തക്കാളി മൊത്തവില കുത്തെന ഇടിഞ്ഞു; മഹാരാഷ്ട്രയിൽ കിലോ നാലു രൂപ
text_fieldsമുബൈ: തക്കാളി ഉൽപാദന സംസ്ഥാനങ്ങളിലെ മൊത്ത മാർക്കറ്റുകളിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവിൽ കിലോ നാലു രൂപയാണ് തക്കാളി വില. രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉൽപാദക സംസ്ഥാനമാണ് മഹാരാഷ്ട്ര. തക്കാളി ഉൽപാദനത്തിൽ ഒന്നാമതുള്ള മധ്യപ്രദേശിലെ ദേവാസിൽ മൊത്തവില കിലോ എട്ടു രൂപയായി. കഴിഞ്ഞ വർഷം ഇതേ സമയം 11 രൂപയായിരുന്നു. ഉൽപാദനത്തിൽ രണ്ടാമതുള്ള ആന്ധ്രയിലെ ചിറ്റൂരിൽ കഴിഞ്ഞ വർഷം ഇൗ സമയത്തുണ്ടായിരുന്ന 40 രൂപയിൽനിന്ന് 18.50 രൂപയായി കുറഞ്ഞു. കർണാടകയിലെ കോളാറിൽ(ഉൽപാദനത്തിൽ രാജ്യത്ത് നാലാമത്) അഞ്ചര രൂപ, ഉത്തർപ്രദേശിൽ 8-20, പശ്ചിമ ബംഗാൾ 25-32, ഡൽഹി ആസാദ്പുർ മണ്ഡി-24 എന്നിങ്ങനെയുമാണ് തക്കാളി കിലോ മൊത്ത വില.
രാജ്യത്തെ 31 തക്കാളി ഉൽപാദക കേന്ദ്രങ്ങളിൽ 23ലും കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായിരുന്നതിനേക്കാൾ വില പകുതിയായതായി കേന്ദ്ര സർക്കാർ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ വിളവ് വലിയ തോതിൽ കൂടിയതാണ് വിലയിടിവിന് കാരണമായി കണക്കാക്കുന്നത്.

