കയറ്റുമതിയെ സാരമായി ബാധിച്ച് യു.എസ് താരിഫ്; മൊറട്ടോറിയം തേടി ഇന്ത്യയുടെ വസ്ത്ര വ്യാപാര മേഖല
text_fieldsന്യൂഡൽഹി: 50 ശതമാനം അധിക നികുതി ചുമത്തിയ യു.എസ് നടപടി ഇന്ത്യൻ വസ്ത്ര വ്യാപാര മേഖലയിൽ വലിയ സാമ്പത്തിക ആഘാതം സൃഷ്ടിച്ചെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽസ് ഇൻഡസ്ട്രിയുടെ(സി.ഐ.ടി.ഐ) സർവെ റിപ്പോർട്ട്. വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ 28 ശതമാനം യു.എസിലേക്കാണ്. താരിഫ് ചുമത്തപ്പെട്ടതോടെ ഇന്ത്യയുടെ മത്സര കാര്യക്ഷമത കുറഞ്ഞതായി സർവെ പറയുന്നു.
താരിഫ് വർധിച്ചതോടെ വിറ്റുവരവിൽ 50 കൂടുതൽ കുറവുണ്ടായെന്നാണ് സർവെയിൽ പങ്കെടുത്ത മൂന്നിലൊന്ന് പേരും പ്രതികരിച്ചത്. യു.എസിൽ നിന്ന് ഉൽപ്പന്നം വാങ്ങുന്നവർ വിലയിൽ ഡിസ്കൗണ്ട് ആവശ്യപ്പെടുന്നത്, ഓർഡർ റദ്ദാക്കുന്നതും മാറ്റിവെക്കലും ഓർഡർ ചെയ്യുന്ന ഉൽപ്പന്നത്തിന്‍റെ അളവ് കുറയുന്നത് ഇവയൊക്കെ വസ്ത്ര വ്യാപാര മേഖലയെ സ്വാധീനിക്കുന്നുണ്ട്.
ഓർഡറുകൾ കുറയാൻ തുടങ്ങിയത് കാരണം ഏകദേശം 85 ശതമാനം കമ്പനികളും ഇൻവെന്‍ററി കുമിഞ്ഞു കൂടിയതായി റിപ്പോർട്ട് ചെയ്തു. അതേ സമയം മൂന്നിൽ രണ്ട് പേരും യു.എസ് വിപണിയിൽ ബിസിനസ് നില നിർത്താൻ കിഴിവുകൾ നൽകാൻ നിർബന്ധിതരായി.
ക്വാളിറ്റി കൺട്രോൾ ഓർഡറുകൾ, ഇറക്കുമതി നികുതി, മറ്റ് നിയന്ത്രണങ്ങൾ ഒഴിവാക്കി അസംസ്കൃത വസ്തുക്കളുടെ ഗുണ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സർവെയിൽ പങ്കെടുത്തവരുടെ ആവശ്യം. നിലവിലുള്ള വായ്പകളുടെ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് ഈട് രഹിത വായ്പകൾ ലഭ്യമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന താരിഫ് നിരക്ക് നേരിടുന്നത് ഇന്ത്യയാണ്. ബംഗ്ലാദേശ്, വിയറ്റ്നാം എന്നിവർക്ക് 20 ശതമാനവും ഇന്തോനേഷ്യ, പാകിസ്ഥാൻ, കംബോഡിയ എന്നിവക്ക് 19 ശതമാനവും തുർക്കിക്ക് 15 ശതമാനവുമാണ് താരിഫ്. തൊഴിൽ സംരക്ഷിക്കുന്നതിനും വസ്ത്ര മേഖലയിലെ കയറ്റുമതിയെ പിന്തുണക്കുന്നതിനും വ്യവസായത്തിൽ മത്സര ശേഷി പുനഃസ്ഥാപിക്കുന്നതിനും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് സി.ഐ.ടി.ഐ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

