താരിഫിന്റെ ആദ്യ അടി മലയാളിക്ക്; യു.എസിൽ ചെമ്മീൻ വാങ്ങാൻ ആളില്ല
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം താരിഫിന്റെ ആദ്യ ആഘാതം മലയാളിക്ക്. യു.എസിലെ ഏറ്റവും ഇഷ്ട വിഭവമായ ചെമ്മീൻ വില താരിഫ് പ്രഖ്യാപനത്തോടെ കുതിച്ചുയർന്നു. ഫിനാൻഷ്യൽ ടൈംസ്, ബിസിനസ് ലൈൻ തുടങ്ങിയ പത്രങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ പ്രധാന ചെമ്മീൻ കയറ്റുമതി കമ്പനികളായ അവന്തി ഫീഡ്സ്, കിങ്സ് ഇൻഫ്രാ തുടങ്ങിയ കമ്പനികളാണ് കണക്കുകൾ പുറത്തുവിട്ടത്.
യു.എസിലെ ചെമ്മീൻ ഇറക്കുമതിയിൽ 45 ശതമാനവും ഇന്ത്യയിൽനിന്നാണ്. ഇതിൽ വലിയൊരു ശതമാനവും മലയാളികളുടെ സംഭാവനയാണ്. വർഷം ആറ് ബില്ല്യൻ ഡോളർ അതായത് 53,250 കോടി രൂപയുടെ ചെമ്മീനാണ് കയറ്റുമതി ചെയ്യുന്നത്. റസ്റ്ററന്റ്, സൂപ്പർമാർക്കറ്റ്, മത്സ്യ വിൽപ കേന്ദ്രങ്ങൾ തുടങ്ങിയവർക്കാണ് വിതരണം. താരിഫ് നിലവിൽ വന്നതോടെ ഇന്ത്യൻ ചെമ്മീൻ മത്സ്യവിൽപന കേന്ദ്രങ്ങളിൽനിന്ന് അപ്രത്യക്ഷമായി.
യു.എസ് വിപണിയിൽ ചെമ്മീൻ വിലയിൽ 15 മുതൽ 20 ശതമാനം വരെ വർധനവാണുണ്ടായത്. ഏറ്റവും ആവശ്യക്കാരുള്ള വെള്ള ചെമ്മീനിന്റെ മൊത്ത വിലയിൽ 21 ശതമാനത്തിന്റെ വർധനവുണ്ടായി. നിലവിൽ പൗണ്ടിന് 6.25 ഡോളർ വില വരും (കിലോഗ്രാമിന് 1222 രൂപ). താരിഫ് വർധനയുടെ അധിക ബാധ്യത യു.എസിലെ ഉപഭോക്താക്കൾ തന്നെ വഹിക്കണമെന്ന ഇന്ത്യൻ കയറ്റുമതിക്കാരുടെ നിലപാടാണ് ചെമ്മീൻ വിലയിലെ വർധനക്ക് കാരണമെന്ന് സീഫുഡ് എക്സ്പോർട്ടേർസ് അസോസിയേഷൻ സെക്രട്ടറി കെ.എൻ. രാഘവൻ പറഞ്ഞു.
വില വർധനവ് യു.എസിലെ ഉപഭോക്താക്കളെയും റസ്റ്ററന്റുകളെയും നേരിട്ട് ബാധിച്ചിട്ടുണ്ട്. റസ്റ്ററന്റുകളിൽ ചെമ്മീൻ വിഭവങ്ങൾ വിളമ്പുന്നതിൽ ഏഴ് ശതമാനത്തിന്റെ കുറവുണ്ടായി. റെഡ് ലോബ്സ്റ്റർ അടക്കമുള്ള സീഫുഡ് റസ്റ്ററന്റുകൾ ചെമ്മീൻ വിഭവങ്ങൾ കുറച്ചു. നേരത്തെ 20 ഡോളറിന് ഇഷ്ടപ്പെട്ട രണ്ട് ചെമ്മീൻ വിഭവങ്ങൾ എത്ര വേണമെങ്കിൽ ആസ്വദിക്കാമെന്ന ഓഫറാണ് കമ്പനി വെട്ടിച്ചുരുക്കിയത്. നിലവിൽ 15.99 ഡോളർ നൽകിയാൽ മൂന്ന് ചെമ്മീൻ വിഭവങ്ങൾ ലഭിക്കുമെന്നതാണ് ഓഫർ. പുതിയ ഡീൽ കൂടുതൽ മികച്ചതും സുസ്ഥിരവുമാണെന്ന് ലോബ്സ്റ്റർ ചീഫ് എക്സികുട്ടിവ് ദമോല അദമോലെകുൻ പറഞ്ഞു.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിലേക്ക് അമേരിക്കൻ സമൂഹം മാറിയതോടെയാണ് ഉൺ മേശയിൽ ചിക്കൻ, ബീഫ് തുടങ്ങിയ വിഭവങ്ങൾക്കൊപ്പം ചെമ്മീനും ഇടം പിടിച്ചത്. ചെമ്മീനിൽ ചിക്കനും ബീഫിനും സമാനമായ അളവിൽ പ്രോട്ടീൻ ഉണ്ടെങ്കിലും കലോറി കുറവാണെന്നുള്ളത് അമേരിക്കക്കാരെ കൂടുതൽ ആകർഷിച്ചു. താരിഫ് വർധന നിലവിൽ വരുന്നതിന് മുമ്പ് ഉപഭോക്താക്കളും റസ്റ്റന്റുകളും ശീതീകരിച്ച ചെമ്മീൻ വാങ്ങി സൂക്ഷിച്ചിരുന്നെങ്കിലും സ്റ്റോക്ക് കാലിയായെന്ന് സീഫുഡ് ഉത്പന്നങ്ങളുടെ വില റിപ്പോർട്ട് ചെയ്യുന്ന ഏജൻസിയായ അണ്ടർകറന്റ് ന്യൂസിന്റെ നയതന്ത്ര തലവനായ ഗാരി മോറിസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

