ഇന്ത്യ സാമ്പത്തിക ശക്​തിയായത്​ മുൻ സർക്കാറുകൾ പാകിയ അടിത്തറയിൽ -പ്രണബ്​ മുഖർജി

10:56 AM
19/07/2019

ന്യൂഡൽഹി: ഇന്ത്യയെ അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറി​​െൻറ സമ്പദ്​വ്യവസ്​ഥയാക്കി മാറ്റു​മെന്ന അവകാശവാദം ഉയർത്തുന്ന മോദിസർക്കാറിനെ വിമർശിച്ച്​ മുൻ​രാഷ്​ട്രപതിയും ഭാരതരത്​ന ജേതാവുമായ പ്രണബ്​ മുഖർജി. ഇന്ത്യ വലിയ സമ്പദ്​വ്യവസ്​ഥയായി മാറുന്നുണ്ടെങ്കിൽ, മുൻകാല സർക്കാറുകൾ ശക്​തമായ അടിത്തറ പാകിയതു​കൊണ്ടാണ്​ അതെന്ന്​ മുഖർജി പറഞ്ഞു. ചൊവ്വയിലേക്കുള്ള മംഗൾയാൻ സാധ്യമാകുന്നുണ്ടെങ്കിൽ, അതു മായാജാലമൊന്നുമല്ല. നിരന്തര പ്രയത്​നത്തി​​െൻറ ഫലമാണ്​. അല്ലാതെ നേട്ടങ്ങളെല്ലാം സ്വർഗത്തിൽനിന്ന്​ പൊട്ടിവീണതല്ല ^ഡൽഹിയിൽ ഒരു പ്രഭാഷണ പരിപാടിയിൽ മുഖർജി പറഞ്ഞു. 

സ്വാതന്ത്ര്യം മുതൽ ഇന്ത്യക്കാർ നടത്തിയ പരിശ്രമങ്ങൾകൊണ്ടാണ്​ വിവിധ സാമൂഹിക, സാമ്പത്തിക മേഖലകൾ നന്നായി പ്രവർത്തിക്കുന്നത്​. അല്ലാതെ ബ്രിട്ടീഷുകാരുടെ ശ്രമഫലമല്ല. ആസൂത്രണ കമീഷനും പഞ്ചവത്സര പദ്ധതികളും ഇല്ലാതാക്കുകയാണ്​ മോദിസർക്കാർ ചെയ്​തതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തി​​െൻറ സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെക്കുറിച്ച്​ വ്യക്തമായ കാഴ്​ചപ്പാട്​ രൂപപ്പെടുത്തിയത്​ ഇൗ പഞ്ചവത്സര പദ്ധതികളാണ്​. ഇൗ പദ്ധതികൾ വഴിയാണ്​ വിവിധ മേഖലകളിൽ നിക്ഷേപം നടത്തിയത്​. 

കോൺഗ്രസി​​െൻറ 55 വർഷത്തെ ഭരണത്തെ വിമർശിക്കുന്നവർ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യ എവിടെ നിൽക്കുകയായിരുന്നുവെന്ന കാര്യം അവഗണിക്കുകയാണ്​. ​െഎ.​െഎ.ടികളും ബഹിരാകാശ ഗവേഷണ സ്​ഥാപനവും ​െഎ.​െഎ.എം, ബാങ്കിങ്​ ശൃംഖല തുടങ്ങിയവയും നെഹ്​റുവി​​െൻറ കാലത്താണ്​ സ്​ഥാപിച്ചത്​. മൻമോഹൻ സിങ്ങും നരസിംഹ റാവുവും സമ്പദ്​വ്യവസ്​ഥയെ ഉദാരീകരിച്ചു. 
ഇന്ത്യയുടെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ അതു വഴി തുറന്നു. ഇതി​​െൻറയെല്ലാം അടിസ്​ഥാനത്തിൽ നിന്നുകൊണ്ടാണ്​, ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളറി​​െൻറ സമ്പദ്​വ്യവസ്​ഥയാകുമെന്ന്​ ധനമന്ത്രി പറയുന്നത്​. കോൺഗ്രസിതര സർക്കാറുകളും നിർണായക പങ്ക്​ വഹിച്ചിട്ടുണ്ട്​. എന്നാൽ, ചിലതെല്ലാം ഒഴിവാക്കുന്നത്​ തികച്ചും അസംബന്ധമാണ്​. 

അക്രമങ്ങൾ പൊതുസമൂഹത്തിൽ വർധിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന്​ മുഖർജി ഒാർമിപ്പിച്ചു. ന്യൂനപക്ഷാവകാശങ്ങളും ആവിഷ്​കാര സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതി​​െൻറ പ്രാധാന്യവും മുഖർജി എടുത്തു പറഞ്ഞു. ഇന്ത്യയെ പലപ്പോഴും ബലപ്രയോഗം കൊണ്ട്​ കീഴടക്കിയിട്ടുണ്ട്​. എന്നാൽ, ഇന്ത്യയുടെ ആത്മാവിനെ കീഴടക്കാൻ കഴിഞ്ഞിട്ടില്ല. കീഴ്​പെടുത്തലുകളിൽനിന്ന്​ എക്കാലവും ഇന്ത്യ വീണ്ടും ഉയർന്നുവന്നിട്ടുണ്ടെന്നാണ്​ താൻ വിശ്വസിക്കുന്നതെന്നും മുഖർജി പറഞ്ഞു. മോദിസർക്കാറിനെ വിമർശിക്കുന്നതിൽ മയം കാണിക്കുന്ന മുൻധനമന്ത്രി കൂടിയായ മുഖർജിയുടെ പുതിയ പരാമർശങ്ങൾ​ ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാസങ്ങൾക്കു മുമ്പാണ്​ അദ്ദേഹത്തെ മോദിസർക്കാർ ഭാരതരത്​ന പുരസ്​കാരത്തിന്​ തെരഞ്ഞെടുത്തത്​.  


 

Loading...
COMMENTS