യു.എസ് ഇടക്കാല തെരഞ്ഞെടുപ്പുകൾ ഇന്ത്യയുമായുള്ള തീരുവ നയത്തിൽ മാറ്റം വരുത്തുമോ?
text_fieldsയു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം തൽക്കാലം യു.എസിന്‍റെ തീരുവ-വ്യാപാര നിലപാടുകളിൽ അയവു വരുത്താൻ സാധ്യതയില്ലെങ്കിലും വ്യാപാര കരാർ ചർച്ചകളിൽ ഇന്ത്യക്ക് അല്പം ആശ്വാസം നൽകിയേക്കും.
2025 ജനുവരിയിൽ അധികാരമേറ്റ ശേഷം യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടപ്പിലാക്കിയ തീരുവ നയങ്ങൾ പൂർണ്ണമായി പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ദർ കരുതുന്നത്. എങ്കിലും, ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകളിൽ ഇന്ത്യക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കാൻ സാധ്യതയുണ്ട്.
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം തീരുവ ഘടനയിൽ വലിയ മാറ്റം വരുത്താനിടയില്ലെങ്കിലും അത് ട്രംപിന്‍റെ മുൻഗണനകളിൽ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. അതായത്, പുതിയ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള അവസരങ്ങൾ കുറയുകയും, ഉപഭോക്താക്കൾക്ക് സാധനങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാനും 2028ന് മുമ്പ് കരാറുകൾ പൂർത്തിയാക്കാനുമുള്ള സമ്മർദ്ദം വർധിക്കുകയും ചെയ്യും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉടൻ തന്നെ ഒരു കരാറിലെത്തണമെന്ന അടിയന്തിര സമ്മർദ്ദം കുറഞ്ഞിട്ടുണ്ട്. എങ്കിലും ഫാർമ, ഇലക്ട്രോണിക്‌സ് മേഖലകൾക്ക് മേലുള്ള 'സെക്ഷൻ 232' തീരുവകളും റഷ്യ അല്ലെങ്കിൽ ഇറാൻ നയതന്ത്രത്തിൽ സംഭവിക്കുന്ന ഏതൊരു തിരിച്ചടിയും ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് മേൽ വീണ്ടും സമ്മർദ്ദം ചെലുത്താനുള്ള സാധ്യതയുമാണ് പ്രധാന ആശങ്കകൾ.
പുതിയ കോൺഗ്രസിൽ നിന്ന് തീരുവ ഇളവുകളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കെെയർ എഡ്ജ് റേറ്റിങ്സ് ഒരു കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് സാധാരണ MFN തീരുവക്ക് പുറമെ 10% 'സെക്ഷൻ 301' ലെവിയും (നിർബന്ധിത തൊഴിൽ വിരുദ്ധ ലെവി) നൽകേണ്ടിവരുന്നുണ്ട്. സെക്ഷൻ 232, സെക്ഷൻ 338 നടപടികളെപ്പോലെ ഇതും പ്രസിഡന്‍റാണ് തീരുമാനിക്കുന്നത്, ഇതിൽ കോൺഗ്രസിന് പരിമിതമായ പങ്ക് മാത്രമേയുള്ളൂ.
പ്രധാനമായും, 2026 സെപ്റ്റംബർ 18ന് ഒപ്പുവെച്ച 'ലിൻഡ്സെ ഒ. ഗ്രഹാം സാംങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ്', റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങൾക്ക് (ഇന്ത്യ ഉൾപ്പെടെ) 100% വരെ തീരുവ ചുമത്താൻ അനുമതി നൽകുന്നുണ്ട്. അമിത ഉൽപ്പാദന ശേഷിയുടെ പേരിൽ ഇന്ത്യ അടക്കം 15 രാജ്യങ്ങൾക്കെതിരെ യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് നടത്തുന്ന 'സെക്ഷൻ 301' അന്വേഷണം തുടരുകയാണ്, കൂടുതൽ തീരുവ ചുമത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയുടെ വ്യാപാര നിലപാടിൽ മാറ്റം വരുത്താൻ ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കഴിയില്ലെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ്സ്ഥാപകൻ അജയ് ശ്രീവാസ്തവയും നിരീക്ഷിച്ചു. കാരണം ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഇപ്പോൾ സാമ്പത്തിക ദേശീയത, ആഭ്യന്തര ഉൽപ്പാദനം, ശക്തമായ വിതരണ ശൃംഖലകൾ എന്നിവയെയാണ് പിന്തുണയ്ക്കുന്നത്. കോൺഗ്രസിന്‍റെ അനുമതിയില്ലാതെ പ്രവർത്തിക്കാൻ, പ്രസിഡന്‍റ് നിലവിലുള്ള അധികാരങ്ങളെത്തന്നെ ('സെക്ഷൻ 232', 'സെക്ഷൻ 301' പോലുള്ളവ) എക്സിക്യൂട്ടീവ് ഓർഡറുകൾ, ട്രഷറി ഉപരോധങ്ങൾ, യു.എസ്.ടി.ആർ നിയമങ്ങൾ എന്നിവയിലൂടെ ഏകപക്ഷീയമായ വ്യാപാര സമ്മർദ്ദം ചെലുത്താൻ തുടർന്നും ഉപയോഗിക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായി യു.എസ് തുടരുകയാണ്. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള ചരക്ക് കയറ്റുമതി 50.81 ശതകോടി ഡോളറാണ്. തൊട്ടുമുമ്പത്തെ വർഷം ഇതേ കാലയളവിൽ ഇത് 45.73 ശതകോടി ഡോളറായിരുന്നു.

