Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമാന്ദ്യകാലത്തെ നിക്ഷേപ ...

മാന്ദ്യകാലത്തെ നിക്ഷേപ പ്രതീക്ഷ

text_fields
bookmark_border
മാന്ദ്യകാലത്തെ നിക്ഷേപ പ്രതീക്ഷ
cancel

കേരളവും അറബ് ലോകവും തമ്മില്‍ പണ്ടുമുതലേ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് നൂറ്റാണ്ടുകള്‍ക്കുമുമ്പേ അറബികള്‍ പത്തേമാരിയില്‍ മലബാര്‍ തീരത്ത് വന്നണയുകയും സാമൂതിരി ഉള്‍പ്പെടെ നാട്ടുരാജാക്കന്മാരുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നത് ചരിത്രം. ആധുനികകാലത്തും വ്യാപാരത്തിന് കുറവൊന്നുമില്ല. പക്ഷേ, ഇരു മേഖലയിലും ഇപ്പോള്‍ മാന്ദ്യത്തിന്‍െറ ലക്ഷണങ്ങളാണ്. എണ്ണവിലയിടിവ് അറബ് ലോകത്തെ ബുദ്ധിമുട്ടിക്കുന്നു. അതിന്‍െറ പ്രതിഫലനം കേരളത്തിലുമുണ്ട്. കഴിഞ്ഞ ബജറ്റില്‍ കേരളം 5000 കോടി രൂപയാണ് മാന്ദ്യവിരുദ്ധ പാക്കേജായി മാറ്റിവെച്ചിരിക്കുന്നത്. അറബ് രാജ്യങ്ങളിലെ പ്രതിസന്ധി നിരവധി മലയാളികളെയും തൊഴില്‍ നഷ്ട ഭീതിയിലാക്കിയിട്ടുണ്ട്. 

ഈ കാലത്തും പക്ഷേ, കേരളത്തിലേക്ക് ഗള്‍ഫില്‍നിന്നുള്ള നിക്ഷേപ വരവിന് കുറവൊന്നും സംഭവിച്ചിട്ടില്ളെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ‘കേരളാ-ഖത്തര്‍ നിക്ഷേപ സംഗമ’ത്തിലും അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. 
രാജ്യാന്തര വാണിജ്യ ഇടനാഴിയില്‍ തന്ത്രപരമായ സ്ഥാനമാണ് കേരളത്തിനുള്ളതെന്നാണ് വിലയിരുത്തല്‍. വിനോദസഞ്ചാരം, വിവരസാങ്കേതിക വിദ്യ, ഐ.ടി അനുബന്ധ വ്യവസായം, തുടങ്ങിയ രംഗങ്ങളില്‍ നിക്ഷേപത്തിന് അനുയോജ്യമായ സംസ്ഥാനമായി മാറിയിരിക്കുകയാണ്. കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി 2020ല്‍ പൂര്‍ണസജ്ജമാകുന്നതോടെ ഐ.ടി, ഐ.ടി അനുബന്ധ മേഖലകളില്‍ കേരളം കാര്യമായ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കുമരകം, വയനാട്, കോവളം, മുസിരീസ് ഹെറിറ്റേജ് സര്‍ക്യൂട്ട് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി സൗഹൃദ ഗ്രാമീണ ടൂറിസം പാക്കേജുകള്‍ നടപ്പാക്കുന്നതിലൂടെ ടൂറിസം രംഗത്തും  വന്‍ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ നിര്‍മാണം, ഗവേഷണം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഇലക്ട്രോണിക് ഹബ് പദ്ധതിയും അറബ് മേഖലയില്‍നിന്നുള്ള നിക്ഷേപം പ്രതീക്ഷിച്ചാണ്. 

ഗള്‍ഫ് സഹകരണമേഖലയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 2015-16 സാമ്പത്തിക വര്‍ഷം 100 ബില്യണ്‍ ഡോളറായിരുന്നു (66,000 കോടി രൂപ). എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.2 ശതമാനത്തിന്‍െറ കുറവുണ്ടായി. എന്നാല്‍, കേരളത്തിലേക്കുള്ള നിക്ഷേപവരവില്‍ കുറവൊന്നും സംഭവിച്ചിട്ടുമില്ല. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്‍െറ 38.7 ശതമാനം യു.എ.ഇയില്‍നിന്നും 28.2 ശതമാനം സൗദിയില്‍നിന്നുമാണ്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് യു.എ.ഇയും ഇന്ത്യയും ചേര്‍ന്ന് 7500 കോടി ഡോളറിന്‍െറ ഫണ്ട് രൂപവത്കരിക്കാനുള്ള പദ്ധതി സംബന്ധിച്ചും ധാരണയായിട്ടുണ്ട്. ഇതില്‍നിന്ന് കേരളത്തിനുള്ള സാധ്യതകള്‍ ആരായണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. ആഗോള സാമ്പത്തിക രംഗം പ്രതിസന്ധയിലൂടെയാണ് കടന്നുപോകുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോയതിനെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധിയുടെ ആഴം ഇനിയും വിലയിരുത്തിക്കഴിഞ്ഞിട്ടില്ല.

ഏതായാലും. പുതിയ സാഹചര്യത്തില്‍ ആഗോള വളര്‍ച്ചനിരക്ക് 3.1 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫിന്‍െറ ജൂലൈയിലെ അവലോകനത്തിലുള്ളത്. വികസിതരാജ്യങ്ങളുടെ ശരാശരി വളര്‍ച്ചനിരക്ക് 1.8 ശതമാനമായും വികസ്വരരാജ്യങ്ങളുടേത് 4.1 ശതമാനമായും മാറുമെന്നാണ് കരുതുന്നത്.  പ്രധാന വിപണികളില്‍ മാന്ദ്യം, വിവിധ മേഖലകളുടെ സാമ്പത്തിക നയനിലപാടുകളില്‍ വന്‍ മാറ്റങ്ങള്‍, വികസിത സമ്പദ്ഘടനകളില്‍ സ്തംഭനം തുടങ്ങി വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ഇത് വിദേശ നിക്ഷേപങ്ങളെയും ബാധിക്കും. 2016-17ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.4 ശതമാനം വളരുമെന്നാണ് പ്രതീക്ഷ. എണ്ണവില കുറഞ്ഞത് അക്കൗണ്ട് കമ്മിയിലും സാമ്പത്തിക കമ്മിയിലും ഖജനാവിനു മേലുള്ള സമ്മര്‍ദം കുറച്ചിട്ടുണ്ട്. ഉപഭോക്തൃവിലകള്‍ ജൂലൈയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.4 ശതമാനമായി ഉയര്‍ന്നു. 2017 ഏപ്രില്‍ ഒന്നുമുതല്‍ പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചരക്ക്, സേവന നികുതി ഏത് തരത്തിലാണ് പ്രതിഫലിക്കുക എന്നും വാണിജ്യലോകം കാത്തിരിപ്പുണ്ട്.  

ചെറുകിട, ഇടത്തരം മേഖലയില്‍ പ്രതീക്ഷ
ഇന്ത്യയിലായാലും വിദേശത്തായാലും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്.എം.ഇ) സാധ്യതകള്‍ വര്‍ധിച്ചുവരുകയാണെന്നാണ് നിക്ഷേപ സംഗമത്തിന്‍െറ വിലയിരുത്തല്‍. യു.എ.ഇയുടെ മൊത്തം വളര്‍ച്ചയില്‍ എസ്.എം.ഇകള്‍ വഹിക്കുന്ന പങ്ക്  60 ശതമാനത്തിലേറെയാണ്. സ്വകാര്യമേഖലയില്‍ 86 ശതമാനം തൊഴിലും എസ്.എം.ഇ മേഖലയാണ് ലഭ്യമാക്കുന്നത്. പെട്രോളിയം അധിഷ്ഠിത വ്യവസായങ്ങളില്‍നിന്നുള്ള ഖത്തറിന്‍െറ വൈവിധ്യവത്കരണത്തിലും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. കേരളത്തിലാകട്ടെ, സംസ്ഥാനത്തിന്‍െറ വികസനത്തിന് വിവിധ എസ്.എം.ഇ ക്ളസ്റ്ററുകളെ നിര്‍ണയിച്ചിട്ടുമുണ്ട്. ഭക്ഷ്യ സംസ്കരണം, കൈത്തറി, ടെകസ്റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്‍റ്സ്, റബര്‍, തടി വ്യവസായങ്ങള്‍, ആയുര്‍വേദം, ഹെര്‍ബല്‍ ആന്‍ഡ് കോസ്മെറ്റിക്സ് എന്നീ മേഖലകളില്‍നിന്നുള്ളവയാണ് ഇവ. -

ഖത്തര്‍ സമ്പദ്ഘടന ഈവര്‍ഷം 3.9 ശതമാനം വളര്‍ച്ചയാണ്് പ്രതീക്ഷിക്കുന്നത്. 9.9 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്ന നിര്‍മാണമേഖലയാണ് രാജ്യത്തിന്‍െറ മൊത്തം വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന നല്‍കുക. 2015-16ല്‍ ജി.സി.സി-ഇന്ത്യ ഉഭയകക്ഷി വ്യാപാരത്തിന്‍െറ പത്ത് ശതമാനവും ഖത്തറിന്‍െറ സംഭാവനയാണ്; ഏകദേശം പത്ത് ബില്യണ്‍ ഡോളര്‍. ഖത്തറിലെ എല്‍.എന്‍.ജി, എണ്ണ, പെട്രോകെമിക്കല്‍ മേഖലകള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിയുണ്ട്. 2016 മുതല്‍ ഇന്ത്യക്ക് പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ എല്‍.എന്‍.ജി കൂടുതല്‍ നല്‍കുന്നതിന് 2015 ഡിസംബറില്‍ റാസ് ഗ്യാസ് കമ്പനിയും പെട്രോനെറ്റ് എല്‍.എന്‍.ജിയും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. പെട്രോനെറ്റിന്‍െറ കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലിലേക്ക് റാസ് ഗ്യാസ് എല്‍.എന്‍.ജി എത്തിച്ചിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, ലുലു ഗ്രൂപ് എം.ഡി എം.എ. യൂസഫലി, ഖത്തര്‍ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍. സീതാരാമന്‍, ഖത്തറിലെയും കേരളത്തിലെയും  വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ച നിഷേപക സംഗമം കേരളത്തിനുള്ള കൂടുതല്‍ സാധ്യതകളും ചര്‍ച്ച ചെയ്തു. 
 

Show Full Article
TAGS:fdi 
Next Story