87,695 കോടിയുടെ കുടിശ്ശിക വെട്ടിക്കുറക്കും; വോഡഫോണിനെ കരകയറ്റാൻ സർക്കാർ
text_fieldsമുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപെട്ട വോഡഫോൺ ഐഡിയ കമ്പനിയെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ രംഗത്ത്. 87,695 കോടി രൂപയുടെ എ.ജി.ആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശ്ശിക വെട്ടിക്കുറക്കുമെന്നും കുടിശ്ശിക അടച്ചുതീർക്കാൻ 10 വർഷത്തെ സമയപരിധി നൽകുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോൺ പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഏറെ ആശ്വാസം നൽകുന്ന സർക്കാർ തീരുമാനം. ബുധനാഴ്ച വൻ ഇടിവ് നേരിട്ട വോഡഫോൺ ഓഹരി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മുന്നേറ്റം നടത്തി. സർക്കാർ നടപടി കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയായിരുന്നു.
വോഡഫോണിന്റെ 87,695 കോടി രൂപയുടെ എ.ജി.ആർ കുടിശ്ശിക ഡിസംബർ 31ന് കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചിരുന്നു. എന്നാൽ, നാലു മാസത്തിനകം പുതിയ സമിതി രൂപവത്കരിച്ച് എ.ജി.ആർ കുടിശ്ശിക പുനർനിണയിക്കുന്നതോടെ ഗണ്യമായി കുറയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് സർക്കാർ നിർണയിക്കുന്ന പുതിയ കുടിശ്ശിക തുക അടച്ചുതീർക്കാൻ 2036 മുതൽ 2041 വരെ സമയം അനുവദിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കമ്പനിക്ക് ആവശ്യത്തിന് സമയം സർക്കാർ നൽകിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എ.ജി.ആർ കുടിശ്ശിക അടച്ചുതീർക്കാൻ 2041 വരെ സമയം അനുവദിക്കണമെന്നാണ് വോഡഫോൺ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, 2036 സാമ്പത്തിക വർഷം വരെ ഓരോ വർഷവും 114 കോടി രൂപ വീതം വോഡഫോൺ അടക്കണം. സാങ്കേതികമായി ഓരോ വർഷവും നിശ്ചിത തുക അടക്കുന്നതിനാൽ അഞ്ച് വർഷത്തെ തിരിച്ചടവ് ഷെഡ്യൂളിൽ മൊറട്ടോറിയം ഉണ്ടാവില്ല. വോഡഫോൺ ഐഡിയ പ്രവർത്തനം അവസാനിപ്പിച്ചാൽ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള കേന്ദ്ര സർക്കാറാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടേണ്ടി വരിക. ആദിത്യ ബിർല ഗ്രൂപ്പിന് 9.50 ശതമാനവും യു.കെയിലെ വോഡഫോൺ ഗ്രൂപ്പിന് 16.07 ശതമാനവും ഓഹരിയാണ് കമ്പനിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

