Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഹരിവിപണിക്ക് എന്തുപറ്റി‍ ?

text_fields
bookmark_border
പശ്ചിമേഷ്യൻ സംഘര്‍ഷവും എണ്ണവിലയും ബോണ്ട് യീല്‍ഡും രൂപയുടെ തകർച്ചയും വിപണിയെ ഉലച്ചു
ഓഹരിവിപണിക്ക് എന്തുപറ്റി‍ ?
cancel

25 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ ഓഹരി വിപണി സൂചിക തുടർച്ചയായ എട്ട് ആഴ്ചകളിൽ നഷ്ടം രേഖപ്പെടുത്തി. ടെക്നിക്കൽ ചാർട്ടിൽ സപ്പോർട്ടുകളെല്ലാം തട്ടിത്തകർത്ത് കൂപ്പുകുത്തൽ തുടരുകയാണ്. ഐ.ടി ഒഴികെ ഏതാണ്ടെല്ലാ സെക്ടറുകളും നഷ്ടം നേരിട്ടു. ഐ.ടി സൂചിക മാത്രം 0.9 ശതമാനത്തിന്റെ നേരിയ നേട്ടമുണ്ടാക്കി. എല്ലാ പ്രതിസന്ധികാലത്തും പിടിച്ചുനിൽക്കാറുള്ള ഫാർമ/ഹെൽത്ത് സെക്ടർ പതിവുപോലെ വലിയ തകർച്ച അഭിമുഖീകരിച്ചില്ല, എന്നാലും നഷ്ടത്തിലാണ്. ചെറുകിട നിക്ഷേപകരിൽ ഒരു വിഭാഗം നഷ്ടം സഹിച്ച് വിപണി വിട്ടോടി. വിദേശ നിക്ഷേപകർ കൂട്ട വിൽപന തുടരുകയാണ്. 2024 സെപ്റ്റംബറിലാണ് സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നില തൊട്ടത്. അന്ന് 26,373ൽ എത്തിയ നിഫ്റ്റി ഇപ്പോൾ 22,421ലാണ്. സെൻസെക്സ് 86,159ൽനിന്ന് വീണ് 71,909ൽ എത്തി.

രണ്ടുവർഷമായി താഴേക്കാണെന്ന് ചുരുക്കം. എന്താണ് സംഭവം, എന്നാണൊരു തിരിച്ചുവരവ്? വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂട്ട വിൽപന തുടരുന്നതാണ് ഇന്ത്യൻ ഓഹരി വിപണിക്ക് കനത്ത തിരിച്ചടിയാകുന്നത്. സെപ്റ്റംബറിൽ 44000 കോടി രൂപയുടെ വിൽപനയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നടത്തിയത്. 29,612 കോടിയുടെ വിൽപന നടത്തിയത് സെപ്റ്റംബറിലെ അവസാന മൂന്ന് ദിവസങ്ങളിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ വിൽപന നടത്തുമ്പോഴൊക്കെ വിപണിയിൽ തകർച്ചയുണ്ടാകാറുണ്ട്. പശ്ചിമേഷ്യൻ സംഘര്‍ഷവും ഉയരുന്ന എണ്ണവിലയും ബോണ്ട് യീല്‍ഡും രൂപയുടെ ദുര്‍ബലതയും ഒരുമിച്ച് വന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളിലെ വിൽപന സമ്മര്‍ദത്തിന് കാരണമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് വിദേശ മൂലധനം പിൻവലിക്കപ്പെടാൻ വഴിയൊരുക്കുന്നു. രൂപ കൂടുതല്‍ താഴേക്ക് പോകുമോ എന്ന ആശങ്ക വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്.

ആഗോള സാഹചര്യങ്ങൾ

പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡോയിൽ വില വർധനയും സമ്പദ് വ്യവസ്ഥക്കും ഓഹരി വിപണിക്കും വെല്ലുവിളി ഉയർത്തുന്നതാണ്. നിരവധി കമ്പനികൾക്ക് ക്രൂഡോയിൽ അസംസ്കൃത വസ്തുക്കളാണ്. ഇന്ധനച്ചെലവ് വർധിക്കുന്നതും കമ്പനികളുടെ ചെലവ് വർധിപ്പിക്കുകയും ലാഭം കുറക്കുകയും ചെയ്യും. യുദ്ധം അവസാനിക്കുന്നതിന്റെ സൂചന ലഭിക്കുന്നില്ല എന്ന് മാത്രമല്ല 10000 സൈനികരെയും പുതിയ യുദ്ധക്കപ്പലും അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയക്കുന്നു എന്നതാണ് പുതിയ വാർത്തകൾ. ശക്തമായി തിരിച്ചടിക്കുമെന്ന് വെല്ലുവിളിച്ച് ഇറാനും ഉറച്ചുനിൽക്കുന്നു. ഇറാൻ ഹുർമുസ് കടലിടുക്കിലും ഹൂതികൾ ചെങ്കടലിലും തീർക്കുന്ന ഉപരോധം എണ്ണവിപണിക്ക് ഊരാക്കുടുക്കാണ്.

മൂവ് ഇൻഡെക്സ് എന്ന മുന്നറിയിപ്പ്

യു.എസ് ബോണ്ട് വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന മെറിൽ ലിഞ്ച് ഓപ്ഷൻ വൊളാട്ടലിറ്റി എസ്റ്റിമേറ്റ് (മൂവ് ഇൻഡെക്സ്) ഉയർന്നുനിൽക്കുകയാണ്. പലിശ നിരക്കുകളിൽ വലിയ മാറ്റങ്ങളും വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ് മൂവ് ഇൻഡെക്സ്. ഓഹരി വിപണിയിലെ തകർച്ചക്കോ പ്രതിസന്ധിക്കോ മുമ്പായി ബോണ്ട് മാർക്കറ്റിൽ ചലനങ്ങൾ ഉണ്ടാകാറുണ്ട്. മൂവ് ഇൻഡെക്സ് ഉയർന്നുനിൽക്കുന്നത് ഓഹരി വിപണിയിലെ അസ്ഥിരതയുടെ മുൻകൂർ മുന്നറിയിപ്പായി നിക്ഷേപകർ വിലയിരുത്താറുണ്ട്. ഇപ്പോഴത്തെ വിപണി വീഴ്ചക്ക് ഇതും ഒരു കാരണമാണ്.

യു.എസിലെ പത്തുവർഷ ട്രഷറി ബോണ്ട് പലിശ നിരക്ക് 5.22% -5.25% നിലയിലേക്ക് ഉയർന്നത് ഓഹരി വിപണിക്ക് തിരിച്ചടിയാണ്. ബോണ്ട് പലിശ വർധിക്കുമ്പോൾ നിക്ഷേപകർ ഓഹരിയിൽനിന്ന് പണം പിൻവലിച്ച് ബോണ്ടിൽ നിക്ഷേപിക്കും. നേരെ തിരിച്ച് കുറഞ്ഞ പലിശക്ക് പണം ലഭിക്കുമ്പോൾ ഓഹരി വിപണിയിൽ പുതിയ നിക്ഷേപം വരും. വായ്പയെടുത്തും നിക്ഷേപിക്കാൻ തയാറാകും.

സ്റ്റോക്ക് തിരഞ്ഞെടുപ്പ് പ്രധാനം

തളർച്ചയുടെ പൊതുവർത്തമാനങ്ങൾക്കിടയിലും എ.ഐ ഡേറ്റ സെന്റർ, സെമികണ്ടക്ടർ, ഫാർമ, എയറോസ്പേയ്സ്, പ്രസിഷൻ എൻജിനീയറിങ്, പവർ ട്രാൻസ്മിഷൻ തുടങ്ങി ചില സെക്ടറുകൾ കരുത്തുകാട്ടുന്നുണ്ട്. കുതിപ്പിലുള്ള സെക്ടറുകളിലെ നല്ല കമ്പനി ഓഹരികൾ അനുയോജ്യമായ സമയത്ത് വാങ്ങുക എന്നതാണ് പ്രധാനം. നിഫ്റ്റി ഫിഫ്റ്റിയിലെ വളർച്ചയും ലാഭക്ഷമതയും കുറഞ്ഞ സെലിബ്രിറ്റി ഓഹരികളേക്കാൾ മികച്ച പ്രകടനം നടത്തുന്നത് സ്മാൾ കാപ്, മിഡ് കാപ് പരിധിയിൽ വരുന്ന വളർച്ച സാധ്യതയുള്ള കമ്പനികളാണ്.

വിപണിയിൽ വീഴ്ച സ്വാഭാവികമാണ്. ഇതൊന്നും പുതിയ കാര്യമല്ല, ഒന്നിന്റെയും അവസാനവുമല്ല. ഈ സമ്മർദമെല്ലാം അതിജയിച്ച് സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും. വിപണിയിൽ തകർച്ചയുണ്ടാകുമ്പോൾ എല്ലാം വിട്ടെറിഞ്ഞോടുന്നവർ ഒന്നും നേടാൻ പോകുന്നില്ല. ഓരോ തകർച്ചയിലും നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങിക്കാനുള്ള അവസരമാക്കുക. അതിന് പണമില്ലെങ്കിൽ ക്ഷമയോടെ കാത്തിരിക്കുക. അതേസമയം, വീഴ്ചയുടെ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാവണം. കൈയിലിരിക്കുന്ന ഓഹരികളുടെ ഫണ്ടമെന്റൽസ് പരിശോധിക്കണം. ബിസിനസ് മോഡൽ മനസ്സിലാക്കി നിക്ഷേപിക്കുക. വന്നുകഴിഞ്ഞ വാർത്തകളേക്കാൾ ബിസിനസ് മോഡലിനും ഭാവിസാധ്യതക്കും ഊന്നൽ നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - What about the stock market?
Next Story