ഇന്ധനവില; കൊള്ളലാഭം കോടികൾ
text_fieldsകൊച്ചി: ഇന്ധനത്തിനും പാചകവാതകത്തിനും തോന്നുംപോലെ വില വർധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാറും എണ്ണക്കമ്പനികളും കുറഞ്ഞകാലത്തിനിടെ നേടിയത് കോടികൾ. കോവിഡിൽ ജോലിയും കൂലിയും നഷ്ടപ്പെട്ടവരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് നികുതിയിനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിൽപനയിലൂടെ എണ്ണക്കമ്പനികളും കൊള്ളലാഭം കൊയ്തത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിെൻറ നേട്ടം ഒരിക്കൽപോലും ഉപഭോക്താക്കൾക്ക് കൈമാറാതെ എക്സൈസ് നികുതി അടിക്കടി വർധിപ്പിച്ച് ലാഭം കുന്നുകൂട്ടുകയാണ് കേന്ദ്രം ചെയ്തത്. 2014ൽ അസംസ്കൃത എണ്ണവില ബാരലിന് 105 ഡോളറിൽ നിൽക്കുേമ്പാൾ പെട്രോൾ വില 75ൽ താഴെ. ഇപ്പോൾ 63 ഡോളറായി ഇടിഞ്ഞപ്പോൾ വില 90ന് മുകളിൽ.
കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ പെട്രോൾ, ഡീസൽ എക്സൈസ് നികുതിയിലൂടെ കേന്ദ്രത്തിന് 1,96,342 കോടി ലഭിച്ചു. 2019ൽ ഇതേ കാലയളവിൽ ഇത് 1,32,899 കോടിയായിരുന്നു. തൊട്ട് മുൻവർഷത്തെ അപേക്ഷിച്ച് ഈ കാലയളവിൽ പെട്രോൾ വിൽപന മൂന്നുലക്ഷം ടണ്ണും ഡീസൽ വിൽപന പത്തുലക്ഷം ടണ്ണും കുറഞ്ഞിട്ടും കേന്ദ്രത്തിന് മികച്ച നികുതി വരുമാനം നേടാനായി എന്ന് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിെൻറ (സി.ജി.എ) കണക്കുകൾ വ്യക്തമാക്കുന്നു. 2019-20 സാമ്പത്തികവർഷം എക്സൈസ് നികുതിയായി 2,39,599 കോടി ലഭിച്ചു.
2014ൽ മോദി സർക്കാർ അധികാരത്തിൽ വരുേമ്പാൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു എക്സൈസ് നികുതി. ഇപ്പോഴിത് യഥാക്രമം 32.98ഉം ഡീസലിന് 31.83ഉം രൂപയാണ്. സംസ്ഥാന നികുതി കൂടിയാകുേമ്പാൾ ചില്ലറ വിൽപന വിലയുടെ മൂന്നിൽ രണ്ടുഭാഗവും നികുതിയാണ്.
2019 ഡിസംബറുമായി താരതമ്യപ്പെടുത്തുേമ്പാൾ കഴിഞ്ഞ ഡിസംബറിൽ എണ്ണക്കമ്പനികളുടെ ലാഭത്തിൽ ഇരട്ടിയിലധികമാണ് വർധന. പെട്രോളിനും ഡീസലിനും ഉയർന്ന നിരക്കിൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഡീസലിന് കേരളത്തേക്കാൾ വാറ്റ് ചുമത്തുന്നത് ആന്ധ്രയും തെലങ്കാനയും മാത്രം. ഡിസംബറിലും ജനുവരിയിലും മൂന്നുതവണയായി പാചകവാതക സിലിണ്ടറിന് 175 രൂപ വർധിപ്പിച്ചതും ജനത്തിന് ഇരുട്ടടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

