വ്യാപാര പൈതൃകം വീണ്ടെടുക്കും
text_fieldsപി. സുലൈമാൻ ചെയർമാൻ, ഹൈലൈറ്റ് ഗ്രൂപ്പ്
പി. സുലൈമാൻ ചെയർമാൻ, ഹൈലൈറ്റ് ഗ്രൂപ്പ്
1.25 കോടി ജനങ്ങളുള്ള മലബാറിന്റെ കേന്ദ്രമാണ് കോഴിക്കോട്. ഇതിൽ അതിസമ്പന്നരും സമ്പന്നരും സാധാരണക്കാരുമെല്ലാം ഉൾപ്പെടും. ഇവരെയെല്ലാം ഉൾപ്പെടുത്തി നമ്മുടെ ഇക്കോണമിയെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. എല്ലാവരെയും സമ്പന്നരാക്കുക എന്നതല്ല വളർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് എല്ലാവർക്കും അവസരങ്ങൾ ഒരുപോലെ ലഭിക്കുക, നൽകുക എന്നതാണ് പ്രധാനം.
ലോകത്തിലെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്റർ ആയിരിക്കും കോഴിക്കോട് ഉയരുക. വെറുമൊരു ടവർ മാത്രം നിർമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വേൾഡ് ട്രേഡ് സെന്റർ നിലവിൽവന്നശേഷം വികസിച്ച ദുബൈയെപ്പോലെ ബിസിനസ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ഗവേഷണം, സംസ്കാരം എന്നിവ മുൻനിർത്തി ഒരു നൂതന പദ്ധതിയാണ് ആവിഷ്കരിക്കുക. ഇന്ത്യയിലൊരിടത്തും ഇത്തരത്തിൽ ഒരു ബൃഹദ് പദ്ധതിയില്ല. അറേബ്യ, യൂറോപ്പ് തുടങ്ങി ഏഷ്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള വ്യാപാരികളെ ആകർഷിച്ച നഗരമാണ് കോഴിക്കോട്. ആഗോളതലത്തിൽ അത് കോഴിക്കോടിന് ഒരു അംഗീകാരവും പ്രശസ്തിയും നൽകി. മറ്റു നഗരങ്ങളും വികസിക്കാൻ തുടങ്ങിയതോടെ പിൽക്കാലത്ത് കോഴിക്കോടിന്റെ പ്രൗഢിക്ക് ഇടിവ് സംഭവിച്ചു.
കോഴിക്കോടിന്റെ പൈതൃകം വീണ്ടെടുക്കാനും ഈ നഗരത്തിന് നയിക്കാനുള്ള കഴിവുണ്ടെന്നും ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള ഹൈലൈറ്റിന്റെ ചുവടുവെപ്പ് കൂടിയാണ് വേൾഡ് ട്രേഡ് സെന്റർ. ഐ.ടി, ഫിനാൻസ് തുടങ്ങി ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽവരെ യുവ പ്രഫഷനലുകൾക്കുള്ള ഒരു ലോഞ്ച്പാഡ് കൂടിയാകും ഡബ്ല്യു.ടി.സി ഒരുക്കുക. ഹൈലൈറ്റിന്റെ വളർച്ച കൂടിയാണ് വേൾഡ് ട്രേഡ് സെന്റർ. എന്നാൽ അത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം.
ഇക്കോണമി, അടിസ്ഥാന സൗകര്യ വികസനം, ജീവിതനിലവാരം എന്നീ സൂചികകളിൽ ഇന്ത്യയുടെ ഭൂപടത്തിൽ തലയെടുപ്പോടെ കോഴിക്കോട് ഉണ്ടാകണമെന്നാണ് ആഗ്രഹം. അത് വ്യക്തിപരമായ ദൗത്യം കൂടിയാണ്. കോഴിക്കോടാണ് ഹൈലൈറ്റിന്റെ തുടക്കം. കോഴിക്കോടിന്റെ വളർച്ചയും കിതപ്പുമെല്ലാം കണ്ടു. ഹൈലൈറ്റിന്റെ വളർച്ചക്കൊപ്പംനിന്ന കോഴിക്കോടിന് എന്തെങ്കിലും തിരിച്ചുനൽകുക എന്നതാണ് വേൾഡ് ട്രേഡ് സെന്റർ പ്രൊജക്ടിന്റെ ലക്ഷ്യം. ഒരു ബിസിനസ് സോൺ മാത്രമല്ല, ഭാവി കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

