ബാങ്കുകള്‍ക്ക് ശാഖകള്‍ യഥേഷ്ടം പൂട്ടാം, ലയിപ്പിക്കാം
text_fieldsതൃശൂര്‍: ബാങ്കുകള്‍ക്ക് ശാഖകള്‍ പൂട്ടാനും തമ്മില്‍ ലയിപ്പിക്കാനും പുതിയ സ്ഥലത്തേക്ക് മാറ്റാനും സര്‍വ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ബാങ്കിങ് നിയന്ത്രണ നിയമ വ്യവസ്ഥയില്‍ റിസര്‍വ് ബാങ്ക് ഇളവ് പ്രഖ്യാപിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് പോലുള്ള മേഖലാ ഗ്രാമീണ ബാങ്കുകള്‍ ഒഴികെ എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ബാധകമാകുന്ന വിധത്തില്‍ നിയന്ത്രണ നിയമത്തിലെ 23ാം സെക്ഷനില്‍ ഇളവ് അനുവദിച്ച സര്‍ക്കുലര്‍ വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. ഇതോടെ മഹാനഗരങ്ങളിലും നഗരങ്ങളിലും അര്‍ധ നഗരങ്ങളിലുമുള്ള ശാഖകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും ഗ്രാമീണ ശാഖകള്‍ ബ്ളോക്കിന് പുറത്തേക്ക് മാറ്റാനും ഇനി റിസര്‍വ് ബാങ്ക് അനുമതി വേണ്ട. എ.ടി.എമ്മും മൊബൈല്‍ ബാങ്കിങ്ങും ബിസിനസ് കറസ്പോണ്ടന്‍റുമാരുടെ സേവനവും ചൂണ്ടിക്കാട്ടി വ്യാപകമായി ബാങ്ക് ശാഖകള്‍ പൂട്ടാന്‍ അനുമതി നല്‍കുന്നതാണ് നടപടിയെന്ന് ബാങ്കിങ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമങ്ങളിലും അര്‍ധ നഗരങ്ങളിലുമുള്ള ശാഖകള്‍ പൂട്ടുകയോ ലയിപ്പിക്കുകയോ പുതിയ സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യുമ്പോള്‍ ഇനി ജില്ലാതല ഉപദേശക സമിതിയുടെയോ ജില്ലാതല ബാങ്കിങ് അവലോകന സമിതിയുടെയോ മാത്രം അനുമതി മതി. സാറ്റ്ലൈറ്റ് ഓഫിസ് വഴിയോ മൊബൈല്‍ വാന്‍ ബാങ്ക് വഴിയോ ബിസിനസ് കറസ്പോണ്ടന്‍റുമാര്‍ മുഖേനയോ ആ പ്രദേശത്തെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്ന് ഉറപ്പാക്കിയാല്‍ മതി. ശാഖ നിര്‍ത്തുകയോ പൂട്ടുകയോ മാറ്റുകയോ ചെയ്യുമ്പോള്‍ ഇടപാടുകാരെ അറിയിക്കണം. സര്‍ക്കാറിന്‍െറ വിവിധ സബ്സിഡി പദ്ധതികളിലുള്ള ആനുകൂല്യ വിതരണം ഉള്‍പ്പെടെ സേവനങ്ങള്‍ തടസ്സപ്പെടാതെ നോക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ശാഖകള്‍ മാറ്റുമ്പോള്‍ ജനസംഖ്യാപരമായി സമാന സ്വഭാവമുള്ളതോ അതിനെക്കാള്‍ കുറഞ്ഞ ജനസംഖ്യ ഉള്ളതോ ആയ പ്രദേശത്തേക്കാണ് മാറ്റേണ്ടത്. നിക്ഷേപം, വായ്പ അനുവദിക്കല്‍ എന്നീ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ശാഖകളില്‍ സ്ഥലപരിമിതിയോ വാടകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഏതെങ്കിലും സേവനങ്ങള്‍ ഒരു ശാഖയില്‍ നിന്ന് പൂര്‍ണമായി മറ്റൊന്നിലേക്ക് മാറ്റാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല.
നിലവില്‍ ഓരോ ജില്ലയിലെയും ലീഡ് ബാങ്കിന് അതിന്‍െറ ശാഖക്കകത്ത് എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ തുറക്കാന്‍ അനുമതിയുണ്ട്. മറ്റ് ബാങ്കുകള്‍ക്ക് ലീഡ് ബാങ്കിന്‍െറ അനുമതിയോടെ മാത്രമേ അത് ചെയ്യാവൂ. എന്നാല്‍, ഇനി ഏത് ബാങ്കിനും സ്വന്തം തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ ആരംഭിക്കാം. ശാഖ നിര്‍ത്തലാക്കല്‍, ലയിപ്പിക്കല്‍, സ്ഥലം മാറ്റല്‍, മൊബൈല്‍ ശാഖയും മൊബൈല്‍ എ.ടി.എമ്മും കോള്‍ സെന്‍ററും ആരംഭിക്കല്‍, ഏതെങ്കിലും സേവനം മറ്റൊരു ശാഖയിലേക്ക് മാറ്റല്‍ എന്നിവ ഇനി റിസര്‍വ് ബാങ്കിന്‍െറ മേഖലാ ഓഫിസിനെയോ റിസര്‍വ് ബാങ്ക് ആസ്ഥാനത്തെ ബാങ്കിങ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തേയോ അറിയിക്കേണ്ടതില്ളെന്നും ആര്‍.ബി.ഐ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
