1000 കോടിയുടെ 'മെയ്ക് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്ന് ജെഫ് ബെസോസ്

16:33 PM
15/01/2020

ന്യൂഡൽഹി: 1000 കോടി ഡോളർ മൂല്യമുള്ള 'മെയ്ക് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങൾ 2025ഓടെ ഓൺലൈൻ വ്യാപാരമേഖലയിലൂടെ കയറ്റുമതി ചെയ്യുമെന്ന് ആമസോൺ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസ്. ഇന്ത്യയിൽ മൂന്നു ദിന സന്ദർശനത്തിന് എത്തിയ വേളയിലാണ് ജെഫ് ബെസോസിന്‍റെ പ്രസ്താവന. 

ഇന്ത്യയിലെ ചെറുകിട, ഇടത്തരം വ്യാപാരമേഖലയുടെ ഡിജിറ്റൽവത്കരണത്തിന് വേണ്ടി 100 കോടി ഡോളർ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ചൊവ്വാഴ്ചയാണ് ബെസോസ് ഇന്ത്യയിലെത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യം 21ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായക സംഭവമാകുമെന്നും ഇന്ത്യയുടെ നൂറ്റാണ്ടായിരിക്കും ഇതെന്നും ബെസോസ് പറഞ്ഞു. 

ഇന്ത്യൻ നിർമിതമായ 1000 കോടിയുടെ ഉൽപ്പന്നങ്ങൾ ആമസോൺ കയറ്റുമതി ചെയ്യും. 3000ലേറെ ചെറുകിട സംരംഭങ്ങളെ ഒരുമിച്ച് ചേർക്കുന്ന പദ്ധതിയാവും ഇത്. ഇന്ത്യയുടെ ഊർജ്ജസ്വലതയും ചലനാത്മകതയും വളർച്ചയും മികച്ചതാണ്. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന് ഏറെ പ്രത്യേകതയുണ്ടെന്നും ജെഫ് ബെസോസ് പറഞ്ഞു. 

സന്ദർശനത്തിനിടെ മുതിർന്ന സർക്കാർ വൃത്തങ്ങളുമായി ബെസോസ് കൂടിക്കാഴ്ച നടത്തുമെന്ന് വിവരമുണ്ട്. ഇന്ത്യയെ ഭാവിയിലെ പ്രധാന വ്യാപാര കേന്ദ്രമായി കാണുന്ന ആമസോൺ 550 കോടി ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഓൺലൈൻ വ്യാപാര ഭീമന്മാരായ ആമസോണിനെതിരെയും ഫ്ലിപ്കാർട്ടിനെതിരെയും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ജെഫ് ബെസോസിന്‍റെ ഇന്ത്യ സന്ദർശനം. വിപണിയില്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് കോംപറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടത്. 

Loading...
COMMENTS