2018 കാത്തുവെച്ചിരിക്കുന്നത്
text_fieldsസർക്കാറിന് സാമ്പത്തിക വർഷമാണ് മുഖ്യമെങ്കിലും സാധാരണക്കാരുടെ പ്രതീക്ഷകൾ മാറിമറിയുന്നതും പുതിയ പ്രതീക്ഷകൾ പിറക്കുന്നതും കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കിയാണ്. നോട്ടു നിരോധനത്തിെൻറ ക്ഷീണവുമായി ചരക്കു സേവന നികുതിയുടെ ആശയക്കുഴപ്പത്തിലേക്ക് കൂപ്പുകുത്തിയ വർഷമായിരുന്നു 2017. നോട്ടുനിരോധനവും ജി.എസ്.ടിയും ചേർന്ന് രാജ്യത്തെ വ്യവസായ-വാണിജ്യ മേഖലകളെ അപ്പാടെ തകിടം മറിച്ചതിൽനിന്ന് ഒരു തിരിച്ചുകയറ്റമാണ് 2018ൽ ജനം പ്രതീക്ഷിക്കുന്നത്. ‘2018’ കാത്തുവെച്ചിരിക്കുന്നത്.
ജി.എസ്.ടി തുണക്കുന്നില്ല; കടമെടുപ്പല്ലാതെ വഴിയില്ല
ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇനിയും പ്രതീക്ഷിച്ച ഫലം നൽകിത്തുടങ്ങിയില്ല. ഇതോടെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വായ്പാ വഴിയിലൂടെ നീങ്ങുകയാണ്. നിത്യനിദാനങ്ങൾക്ക് കടമെടുപ്പല്ലാതെ വഴിയില്ലാത്ത അവസ്ഥയാണ് പുതുവർഷത്തിലും. എക്സൈസ് ഡ്യൂട്ടി, വാറ്റ്, സർവിസ് ടാക്സ് തുടങ്ങിയവയെല്ലാം ജി.എസ്.ടിയുടെ കുടക്കീഴിലാക്കിയപ്പോൾ മുമ്പ് ലഭിച്ചതിലധികം വരുമാനം ലഭിക്കുമെന്നായിരുന്നു കേന്ദ്രവും സംസ്ഥാനവും കണക്കുകൂട്ടിയിരുന്നത്.
എന്നാൽ, ഇക്കഴിഞ്ഞ മാസങ്ങളിൽ വരുമാനം കുത്തനെ ഇടിയുകയാണ് ചെയ്തത്. സെപ്റ്റംബറിൽ ജി.എസ്.ടി വഴി 95131 കോടിയായിരുന്നു ദേശീയ തലത്തിൽ വരുമാനമെങ്കിൽ ഒക്ടോബറിൽ അത് 83000 കോടിയായും നവംബറിൽ 80,000 കോടിയായും ഇടിഞ്ഞു. ഇതോടെ, പൊതുവിപണിയിൽ നിന്ന് അടിയന്തരമായി 50,000 കോടി രൂപ കടമെടുക്കേണ്ട സ്ഥിതിയിലായി കേന്ദ്രം. കേരളവും 6100 കോടി രൂപ അധികമായി കടമെടുക്കാൻ നിർബന്ധിതമായിരിക്കുകയാണ്. അവശ്യസാധനങ്ങൾ ഉൾപ്പെടെ നിരവധി വസ്തുക്കളുടെ ജി.എസ്.ടി നിരക്ക് കുറച്ചതാണ് വരുമാനമിടിയാൻ കാരണമെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുേമ്പാൾ, സാമ്പത്തിക മുരടിപ്പാണ് കാരണമെന്നാണ് സംസ്ഥാന ധനമന്ത്രിയുടെ വിശദീകരണം.
വിലയിൽ ആശ്വാസം പ്രതീക്ഷിക്കേണ്ട
അവശ്യസാധന വിലയുടെ കാര്യത്തിൽ സാധാരണക്കാർ വിഡ്ഢികളായ വർഷമാണ് കടന്നുപോയത്. ഒരേ വസ്തുവിന് വിവിധ തലങ്ങളിൽ പലവിധ നികുതി ഇൗടാക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നും ഒറ്റനികുതിയാക്കുന്നതോടെ അവശ്യസാധന വില കുത്തനെ താഴേക്കുവരുമെന്നുമാണ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ, പഴയ നികുതികൾക്ക് പുറമേ ജി.എസ്.ടിയുംകൂടി ചേർത്ത് പലരും അന്യായവില ഇൗടാക്കാൻ തുടങ്ങിയതിൽ ഇനിയും കാര്യമായ മാറ്റമുണ്ടായിട്ടില്ല. പുതുവർഷത്തിലും അവശ്യസാധന വിലയിൽ കുറവൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിൽ വില കുത്തനെ വർധിച്ച സാഹചര്യത്തിൽ എല്ലാവസ്തുക്കൾക്കും വില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിദഗ്ധമതം. കഴിഞ്ഞ മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് എണ്ണ വില. ചരക്ക് കടത്ത്കൂലി, ഉൽപാദനച്ചെലവ് എന്നിവയിലെല്ലാം ഇത് പ്രതിഫലിക്കും.
ബാങ്കുകൾക്ക് നിർണായക വർഷം
പൊതുമേഖലാ ബാങ്കുകൾക്ക് നിലനിൽപിന് പൊരുതേണ്ട വർഷമാണ് കടന്നുവരുന്നത്. കിട്ടാക്കടവും നിഷ്ക്രിയ ആസ്തിയും നിയന്ത്രിച്ചില്ലെങ്കിൽ പല പൊതുമേഖല ബാങ്കുകളുടെയും നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടും എന്ന സൂചന കേന്ദ്ര ധനമന്ത്രാലയം നൽകിക്കഴിഞ്ഞു. ബാങ്കുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ അധികാര കേന്ദ്രവും നിലവിൽവരും. നിക്ഷേപ^വായ്പ^തിരിച്ചടവ് അനുപാതങ്ങളിൽ സ്ഥിരത പുലർത്തുകയെന്നതാകണം പൊതുമേഖല ബാങ്കുകളുെട മുഖ്യപരിഗണനയെന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ബാങ്കുകളെ നിരീക്ഷിക്കുന്നതിനായി റിസർവ് ബാങ്ക് ആവിഷ്കരിച്ച പ്രോംപ്റ്റ് കറക്ടിവ് ആക്ഷൻ പദ്ധതിയുടെ ഇടപെടൽ പുതിയ വർഷത്തിൽ ശക്തമാകുമെന്നാണ് സൂചന. 2017ൽ അഞ്ച് സ്റ്റേറ്റ് ബാങ്കുകളെയും മഹിളാ ബാങ്കിനെയും എസ്.ബി.െഎയിൽ ലയിപ്പിച്ചിരുന്നു. സമാന മാതൃകയിൽ ഏതാനും പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്.
ആശങ്കയൊഴിയാതെ െഎ.ടി
ട്രംപ് ഭരണത്തിൻ കീഴിൽ അമേരിക്കയിൽ മാറിവരുന്ന നയങ്ങൾ െഎ.ടി രംഗത്ത് ഏൽപിച്ച സമ്മർദ്ദം തുടരുകയാണ്. പുതിയ വർഷത്തിലും വലിയ മാറ്റങ്ങൾ ഇൗ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നില്ല. ആറുമാസത്തിനിടെ െഎ.ടി രംഗത്തെ കമ്പനികൾ ഒരു ലക്ഷേത്താളം പേരെ പിരിച്ചുവിട്ടതായാണ് ‘ഫോറം ഒാഫ് െഎ.ടി പ്രഫഷനൽസ് വിശദീകരിക്കുന്നത്. െഎ.ടി രംഗെത്ത തൊഴിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറം ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചിരിക്കുകയാണ്.
പ്രതീക്ഷയിൽ റിയൽ എസ്റ്റേറ്റ്
2018 ഉയിർത്തെഴുന്നേൽപിെൻറ വർഷമായിരിക്കുമെന്ന പ്രതീക്ഷയിലാണ് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ. മിക്ക ബാങ്കുകളും ഭവന വായ്പ പലിശ കുറച്ചതാണ് പ്രതീക്ഷ ഉണർത്തുന്നത്. 8.35 ശതമാനമാണ് ശരാശരി പലിശനിരക്ക്. ഇതോടെ, സാധാരണക്കാർ വീട് വാങ്ങുന്നതിന് മുന്നോട്ടുവരും എന്നാണ് പ്രതീക്ഷ. ഇത് മുന്നിൽകണ്ട് ഇടത്തരക്കാർക്ക് താങ്ങാവുന്ന 25-50 ലക്ഷം രൂപ ബജറ്റിലുള്ള പാർപ്പിട പദ്ധതികളാണ് മിക്ക ബിൽഡർമാരും തയാറാക്കുന്നത്. 2017 തിരിച്ചടികളുടെ വർഷമായിരുന്നുവെങ്കിലും വിലയിൽ കാര്യമായ കുറവ് ഉണ്ടായിരുന്നില്ല.
ഞാണിന്മേൽ കളിയായി ബജറ്റ്
പുതിയ സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രിക്ക് ശരിക്കുമൊരു ഞാണിന്മേൽ കളിയായി മാറും. ബജറ്റ് അവതരണത്തിൽ ധനമന്ത്രിമാർ മുഖ്യമായി വരുമാനം പ്രതീക്ഷിക്കുന്നതും ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതും പരോക്ഷ നികുതി മാറ്റങ്ങളാണ്. എക്സൈസ്^വിൽപന^ സേവന നികുതികളിൽ വരുത്തുന്ന ഏറ്റക്കുറച്ചിലുകളെപ്പറ്റിയുള്ള അവലോകനവും വിപണിയിലും വിലയിലുമാക്കെ അത് സൃഷ്ടിക്കുന്ന ചലനങ്ങളുമൊക്കെ വിലയിരുത്തുന്നതായിരുന്നു ഇതുവരെയുള്ള ബജറ്റുകളിലെ മുഖ്യപങ്ക്. എന്നാൽ, ചരക്കു സേവന നികുതി നിലവിൽ വന്നതോടെ പരോക്ഷ നികുതി എടുത്ത് അമ്മാനമാടിയുള്ള ധനമന്ത്രിമാരുടെ കളി നിലച്ചു.
നികുതി വരുമാനത്തിൽ ഏറ്റക്കുറച്ചിൽവരുത്തുന്നതിനുള്ള മന്ത്രിമാരുടെ അധികാരം ഏറക്കുറെ ഇല്ലാതാവുകയും ചെയ്തു. ചരക്കു സേവന നികുതി നിരക്കിൽ മാറ്റം വരുത്തണമെങ്കിൽ കേന്ദ്ര ധനമന്ത്രിക്ക് ജി.എസ്.ടി കൗൺസിലിെൻറ അനുമതി വേണം. ആദായ നികുതിയടക്കം പ്രത്യക്ഷ നികുതികളിൽ ഒരു പരിധിക്കപ്പുറം കൈവെക്കാനുമാവില്ല. മാത്രമല്ല, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ കേന്ദ്ര ബജറ്റാണ് വരാനിരിക്കുന്നതും. ജനപ്രിയ പദ്ധതികൾ നടപ്പാക്കണമെങ്കിൽ വരുമാനം വർധിപ്പിക്കണം. നികുതികൂട്ടാതെ വരുമാനം വർധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന ചെപ്പടിവിദ്യ എന്ത് എന്നതാവും ബജറ്റിലെ കൗതുകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
