പി.സി മോദി സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ടാക്സസ് ചെയര്‍മാന്‍ പദവി നേടിയത് പ്രതിപക്ഷ നേതാവിനെ വേട്ടയാടിയിട്ടെന്ന്

14:10 PM
05/10/2019
pc-mody

മുംബൈ: പ്രമുഖരായ പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ രാജ്യത്തെ സാമ്പത്തിക അന്വേക്ഷണ ഏജന്‍സികള്‍ അന്വേഷണവും അറസ്റ്റുമായി മുമ്പെങ്ങും ഇല്ലാത്ത വിധം നിറഞ്ഞു നില്‍ക്കുമ്പോള്‍ സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ടാക്സസ് ചെയര്‍മാന്‍ പ്രമോദ് ചന്ദ്ര മോദിക്ക് (പി.സി മോദി) എതിരെ ഗുരുതര ആരോപണവുമായി മുന്‍ മുംബൈ ചീഫ് ഇന്‍കംടാക്സ് കമിഷണര്‍ അല്‍കാ ത്യാഗി. ഒരു പ്രതിപക്ഷ നേതാവിന് എതിരെ വിജയകരമായി നടപടി എടുത്തതിന്‍റെ പേരിലാണ് ചെയർമാൻ പദവി ലഭിച്ചതെന്ന് പി.സി മോദി വെളിപ്പെടുത്തിയതായാണ് അല്‍കാ ത്യാഗി അവകാശപ്പെട്ടത്. 

പി.സി മോദിക്ക് എതിരെ ജൂണ്‍ 21 ന് പ്രധാനമന്ത്രി കാര്യാലയത്തിനും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും കേന്ദ്ര വിജിലന്‍സ് കമിഷനും അയച്ച കത്തിലാണ് ആരോപണം. ‘ഇന്ത്യൻ എക്​സ്​പ്രസ്​’ പത്രമാണ്​ വിവരങ്ങൾ പുറത്തുവിട്ടത്​.
‘പ്രമാദമാകേണ്ട ഒരു കേസ്’ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട പി.സി മോദി ഒരു പ്രതിപക്ഷ നേതാവിന് എതിരെ നടപടി എടുത്തതിനാലാണ് ചെയര്‍മാന്‍ പദവി ലഭിച്ചതെന്ന് അവകാശപ്പെടുകയായിരുന്നുവത്രെ. 

കഴിഞ്ഞ മെയ്, ഏപ്രില്‍ മാസങ്ങളിലാണ് പി.സി മോദിയുടെ ഇടപെടല്‍. കേസ് ഉപേക്ഷിക്കാനും കേസില്‍ താന്‍ ഇടപെട്ടതായി രേഖകള്‍ ഉണ്ടാകരുതെന്നും പ്രമോദ് ചന്ദ്ര മോദി ആവശ്യപ്പെട്ടതായി അല്‍ക ത്യാഗി ആരോപിച്ചു. അല്‍ക ധനമന്ത്രിക്ക് പരാതി നല്‍കി രണ്ട് മാസത്തിന് ശേഷമാണ് സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ടാക്സസ് ചെയര്‍മാന്‍ പദവില്‍ പി.സി മോദിയുടെ കാലവധി ഒരു വര്‍ഷത്തേക്ക് കേന്ദ്രം നീട്ടിയത്.
1984 ബാച്ചിലെ ഐ.ആര്‍.എസ് ഉദ്യോഗസ്ഥയായ അല്‍ക ത്യാഗിയെ ഇപ്പോൾ നാഗ്പുരിലെ നാഷണല്‍ അകാദമി ഓഫ് ഡയറക്ട് ടാക്സസില്‍ ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലായി (ട്രെയിനിങ്) നിയമിച്ചിരിക്കുകയാണ്. 

ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ കമിഷണർ ആകാനിരിക്കെയാണ് ഈ മാറ്റം. മാത്രമല്ല; പ്രമോദ് ചന്ദ്ര മോദി തന്നെ മുമ്പ് ക്ലീൻചിട്ട്​ നല്‍കിയ അൽകക്ക്​ എതിരെയുള്ള കേസ് വീണ്ടും അദ്ദേഹം പൊടിതട്ടിയെടുത്ത് അവരെ ബ്ളാക്ക് മെയില്‍ ചെയ്യുന്നതായും ആരോപിക്കപ്പെടുന്നു.


ഐ.സി.ഐ.സി.ഐ ബാങ്ക്–വീഡിയോകോണ്‍ വായ്പ തട്ടിപ്പ് കേസ്, മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരായ കള്ളപ്പണ കേസ്, ജെറ്റ് എയര്‍വേയ്സ് കേസ് തുടങ്ങിയവയാണ് മുംബൈയില്‍ ഇന്‍കം ടാക്സ് കമിഷണറായിരിക്കെ അല്‍ക ത്യാഗി നേതൃത്വം നല്‍കിയ പ്രധാന കേസുകൾ.

Loading...
COMMENTS