20 വർഷമായിട്ടും വളർച്ചയില്ല; വാഹന നിർമാണ പദ്ധതി ചുരുക്കി ഫോക്സ്‍വാഗൺ
text_fieldsമുംബൈ: അതിവേഗം വളരുന്ന ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ യൂറോപിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ എ.ജിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ തയാറാക്കിയ പദ്ധതി കമ്പനി മൂന്നിലൊന്നായി വെട്ടിച്ചുരുക്കി. ഒരു ബില്ല്യൻ ഡോളറിന്റെ അതായത് 8,869 കോടി രൂപയുടെ പദ്ധതിയാണ് 700 ദശലക്ഷം ഡോളറായി (6,197.8 കോടി രൂപ) കുറച്ചത്. ഇന്ത്യ, ചൈന, യു.എസ്, യൂറോപ് തുടങ്ങിയ വിപണികളിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിൽ ആഗോള വാഹന നിർമാതാക്കൾ ജാഗ്രത പുലർത്താൻ തുടങ്ങിയതിന് പിന്നാലെയാണ് ഫോക്സ്‍വാഗണിന്റെ നീക്കം. ഫോക്സ്‍വാഗൺ, സ്കോഡ ബ്രാൻഡുകളിൽ വാഹനങ്ങൾ വിൽക്കുന്ന കമ്പനി ലംബോർഗിനി, ഓഡി, പോർഷെ തുടങ്ങി ആഢംബ കാറുകളും വിപണിയിലിറക്കുന്നുണ്ട്.
20 വർഷം പ്രവർത്തിച്ചിട്ടും ആഭ്യന്തര വാഹന വിപണി പങ്കാളിത്തം വെറും രണ്ട് ശതമാനത്തിൽ ഒതുങ്ങിയതാണ് ഫോക്സ്‍വാഗണിനെ പദ്ധതിയിൽനിന്ന് പിന്തിരിപ്പിച്ചത്. വളർച്ച കുറഞ്ഞ വാഹന വിപണിയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നത് തുടരാൻ കമ്പനിക്ക് താൽപര്യമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായുള്ള ചർച്ചകൾ കഴിഞ്ഞ വർഷം പരാജയപ്പെട്ട ശേഷം മറ്റൊരു കമ്പനിയുമായി സംയുക്ത സംരംഭം തുടങ്ങാനുള്ള പദ്ധതിയും വിജയം കണ്ടില്ല. പദ്ധതിക്ക് ഫണ്ട് കണ്ടെത്താൻ മറ്റൊരു കമ്പനിയുമായുള്ള സഹകരണം അനിവാര്യമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അതേസമയം, ഇതേകുറിച്ച് ഫോക്സ്‍വാഗൺ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2027 ഓടെ മലനീകരണ നിയന്ത്രണ ചട്ടം കടുപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതിനാൽ ഇലക്ട്രിക് വാഹന നിർമാണം ഊർജിതമാക്കാനാണ് കമ്പനികളുടെ പദ്ധതി. മൂന്ന് വർഷത്തിനുള്ളിൽ ആഭ്യന്തര വിപണിയിൽ ആദ്യത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാനായിരുന്നു ഫോക്സ്‍വാഗൺ ആലോചിച്ചിരുന്നത്. പൂർണമായും ആഭ്യന്തരമായി നിർമിക്കാൻ കഴിഞ്ഞില്ലെങ്കിൽ യൂറോപിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിൽ വ്യാപാര കരാർ യാഥാർഥ്യമാകുന്നത് ഫോക്സ്‍വാഗണിന്റെ ഇറക്കുമതി പദ്ധതിക്ക് ഉണർവേകുമെന്നാണ് സൂചന.
അതേസമയം, ഫോക്സ്‍വാഗണിന്റെ അനുബന്ധ സ്ഥാപനമായ സ്കോഡ ഇന്ത്യ വാഹന നിർമാണ രംഗത്ത് സഹകരണത്തിന് നിരവധി കമ്പനികളുമായി ചർച്ചയിലാണ്. നിലവിൽ ചൈനയുടെ എസ്.എ.ഐ.സി മോട്ടോർ കോർപറേഷനുമായി സഹകരിക്കുന്ന ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിനെ സ്കോഡ സമീപിച്ചതായും റിപ്പോർട്ടുണ്ട്. യൂറോപ്പിന് പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട വിപണിയായാണ് ഇന്ത്യയെ സ്കോഡ കണക്കാക്കുന്നതെന്ന് ചെയർമാൻ ക്ലോസ് സെൽമർ പറഞ്ഞിരുന്നു.
20 വർഷത്തിലേറെയായി കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടും ഇന്ത്യൻ വിപണിയിൽ സ്വാധീനം ശക്തമാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും പൂർണമായും ആഭ്യന്തരമായി ഉത്പാദിപ്പിച്ച് താങ്ങാവുന്ന വിലയിൽ വിൽക്കുന്ന കൈലാക്ക് എസ്.യു.വി വാഹന പ്രേമികളുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ശക്തമായ മൈലേജും കുറഞ്ഞ വിലയുമുള്ള വാഹനങ്ങൾ പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തുന്ന മാരുതി സുസുകിയും ഹ്യൂണ്ടായ് മോട്ടോറും ടാറ്റ മോട്ടോർസും പോലെ ലാഭം നേടുകയെന്ന് ഫോക്സ്‍വാഗണിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

