കേന്ദ്ര ജീവനക്കാരുടെ വരവും കാത്ത്

  • ഈ സാമ്പത്തിക വര്‍ഷം അധികമായി ജീവനക്കാരുടെ കൈയിലത്തെുന്നത് 1,02,100 കോടി രൂപ •പുതിയ പദ്ധതികളുമായി വിപണി 

വിപണിയിലേക്ക് കേന്ദ്ര ജീവനക്കാരുടെ വരവും കാത്തിരിക്കുകയാണ് റിയല്‍ എസ്റ്റേറ്റുകാരും ഗൃഹോപകരണ- വാഹന നിര്‍മാതാക്കളും ഇന്‍ഷുറന്‍സ് കമ്പനികളുമെല്ലാം. കാര്യങ്ങള്‍ അത്ര ശുഭകരമല്ലാതെ മാന്ദ്യത്തിലായ ഈ മേഖലകളുടെ പ്രതീക്ഷ ഇപ്പോള്‍ കേന്ദ്ര ശമ്പള പരിഷ്കരണത്തിലാണ്. 
പല ബില്‍ഡര്‍മാരുടെയും നിരവധി ഫ്ളാറ്റുകള്‍ ഒഴിഞ്ഞു കിടപ്പാണ്. എറണാകുളം നഗരത്തില്‍ മാത്രം നൂറുകണക്കിന് ഫ്ളാറ്റുകള്‍ വിറ്റുപോകാതെ കിടപ്പുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രോണിക്സ് ഉള്‍പ്പെടെ ഉപഭോക്തൃ വിപണന രംഗത്താകട്ടെ, ഓഫ് സീസണ്‍ മാന്ദ്യവുമാണ്. കാലവര്‍ഷത്തിന്‍െറ സഞ്ചാരംപോലെയാണ് ഗൃഹോപകരണ രംഗത്തെ സീസണിന്‍െറ സഞ്ചാരവും. ആദ്യം തുടങ്ങുക കേരളത്തിലാണ്. പിന്നെ വടക്കോട്ട് സഞ്ചരിച്ച് ഉത്തരേന്ത്യയിലത്തെും. കേരളത്തില്‍ ഓണത്തോടെ സാമ്പത്തിക വര്‍ഷത്തെ സീസണ്‍ തുടങ്ങും. പിന്നെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ദീപാവലിയും മറ്റുമായി ഉത്തരേന്ത്യയിലും സീസണാകും. കേരളത്തിലെ ഓണം കാത്തിരിക്കുന്നതിനിടയിലാണ് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഗൃഹോപകരണ വിപണിക്കുമൊക്കെ വീണുകിട്ടിയ വിരുന്നായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭാ തീരുമാനം വന്നത്. 
ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് അംഗീകാരം കാത്തിരിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രപെട്ടെന്ന് നടപടി പ്രതീക്ഷിച്ചിരുന്നില്ളെന്നാണ് സാമ്പത്തിക മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. ആറാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം മൂന്നു വര്‍ഷത്തിനടുത്താണ് തീരുമാനമാകാതെ കാത്തുകിടന്നത്. നിരവധി പ്രക്ഷോഭങ്ങളും മറ്റും നടന്നശേഷം 32 മാസത്തിനുശേഷമായിരുന്നു അംഗീകാരം. 
ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് കഴിഞ്ഞ നവംബറില്‍. കൃത്യം ഏഴുമാസത്തിനകം റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 
ഇതോടെ ഈ സാമ്പത്തിക വര്‍ഷം വര്‍ധിപ്പിച്ച ശമ്പളവും കുടിശ്ശികയുമായി 1,02,100 കോടി രൂപയാണ് കേന്ദ്ര ഖജനാവില്‍ നിന്ന് അധികമായി ജീവനക്കാരുടെ കൈയിലത്തൊന്‍ പോകുന്നത്. തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 72,800 കോടി രൂപ വീതവും ഇത്തരത്തില്‍ അധികം ചെലവഴിക്കപ്പെടും. 47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 53 ലക്ഷം പെന്‍ഷന്‍കാരുടെയും കൈകളിലേക്കാണ് ഈ പണം എത്തുന്നത്. ഇവരുടെ വരുമാനത്തില്‍ ശരാശരി 23 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 
ഈ വരുമാന വര്‍ധനയില്‍ പ്രതീക്ഷയര്‍പ്പിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവരും ഗൃഹോപകരണ വിപണിക്കാരും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണിപ്പോള്‍. കേന്ദ്ര ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കായി വിവിധ മാസത്തവണകളോടെ ഫ്ളാറ്റ് പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കൊച്ചിയിലെ ഫ്ളാറ്റ് നിര്‍മാണ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി വരുന്ന വരുമാനം മറ്റെന്തിലേക്കെങ്കിലും വകമാറ്റി ചെലവായിപ്പോകുന്നതിനുമുമ്പ് ഹൗസിങ് ലോണ്‍ ഇ.എം.ഐ ആയി മാറിയാല്‍ അത് ഭാവിയിലേക്കുള്ള നീക്കിയിരിപ്പായിരിക്കുമെന്നാണ് ഇവരുടെ വാഗ്ദാനം. വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും വര്‍ഷന്തോറും വില വര്‍ധിക്കുന്നതിന്‍െറ കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി, ഇപ്പോള്‍ നല്‍കുന്ന പലിശ നഷ്ടമല്ളെന്നും ഇവര്‍ വിശദീകരിക്കുന്നു. 
ഓണത്തിന് രണ്ടരമാസം സമയമുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ചില സ്കീമുകളും മറ്റും ആലോചനയിലുണ്ടെന്ന് ഗൃഹോപകരണ ഡീലര്‍മാരും വിശദീകരിക്കുന്നു. ഓഹരി വിപണി രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രോക്കറേജ് സ്ഥാപനങ്ങള്‍, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയും വിപണിയിലേക്ക് അധികമായി വരുന്ന ഈ തുകയില്‍ തങ്ങളുടെ ഓഹരി സ്വന്തമാക്കാന്‍ പദ്ധതികളുമായി രംഗത്തുണ്ട്. ഈ മാസം അവസാനത്തോടെ ഓരോ കേന്ദ്ര ജീവനക്കാരനും എത്ര രൂപയുടെ വര്‍ധനയുണ്ടാകുമെന്നത് സംബന്ധിച്ച് കൃത്യമായ ചിത്രം ലഭിക്കും. 
ഇതിന് മുമ്പായിത്തന്നെ പദ്ധതികള്‍ ആവിഷ്കരിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വലയിലാക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 
COMMENTS