്ക്​ ശേഷമാണ് ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്​. ഇടപാട്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് നൽകാൻ തീരുമാനിച്ചതെന്നും ഫ്രഞ്ച് പത്രം 'ലെ മോണ്‍ഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു.

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയന്‍സ്​ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'റിലയന്‍സ് അറ്റ്‌ലാൻറിക് ഫ്ലാഗ്​ ഫ്രാന്‍സ്' എന്ന പേരിലുള്ള കമ്പനി. 151 മില്യണ്‍ യൂറോയാണ് നികുതി ഇനത്തില്‍ ഈ കമ്പനി നല്‍കാനുണ്ടായിരുന്നത്. എന്നാൽ റഫാൽ കാരാർ പ്രഖ്യാപിച്ചതോടെ ഒറ്റത്തവണ തീർപ്പാക്കലിലൂടെ 7.3 മില്യണ്‍ യൂറോ മാത്രം  സ്വീകരിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. 

നികുതി വെട്ടിപ്പ്​ കേസിൽ അനിൽ അംബാനിയുടെ കമ്പനിക്ക്​​ നേരെ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡൻറ്​ ഒലാന്ദുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 143.7 ദശലക്ഷം യൂറോയുടെ നികുതി  ഒഴിവാക്കിയത്​.

 

Loading...
COMMENTS