വോഡഫോൺ ഐഡിയ അപേക്ഷ പുനപരിശോധിക്കുമെന്ന് കേന്ദ്രം; ഓഹരി വിലയിൽ കുതിപ്പ്
text_fieldsന്യൂഡൽഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു ഇനത്തിൽ നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക ഒഴിവാക്കി തരണമെന്ന വോഡഫോൺ ഐഡിയയുടെ അപേക്ഷ പുനപരിശോധിക്കാൻ തയാറാണെന്ന് കേന്ദ്ര സർക്കാർ. എ.ജി.ആർ കേസിൽ വോഡഫോൺ ഐഡിയ നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിന് മുമ്പാകെയാണ് സോളസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്.
എ.ജി.ആർ വിഷയം സർക്കാറിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ബെഞ്ച്, കമ്പനിയുടെ ആവശ്യം പുനപരിശോധിക്കുന്നതിൽ തെറ്റില്ലെന്നും വ്യക്തമാക്കി. എ.ജി.ആർ ഇനത്തിൽ 9450 കോടി രൂപ നൽകണമെന്ന കേന്ദ്ര കേന്ദ്ര സർക്കാർ ആവശ്യത്തിനെതിരെയാണ് വോഡഫോൺ ഐഡിയ സുപ്രീംകോടതിയെ സമീപിച്ചത്. നിരവധി തവണ മാറ്റിവെച്ച ഹർജിയിലാണ് ചീഫ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, വിപുൽ എം. പഞ്ചോലി എന്നിവരുടെ വിധി.
എ.ജി.ആർ കുടിശ്ശിക പരിഗണിച്ച് വോഡഫോൺ ഐഡിയയുടെ 49 ശതമാനം ഓഹരികൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും 20 കോടിയോളം ഉപഭോക്താക്കൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതുകൊണ്ട് സർക്കാർ ഈ വിഷയം പുനഃപരിശോധിക്കുന്നതിലും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിലും ഒരു പ്രശ്നവും കാണുന്നില്ലെന്നും വ്യക്തമാക്കി.
ടെലികോം, ടെലികോം ഇതര വരുമാനങ്ങൾ കണക്കാക്കി ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗ ഫീസും ഈടാക്കാനായി കേന്ദ്രം കൊണ്ടുവന്ന മാനദണ്ഡമാണ് എ.ജി.ആർ. ഫീസ് കണക്കാക്കുന്നതിൽ ടെലികോം ഇതര വരുമാനം കൂടി ഉൾപ്പെടുത്തിയതോടെ കമ്പനികൾ കൂടുതൽ തുക കേന്ദ്ര സർക്കാരിന് അടക്കേണ്ട സ്ഥിതി വന്നിരുന്നു.
സുപ്രീംകോടതി വിധിക്ക് പിന്നാലെ വോഡഫോൺ ഐഡിയ ഓഹരിയിൽ ഒമ്പത് ശതമാനത്തിലേറെ മുന്നേറ്റമുണ്ടായി. ഓഹരി വില 10.47 രൂപായി ഉയർന്നു. ഒരു വർഷത്തിനിടെ ഓഹരിയുടെ ഏറ്റവും ഉയർന്ന വിലയാണിത്. ഇൻഡസ് ടവറിന്റെയും ഭാരതി എയർടെല്ലിന്റെയും ഓഹരികൾ യഥാക്രമം അഞ്ച് ശതമാനവും ഏകദേശം മൂന്ന് ശതമാനവും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

