Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅനിശ്ചിതാവസ്ഥക്ക്...

അനിശ്ചിതാവസ്ഥക്ക് വിരാമമാകുന്നു; ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും -ട്രംപ്

text_fields
bookmark_border
അനിശ്ചിതാവസ്ഥക്ക് വിരാമമാകുന്നു; ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും -ട്രംപ്
cancel

വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും നികുതി വെട്ടിക്കുറക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-യു.എസ് വ്യാപാര ചർച്ച അനിശ്ചിതമായി നീളുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപി​ന്റെ പ്രതികരണം. ഇന്ത്യക്കെതിരായ നികുതി നിലവിൽ വളരെ ഉയർന്നതാണെന്ന് ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നതാണ് അതിന്റെ കാരണം. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി കുറച്ചിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യക്കെതിരായ താരിഫ് വെട്ടിക്കുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് 50 ശതമാനം നികുതി ചുമത്തിയിരുന്നു. ഇതോടെ യു.എസ് ഏറ്റവും കൂടുതൽ നികുതി ചുമത്തിയ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരുന്നു.

അതേസമയം, വ്യാപാര കരാറിനു​ വേണ്ടി യു.എസുമായി കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്. ഇന്ത്യയും യു.എസും സമഗ്രവും ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾ അനുസരിച്ചുമുള്ള വ്യാപാര കരാറിനെക്കുറിച്ചാണ് ചർച്ച നടത്തിയത്. കാർഷികോത്പന്നങ്ങൾ അടക്കം പ്രധാനപ്പെട്ട മേഖലകളെ സംരക്ഷിച്ചുകൊണ്ടാണ് കരാറിലേർപ്പെടുക. ഇന്ത്യ സമർപ്പിച്ച കരാർ നിർദേശത്തിൽ യു.എസിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ഫെബ്രുവരിയിൽ യു.എസുമായി വ്യാപാര കരാർ ചർച്ചക്ക് തുടക്കം കുറിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിനുശേഷമായിരുന്നു ചർച്ച. കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിയിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യാത്തതാണ് വ്യാപാര കരാർ നീണ്ടുപോകുന്നതെന്ന് നേരത്തെ ചില റിപ്പോർട്ടുകളു​ണ്ടായിരുന്നു. എന്നാൽ, ന്യായവും നീതിയുക്തവുമായ വ്യാപാര കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. അങ്ങനെയൊരു കരാറിന് വേണ്ടി സർക്കാർ എല്ലാ ചർച്ചകളും തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഏത് സമയവും കരാർ യാഥാർഥ്യമാകും. കർഷകരുടെയും ക്ഷീരോൽപാദകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. മാത്രമല്ല,യു.എസിലെ ഉയർന്ന താരിഫ് കാരണം കയറ്റുമതി പ്രതിസന്ധി നേരിടുന്ന മത്സ്യബന്ധന മേഖലക്ക് റഷ്യ അടക്കമുള്ള പുതിയ വിപണികൾ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള വ്യാപാര ബന്ധം വഷളായതിന് പിന്നാലെയാണ് മേഖലയിലെ സുപ്രധാന സഖ്യകക്ഷിയായ ഇന്ത്യയുമായി യു.എസ് ചർച്ചകൾക്ക് താൽപര്യം കാണിച്ചത്. അതേസമയം, യു.കെക്കും ജപ്പാനും പോലെ നികുതി 15 ശതമാനമായി കുറച്ചാൽ മാത്രമേ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചൈനയുമായി യു.എസ് വിപണിയിൽ മത്സരിക്കാൻ കഴിയുവെന്നാണ് വ്യാപാര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 20 ശതമാനം നികുതിയാണെങ്കിൽ പോലും വില കുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾ വിപണി കീഴടക്കും. വിയറ്റ്നാമിന് 20 ശതമാനവും മലേഷ്യ, കംബോഡിയ തുടങ്ങിയ ആസിയാൻ രാജ്യങ്ങൾക്ക് 19 ശതമാനവും നികുതിയാണ് യു.എസ് ചുമത്തിയിരിക്കുന്നത്. ചൈനക്ക് പകരം മറ്റൊരു രാജ്യമെന്ന നയതന്ത്രത്തിൽ (ചൈന പ്ലസ് വൺ) ആസിയാനൊപ്പം യു.എസ് പരിഗണിക്കുന്നത് ഇന്ത്യയെയാണ്. അതുകൊണ്ട് 15 ശതമാനം താരിഫ് നിരക്കാണ് ഇന്ത്യക്ക് അനുയോജ്യമാകുക. അതേസമയം, ചെറിയ രാജ്യമായിരുന്നിട്ടും യു.എസിലേക്ക് കയറ്റുമതി വർധിപ്പിച്ചുകൊണ്ടിരിക്കുന്ന വിയറ്റ്നാം ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ്. യു.എസിൽനിന്ന് ഇന്ധന ഇറക്കുമതി ശക്തമാക്കുന്നത് ഇന്ത്യക്കുമേൽ ചുമത്തിയ നികുതി 15-20 ശതമാനമായി കുറക്കാൻ സഹായിച്ചേക്കുമെന്നും സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Trade Tariffindia us trade dealDonald Trump
News Summary - US will bring down tariffs on India -trump
Next Story