മൊത്തവില പണപ്പെരുപ്പ നിരക്ക് എക്കാലത്തേയും റെക്കോഡിൽ
text_fieldsന്യൂഡൽഹി: മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എക്കാലത്തെയും റെക്കോഡ് നിലവാരത്തിൽ. 2021 ഏപ്രിലിൽ രണ്ടക്കം തൊട്ട് 10.49ശതമാനമായത് മേയിൽ 12.94 ശതമാനമായി. നിർമാണ വസ്തുക്കൾ, അസംസ്കൃത എണ്ണ എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിനു പിന്നിൽ. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം കുതിക്കുന്നത്.
2020 മേയിൽ (-)3.37 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പ നിരക്ക്. അസംസ്കൃത എണ്ണയടക്കമുള്ള ഇന്ധനവിലയിലെ പണപ്പെരുപ്പ നിരക്ക് 2021 ഏപ്രിലിൽ 20.94 ശതമാനമായിരുന്നു. മേയിൽ അത് 37.61 ശതമാനമായി കുതിച്ചു. നിർമാണ വസ്തുക്കൾ 9.01 ശതമാനത്തിൽനിന്ന് 10.83 ശതമാനമായി. അസംസ്കൃത എണ്ണക്കൊപ്പം മറ്റു സാധനങ്ങളുടെ വിലയും ആഗോളതലത്തിൽ ഉയർന്നു. വിവിധയിടങ്ങളിലെ ലോക്ഡൗൺമൂലം വിതരണ ശൃംഖലയിലുണ്ടായ തടസ്സവും മേയിൽ വിലക്കയറ്റത്തിന് ആക്കംകൂട്ടി. ഭക്ഷ്യമേഖലയിലെ വിലക്കയറ്റത്തിൽ കുറവാണ് രേഖപ്പെടുത്തിയത്. മേയിൽ ഉള്ളിവില കൂടിയെങ്കിലും ഇത് 4.31ശതമാനത്തിൽ നിന്നു.

