വായ്പ തുകയേക്കാളും കൂടുതൽ പണം ഈടാക്കി; ബാങ്കുകൾക്കെതിരെ ഹരജിയുമായി വിജയ് മല്യ
text_fieldsവിജയ് മല്യ (ഫയല്‍ ചിത്രം)
ന്യൂഡൽഹി: വായ്പ തുകയേക്കാളും കൂടുതൽ പണം ഈടാക്കിയെന്ന് ആരോപിച്ച് ബാങ്കുകൾക്കെതിരെ കർണാടക ഹൈകോടതിയിൽ ഹരജി നൽകി വിജയ് മല്യ. മുതിർ അഭിഭാഷകൻ സാജൻ പുവായ മുഖേനയാണ് ഹരജി. വിജയ് മല്യയിൽ നിന്ന് ഈടാക്കിയ പണത്തിന്റെ വിവരങ്ങൾ നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി.
6200 കോടി രൂപയാണ് വിജയ് മല്യ ബാങ്കുകൾക്ക് നൽകാനുള്ളത്. എന്നാൽ, ഇതുവരെ ബാങ്കുകൾ 14,000 കോടി രൂപ ഈടാക്കി. ഇക്കാര്യം കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ തന്നെ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഴുവൻ പണം ഈടാക്കിയിട്ടും വിജയ് മല്യക്കെതിരായ റിക്കവറി നടപടികൾ ഇപ്പോഴും തുടരുകയാണെന്നും ഹരജിയിൽ ചൂണ്ടക്കാട്ടിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ മല്യയിൽ നിന്ന് ഈടാക്കിയ പണത്തിന്റെ മുഴുവൻ വിവരങ്ങളും നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
ഹരജിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി ജസ്റ്റിസ് ആർ.ദേവദാസ് ബാങ്കുകളുടെ വായ്പ റിക്കവറി ഓഫീസർമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിൽ ലണ്ടനിൽ കഴിയുന്ന മല്യ ബാങ്കുകളുടെ നടപടിക്കെതിരെ എക്സ് അക്കൗണ്ടിലൂടെ രംഗത്തെത്തി. തന്റെ വായ്പ തുകയുടെ രണ്ടിരട്ടി ഈടാക്കാൻ ബാങ്കുകൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എന്ത് അധികാരമെന്ന് മല്യ ചോദിച്ചു.
പാർലമെന്റിലെ ചർച്ചക്കിടയാണ് സാമ്പത്തിക കുറ്റകൃത്യ കേസിലെ വിവരങ്ങൾ നിർമല സീതാരാമൻ പങ്കുവെച്ചത്. ഇതിൽ പൊതുമേഖല ബാങ്കുകൾക്ക് മല്യയിൽ നിന്ന് 14,000 കോടി രൂപ ഈടാക്കി നൽകിയെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് മല്യയുടെ ഹരജി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.