ഇനി ക്യൂ ആർ കോഡ് സ്കാൻ ചെയ്യൂ, വ്യാജ വാക്സിനും മരുന്നും കണ്ടെത്താം
text_fieldsന്യൂഡൽഹി: മരുന്ന് വിൽപനക്കും വിതരണത്തിനുമുള്ള ചട്ടങ്ങൾ കടുപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയാറാക്കി. വാക്സിനുകൾ, നർകോട്ടിക്, സൈകോട്രോപിക്, അർബുദം തുടങ്ങിയ നാല് വിഭാഗം ജീവൻ രക്ഷ മരുന്നുകളുടെ വിതരണത്തിനാണ് പുതിയ മാർഗ നിർദേശം തയാറാക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് നീക്കം.
പുതിയ പദ്ധതി നടപ്പായാൽ രോഗികൾക്ക് നിലവാരം കുറഞ്ഞതും വ്യാജവുമായ മരുന്നുകൾ നൽകുന്നതിന് തടയിടാൻ കഴിയും. 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് മരുന്നു വിൽപന നയം അഴിച്ചു പണിയുക. പുതുതായി കൊണ്ടുവരുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മരുന്നുകളുടെ പാക്കുകളിൽ ബാർകോഡ് പതിക്കുകയാണ്. ഉത്പന്നത്തെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ഉപഭോക്താവിന് ഈ ബാർകോഡിൽനിന്ന് ലഭിക്കും.
വാക്സിനുകൾ, നർകോട്ടിക്, സൈകോട്രോപിക്, അർബുദം തുടങ്ങിയ വിഭാഗം മരുന്നുകളുടെ പാക്കുകളിലായിരിക്കും ബാർകോഡ് നിർബന്ധമാക്കുക. വ്യാജ മരുന്നുകൾ വ്യാപകമാവുകയും ചികിത്സ പിഴവുകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നടപടി. നർകോട്ടിക്, സൈകോട്രോപിക് മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായും പരാതികൾ ഉയർന്നിരുന്നു. അതേസമയം, ഇതേകുറിച്ച് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ലോകത്ത് മൊത്തം വിതരണം ചെയ്യുന്ന ജനറിക് മരുന്നുകളിൽ 20 ശതമാനവും ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നത്. 2030 ഓടെ രാജ്യത്തെ ഫാർമസ്യൂട്ടിക്കൽസ് വിപണി 4.43 ലക്ഷം കോടി രൂപയിൽനിന്ന് 2030 ഓടെ 11.54 ലക്ഷം കോടി രൂപയുടെതായി വളരുമെന്നാണ് കണക്കുകൂട്ടുന്നത്. പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾക്കാണ് ജനറിക് മരുന്നുകൾ എന്നു പറയുന്നത്. ബ്രാൻഡഡ് മരുന്നുകൾ ഒരു കമ്പനി മാത്രം ഉത്പാദിപ്പിക്കുന്നതിനാൽ വില കൂടുതലായിരിക്കും. ജനറിക് മരുന്നുകൾ വിവിധ കമ്പനികൾ ഉത്പാദിപ്പിക്കുന്നതിനാൽ വില കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

