വ്യാപാര വളർച്ചയുടെ വർഷം
text_fieldsദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ ഒരുവർഷം പിന്നിടുമ്പോൾ ഇരുരാജ്യങ്ങൾക്കും പറയാനുള്ളത് നേട്ടത്തിന്‍റെ കണക്ക്. എണ്ണ ഇതര മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് വർഷത്തിനുള്ളിൽ 100 ശതകോടി ഡോളറിന്‍റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം വളരെ നേരത്തെ കൈപ്പിടിയിലൊതുക്കുമെന്ന സൂചനയാണ് ഇപ്പോൾ കാണുന്നത്. 2022 ഫെബ്രുവരി 18നാണ് സെപ കരാർ ഒപ്പുവെച്ചത്. ആദ്യ എട്ട് മാസം പിന്നിട്ടപ്പോൾ തന്നെ 30 ശതമാനം വ്യാപാരം വർധിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ 88ശതകോടി ഡോളറിന്‍റെ വ്യാപാരം കൈവരിക്കാനുള്ള പാതയിലാണ് ഇരുരാജ്യങ്ങളും.
വ്യാപാരത്തിന്‍റെയും നിക്ഷേപത്തിന്‍റെയും കാര്യത്തിൽ ഉഭയകക്ഷി സാമ്പത്തിക ഇടപെടലിന് ‘സെപ’ പുതിയ ഊർജ്ജം പകർന്നു. കാർഷികമേഖലയിലെ വ്യാപാരത്തിനും ഉടമ്പടി പ്രയോജനപ്പെട്ടു. ആദ്യ ഒമ്പത് മാസങ്ങളിൽ ഉഭയകക്ഷി വ്യാപാരം 38.6ശതകോടി ഡോളറായിരുന്നു. 2020ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയാണിത്. മെച്ചപ്പെട്ട വിപണി പ്രവേശനം, കുറഞ്ഞ താരിഫ്, ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾ, വ്യക്തവും സുതാര്യവുമായ നിയമങ്ങൾ തുടങ്ങിയവ ‘സെപ’യുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നതാണ്. 2021ൽ 60 ശതകോടി ഡോളറായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ 100ശതകോടി ഡോളറായി ഉയർത്താൻ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യമേഖലയാണ് സെപ കരാറിന്‍റെ കൂടുതൽ ഗുണം നേടിയ ഒരു മേഖല. സെപ യാഥാർഥ്യമായതോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് ഗണ്യമായി വർധിച്ചു. ഇത് ഭക്ഷ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഊർജം പകർന്നു. സെപ കരാർ ഗുണം ചെയ്യുന്ന രണ്ടാമത്തെ മേഖല ആഭരണ മേഖലയാണ്. ഇന്ത്യയില നിന്ന് യു.എ.ഇയിലേക്കുള്ള സ്വർണം കയറ്റുമതിയിലും കാര്യമായ പുരോഗതിയുണ്ടായി. ഹരിതോർജം, വിർച്വൽ വ്യാപാര ഇടനാഴി, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യു.എ.ഇ പ്രധാന പങ്കാളിയാണ്. മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്കും തന്ത്രപ്രധാനമായ കവാടമാണിത്. പതിറ്റാണ്ടുകളായി യു.എ.ഇയിൽ ബിസിനസ് നടത്തുന്നവർക്കും സെപ കരാറിന്‍റെ ഗുണം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

