Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന റേഡിയോ ആക്ടീവ് മാലിന്യങ്ങൾ എങ്ങോട്ടു പോകുന്നു?

text_fields
bookmark_border
ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന റേഡിയോ ആക്ടീവ് മാലിന്യങ്ങൾ എങ്ങോട്ടു പോകുന്നു?
cancel

കൽക്കരി പവർ പ്ലാന്‍റുകളിൽ നിന്നുള്ള മാലിന്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, റേഡിയോ ആക്ടീവ് മാലിന്യങ്ങൾ മനുഷ്യനോ ​​പരിസ്ഥിതിക്കോ ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാൻ അവ കൂടുതൽ ശ്രദ്ധയോടെ സംസ്കരിക്കുകയും നിരീക്ഷിക്കുകയും വേണം. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട റേഡിയോ ആക്ടീവ് മാലിന്യങ്ങൾ രാജ്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ കുറിച്ച് രാജ്യത്ത് അധികം ആളുകൾക്കും വലിയ അറിവില്ല എന്നത് ഒരു യാഥാർഥ്യമാണ്.

റേഡിയോ ആക്ടീവ് ഉപോൽപ്പന്നത്തെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് സർക്കാർ ഇപ്പോൾ വ്യക്തമായ ചില വിവരങ്ങൾ നൽകിയിരിക്കുകയാണ്. പാർലമെന്‍റിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി ഇന്ത്യയുടെ ആണവ നിലയങ്ങൾ സാധാരണയായി ഒരു മെഗാവാട്ടിന് പ്രതിവർഷം ഏകദേശം 0.15 ക്യുബിക് മീറ്റർ റേഡിയോ ആക്ടീവ് ഖരമാലിന്യമാണ് ഉത്പാദിപ്പിക്കുന്നതെന്ന് അറ്റോമിക് എനർജി വകുപ്പ് വ്യക്തമാക്കി. പ്ലാന്‍റിന്‍റെ പ്രവർത്തന കാലയളവിലും ഒടുവിൽ അവ ഡീ കമ്മീഷൻ ചെയ്യുമ്പോഴും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

റേഡിയോ ആക്ടീവ് മാലിന്യ നിർമാർജനത്തിന്‍റെ അളവും സ്ഥാനവും സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയുടെ ആണവ സുരക്ഷാ റെഗുലേറ്ററായ ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന് പതിവായി സമർപ്പിക്കാറുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. വർധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇന്ത്യ ആണവോർജം വിപുലീകരിക്കാൻ പദ്ധതിയിടുമ്പോൾ, വൈദ്യുതി ഉത്പാദനത്തിൽ മാത്രമല്ല, അതുവഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിലും വ്യക്തത അനിവാര്യമാണ്.

വ്യത്യസ്ത മാലിന്യങ്ങൾ, വ്യത്യസ്ത റേഡിയോ ആക്ടിവിറ്റി

ആണവ നിലയങ്ങളുടെ പ്രവർത്തനങ്ങളുടെയും അറ്റകുറ്റപ്പണികളുടെയും വേളയിലാണ് റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. ഉപയോഗിച്ച ഫിൽട്ടറുകൾ, സുരക്ഷാ വസ്ത്രങ്ങൾ, ഉപകരണങ്ങൾ, റേഡിയോ ആക്ടീവ് വസ്തുക്കളുമായി സമ്പർക്കം പുലർത്തിയിട്ടുള്ള മറ്റ് വസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടും.

ഒരു റിയാക്ടർ അതിന്‍റെ ആയുസ് അവസാനിച്ച് പ്രവർത്തനരഹിതമാക്കുമ്പോഴും മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടും. എല്ലാ റേഡിയോ ആക്ടീവ് മാലിന്യങ്ങളും ഒരുപോലെ റേഡിയോ ആക്ടീവ് ആണ് എന്നത് ഒരു സാധാരണ തെറ്റിദ്ധാരണയാണ്. വ്യത്യസ്തതരം മാലിന്യങ്ങളിൽ വ്യത്യസ്ത അളവിലുള്ള റേഡിയോ ആക്ടിവിറ്റിയാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ അവ കൈകാര്യം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും നിർമാർജനം ചെയ്യുന്നതിനും വ്യത്യസ്ത രീതികൾ ആവശ്യമാണ്. ഉയർന്ന അളവിൽ റേഡിയോ ആക്ടിവിറ്റിയുള്ള വസ്തുക്കൾ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നുണ്ട്.

ആണവ നിലയങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ പ്രധാനമായും മൂന്ന് രൂപങ്ങളിലാണ് ഉള്ളത്: വാതകം, ദ്രാവകം, ഖരം. സ്വാഭാവികമായും, ഇവയെല്ലാം നിർമാർജനം ചെയ്യുന്നതിന് മുൻപ് വ്യത്യസ്ത രീതികളിലാണ് കൈകാര്യം ചെയ്യുന്നത്.

ഇന്ത്യ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു?

റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ഉത്പാദിപ്പിച്ച ഉടൻ തന്നെ നിർമാർജനം ചെയ്യാറില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പകരം, അവയുടെ ഭൗതിക രൂപത്തിനും അവ അടങ്ങിയിരിക്കുന്ന റേഡിയോ ആക്ടിവിറ്റിയുടെ അളവിനും അനുസൃതമായ സംസ്കരണത്തിന് വിധേയമാക്കിയ ശേഷമേ നിർമാർജനത്തെക്കുറിച്ച് ചിന്തിക്കാറുള്ളൂ. വാതക രൂപത്തിലുള്ള മാലിന്യങ്ങൾ നിയന്ത്രണ പരിധിക്ക് വിധേയമായി പുറത്തുവിടുന്നതിന് മുൻപ് ഉറവിടത്തിൽ വെച്ച് തന്നെ സംസ്കരിക്കുന്നു. ദ്രാവക മാലിന്യങ്ങളാണെങ്കിൽ അവയുടെ സ്വഭാവസവിശേഷതകൾക്കനുസരിച്ചുള്ള ശുദ്ധീകരണ രീതികൾ ഉപയോഗിച്ച് സംസ്കരിക്കുന്നു. ഖരമാലിന്യങ്ങൾ വേർതിരിച്ച്, നിർമാർജനത്തിന് മുൻപ് അവയുടെ വ്യാപ്തി കുറയ്ക്കുന്നു.

നിയന്ത്രണപരിധിയിൽ നിന്നൊഴിവാക്കപ്പെട്ടതോ ഇളവ് ലഭിച്ചതോ അല്ലാത്ത ഏതെങ്കിലും ഭൗതിക രൂപത്തിലുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങൾ പരിസ്ഥിതിയിലേക്ക് തുറന്നുവിടില്ല എന്നതാണ് നയമെന്നും പാർലമെന്‍റിലെ മറുപടിയിൽ വ്യക്തമാക്കുന്നു.

ഖര രൂപത്തിലുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങൾ, കല്ലുകൾ പാകിയ ട്രഞ്ചുകൾ, റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ട്രഞ്ചുകൾ, പ്രവേശന നിയന്ത്രിത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ടൈൽ ഹോളുകൾ തുടങ്ങിയ പ്രത്യേക എഞ്ചിനീയറിങ് സൗകര്യങ്ങളിലാണ് നിർമാർജനം നടക്കുന്നത്. റേഡിയോ ആക്ടീവ് വസ്തുക്കൾ ചുറ്റുമുള്ള പരിസ്ഥിതിയിലേക്ക് ചോർന്നുപോകാതിരിക്കാൻ രൂപകൽപ്പന ചെയ്ത ഒന്നിലധികം സ്വാഭാവിക പാളികളുള്ള മൾട്ടി ബരിയർ സിസ്റ്റമാണ് ഈ ഘടനകൾ ഉപയോഗിക്കുന്നത്.

ആണവ പദ്ധതിയുടെ വലിപ്പം, അവ പിൻതുടരുന്ന ഇന്ധനത്തിന്‍റെ തരം, ദീർഘകാല മാലിന്യ നിർമാർജന നയങ്ങൾ എന്നിവയെ ആശ്രയിച്ച് മറ്റ് രാജ്യങ്ങൾ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ വ്യത്യസ്ത രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യ, യു.എസ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളെല്ലാം കർശനമായ നിയന്ത്രണങ്ങളെയും ഒന്നിലധികം സുരക്ഷാ സംവിധാനങ്ങളും പിന്തുടരുന്നുണ്ടെങ്കിലും റിയാക്ടറിൽ ഉപയോഗിച്ച ശേഷം പുറത്തെടുക്കുന്ന ഉയർന്ന റേഡിയോ ആക്ടീവ് സ്വഭാവമുള്ള ആണവ ഇന്ധനം കൈകാര്യം ചെയ്യുന്നതിൽ അവ തമ്മിൽ വ്യത്യാസമുണ്ട്.

ഇന്ത്യ ക്ലോസ്ഡ് ഫ്യുവൽ സർക്കിളാണ് പിന്തുടരുന്നത്.ഇവിടെ ഉപയോഗിക്കുന്ന ആണവ ഇന്ധനം വെറുമൊരു മാലിന്യമായി പരിഗണിക്കില്ല. പകരം, യുറേനിയം, പ്ലൂട്ടോണിയം തുടങ്ങിയ പുനരുപയോഗ ഘടകങ്ങൾ വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി പുനഃസംസ്കരണത്തിന് വിധേയമാക്കുന്നതിന് മുൻപ് ഒരിടത്ത് സൂക്ഷിക്കുന്നു. ഈ പ്രക്രിയയിൽ നിന്നുള്ള ഉയർന്ന റേഡിയോ ആക്ടീവ് മാലിന്യങ്ങൾക്ക് മാത്രമാണ് ദീർഘകാല മാനേജ്മെന്‍റ് ആവശ്യമായി വരുന്നത്. ഇത് ഇന്ത്യയുടെ ദീർഘകാല ആണവോർജ തന്ത്രത്തിന്‍റെ പ്രധാന ഭാഗമാക്കി പുനഃസംസ്കരണത്തെ മാറ്റുന്നു. മറുവശത്ത് യു.എസ് അതിന്‍റെ വാണിജ്യ റിയാക്ടറുകൾക്കായി പ്രധാനമായും വൺ-ത്രൂ ഫ്യുവൽ സർക്കിളാണ് പിന്തുടരുന്നത്.

ഉപയോഗിച്ച ആണവ ഇന്ധനം പൊതുവെ റിയാക്ടർ സൈറ്റുകളിൽ സൂക്ഷിക്കുന്നു. ആദ്യം വെള്ളം നിറച്ച കൂളിങ് കുളങ്ങളിലും പിന്നീട് കനത്ത കവചമുള്ള ഡ്രൈ സ്റ്റോറേജ് കാസ്കുകളിലും ഇത് സൂക്ഷിക്കുന്നു. ഫിൻലൻഡ് കൂടുതൽ നൂതനമായ മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. വൈദ്യുതോൽപ്പാദനത്തിനു ശേഷമുള്ള ആണവ ഇന്ധനത്തിനായി ലോകത്തിലെ ആദ്യത്തെ സ്ഥിരമായ സംഭരണകേന്ദ്രം വികസിപ്പിച്ചുകൊണ്ട് ഫിൻലൻഡ് ഒരു പടി കൂടി മുന്നോട്ട് പോയി. ഒൽക്കിലുവോട്ടോ ദ്വീപിന് താഴെയായി ഏകദേശം 430 മീറ്റർ ആഴത്തിലുള്ള ഉറച്ച പാറക്കടിയിലാണ് ഒങ്കാലോ എന്നറിയപ്പെടുന്ന ഈ സംവിധാനം നിർമിച്ചിരിക്കുന്നത്.

ഇവിടെ ഉപയോഗിച്ച ആണവ ഇന്ധനം ദ്രവീകരണത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ചെമ്പ് പാത്രങ്ങളിൽ അടക്കം ചെയ്യുകയും, ജലവുമായി സമ്പർക്കം പുലർത്തുമ്പോൾ വികസിക്കുന്ന ബെന്‍റോണൈറ്റ് കളിമണ്ണാൽ പൊതിയുകയും ചെയ്യുന്നു. ശേഷം ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥാപിക്കുന്നു. മനുഷ്യനുമായും പരിസ്ഥിതിയുമായും ആയിരക്കണക്കിന് വർഷത്തേക്ക് മാലിന്യത്തിന് സമ്പർക്കം ഉണ്ടാകാത്ത രീതിയിലാണ് ഈ മൾട്ടി ബാരിയർ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ മൂന്ന് രാജ്യങ്ങളും വ്യത്യസ്ത തന്ത്രങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും, റേഡിയോ ആക്ടീവ് മാലിന്യങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കുക എന്ന ഒരേ ലക്ഷ്യമാണ് അവ പങ്കിടുന്നത്.

ആണവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്‍റെ പ്രാധാന്യം

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന നിലയിൽ ആണവോർജം വിപുലീകരിക്കാൻ പദ്ധതിയിടുമ്പോൾ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ലക്ഷ്യം കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്.

ആണവ റിയാക്ടറുകൾ പ്രവർത്തന സമയത്ത് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാതെ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ തന്നെ, ഒരു പ്ലാന്റിന്‍റെ പ്രവർത്തന കാലയളവിലും അതിനുശേഷവും റേഡിയോ ആക്ടീവ് മാലിന്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ശക്തമായ സംവിധാനങ്ങൾ അവക്ക് ആവശ്യമാണ്. ഇതിൽ ഇന്ത്യയ്ക്ക് പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടതില്ല എന്നതാണ് ഇന്ത്യയുടെ ഒരു നേട്ടം.

റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്ന സൗകര്യങ്ങൾ റെഗുലേറ്ററി അനുമതി നേടുകയും AERB നിഷ്കർഷിക്കുന്ന നടപടിക്രമങ്ങൾ പാലിക്കുകയും വേണമെന്ന് വ്യവസ്ഥ ചെയ്യുന്ന 'സുരക്ഷിത റേഡിയോ ആക്ടീവ് മാലിന്യ നിർമാർജന നിയമങ്ങൾ, 1987' (Safe Disposal of Radioactive Wastes Rules, 1987) പ്രകാരമുള്ള ഒരു നിയമപരമായ ചട്ടക്കൂട് നിലവിലുണ്ട്.

കൂടുതൽ ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിൽ മാത്രമല്ല, അതിന്‍റെ സുദീർഖ കാലം പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള ഉപോൽപ്പന്നം സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടുന്നു എന്ന പൊതുജന വിശ്വാസം നിലനിർത്തുന്നതിലുമായിരിക്കും രാജ്യത്തിന്‍റെ ആണവ മോഹങ്ങളുടെ ദീർഘകാല വിജയം ആശ്രയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste managementPower ProjectIndia Newsradioactive
News Summary - Where does the radioactive waste generated in India go?
Next Story