
ഒാൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ ജി.എസ്.ടി പരിധിയിൽ; ഉപഭോക്താവിന് കൂടുതൽ പണം നൽകേണ്ടിവരുമോ?
text_fieldsന്യൂഡൽഹി: സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്േഫാമുകളിൽനിന്ന് ചരക്കുസേവന നികുതി ഈടാക്കാമെന്ന നിർദേശവുമായി ജി.എസ്.ടി കൗൺസൽ. ലഖ്നോവിൽ ചേർന്ന ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷനായ ജി.എസ്.ടി കൗൺസൽ യോഗത്തിലാണ് തീരുമാനം.
നിലവിൽ ഈ ആപ്പുകൾ ജി.എസ്.ടിയിൽ ടി.സി.എസായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓൺലൈൻ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പുതിയ നികുതി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ജി.എസ്.ടി കളക്ഷൻ പോയന്‍റിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്ന് ജി.എസ്.ടി കൗൺസൽ യോഗത്തിന് ശേഷം റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു.
ജി.എസ്.ടി കളക്ഷൻ പോയന്‍റിൽ മാറ്റം വരിക മാത്രമാണ് ചെയ്യുന്നതെന്നും വില കൂടില്ലെന്നുമാണ് സർക്കാറിന്‍റെ പ്രതികരണം.
'നിങ്ങൾ ഒരു ഓൺൈലൻ ആപ്പുവഴി ഭക്ഷണം വാങ്ങുകയാണെങ്കിൽ, ഇപ്പോൾ റസ്റ്ററന്‍റുകളാണ് നികുതി അടക്കുന്നത്. എന്നാൽ ചില റസ്റ്ററന്‍റുകളിൽ തുക അടക്കാൻ തയാറാകുന്നില്ല. ഇനിമുതൽ റസ്റ്ററന്‍റിന് പകരം ഉപഭോക്താക്കളിൽനിന്ന് ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്േഫാമുകൾ നികുതി ഇൗടാക്കുകയും സർക്കാറിലേക്ക് അടക്കുകയും ചെയ്യും' -അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നികുതി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഓൺലൈന്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ചില റസ്റ്ററന്‍റുകളിൽ നികുതി വെട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ചില റസ്റ്ററന്റുകൾ രജിസ്റ്റർ ചെയ്തിട്ടുപോലുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022 ജനുവരി ഒന്നുമുതലാണ് പുതിയ നികുതി പ്രാബല്യത്തിൽ വരിക. ഇ കൊമോഴ്സ് കമ്പനികൾക്ക് സോഫ്റ്റ്വെയർ മാറ്റത്തിന് വേണ്ടിയാണ് ഈ സമയം.