ജയ് ഷാക്ക് നൽകിയ വായ്പകളിൽ 4,000 ശതമാനത്തിെൻറ വർധന
text_fieldsന്യൂഡൽഹി: അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനിക്ക് ലഭിച്ച വായ്പയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. 2013-2014 വർഷത്തിൽ ജയ് ഷായുടെ രണ്ട് കമ്പനികൾക്ക് വായ്പയായി ലഭിച്ചത് 1.3 കോടി രൂപ മാത്രമായിരുന്നു. എന്നാൽ അടുത്ത വർഷം ജയ് ഷായുടെ കമ്പനികൾക്ക് 53.4 കോടി വായ്പയായി ലഭിച്ചു. എകദേശം 4,000 ശതമാനത്തിെൻറ വർധനയാണ് വായ്പയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
2004ൽ പ്രവർത്തനമാരംഭിച്ച ജയ് ഷായുടെ ടെമ്പിൾ എൻറർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന് മികച്ച പ്രവർത്തി പരിചയം ഇല്ല. ആരംഭിച്ച് പത്ത് വർഷത്തിന് ശേഷം 18.8 ലക്ഷം മാത്രമാണ് കമ്പനിയുടെ ലാഭം. എന്നാൽ 2015ൽ ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ കിഫ്സിൽ നിന്നും 15.76 കോടി ജയ് ഷായുടെ കമ്പനിക്ക് വായ്പയായി അനുവദിച്ചിട്ടുണ്ട്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം 88 കോടി രൂപ വായ്പ അനുവദിച്ചിരുന്നു എന്നാണ് സ്ഥാപനം പറയുന്നത്. ഇൗ പദ്ധതി പ്രകാരമാണ് ജയ് ഷായുടെ കമ്പനിക്കും വായ്പ അനുവദിച്ചിരിക്കുന്നതെന്നാണ് കിഫ്സ് നൽകുന്ന വിശദീകരണം. എന്നാൽ കാര്യമായ ലാഭമില്ലാത്ത ജയ് ഷായുടെ കമ്പനിക്ക് ഇത്രയും തുക വായ്പ അനുവദിച്ചത് സംബന്ധിച്ച് വിശദീകരണം നൽകാൻ കിഫ്സ് തയാറായിട്ടില്ല.
2012ൽ പ്രവർത്തനമാരംഭിച്ച ജയ് ഷായുടെ നേതൃത്വത്തിലുള്ള കുസുമം ഫിൻസേർവ് എന്ന കമ്പനിക്ക് വായ്പ അനുവദിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ വർഷം കമ്പനി 36,500 രൂപ നഷ്ടത്തിലായിരുന്നു. പിന്നീട് 2014ൽ 1.73 കോടി ലാഭത്തിലേക്ക് കമ്പനി എത്തി. 2015ൽ കലുപൂർ സഹകരണബാങ്ക് 25 കോടി ഇൗ സ്ഥാപനത്തിന് വായ്പയായി അനുവദിക്കുകയായിരുന്നു. ഇതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് വാർത്തകൾ. ആർ.ബി.െഎ ചട്ടങ്ങളനുസരിച്ച് അർബൻ സഹകരണ ബാങ്കുകൾ ഒാഹരി ദല്ലാൾ കമ്പനികൾക്ക് വായ്പ നൽകുന്നതിൽ നിയന്ത്രണമുണ്ട്. ജയ് ഷാക്ക് വേണ്ടി കലുപൂർ സഹകരണ ബാങ്ക് ചട്ടങ്ങൾ മറികടന്നെന്നാണ് ആരോപണം. എന്നാൽ ലാഭ-നഷ്ടങ്ങളില്ലാതെയാണ് ജയ് ഷായുടെ കമ്പനി പ്രവർത്തിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് ബി.ജെ.പി വൃത്തങ്ങൾ ന്യായീകരിക്കാൻ ശ്രമിച്ചത്. അതേസമയം, ലാഭകരമല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് എങ്ങനെയാണ് വായ്പ ലഭിക്കുക എന്ന ചോദ്യത്തിന് മുന്നിൽ അവരും മൗനം പാലിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
