ട്രംപ് ഇന്ത്യയിലേക്ക്; യു.എസ് വ്യാപാര കരാർ മൂന്ന് ആഴ്ചക്കകം
text_fieldsവാഷിങ്ടൺ: വ്യാപാര ചർച്ച അനിശ്ചിതമായി നീളുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ഇന്ത്യ സന്ദർശനത്തെ കുറിച്ച് അദ്ദേഹം സൂചന നൽകിയത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി ട്രംപ് പറഞ്ഞു.
മോദിയെ നല്ല സുഹൃത്തെന്നും നല്ല മനുഷ്യനെന്നും വിശേഷിപ്പിച്ച ട്രംപ്, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായും അവകാശപ്പെട്ടു. അതേസമയം, ഇന്ത്യക്കെതിരെ യു.എസ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ എടുത്തുമാറ്റുന്നതിനെ കുറിച്ച് ട്രംപ് വ്യക്തമായൊന്നും പറഞ്ഞില്ല.
‘‘അദ്ദേഹം (പ്രധാനമന്ത്രി മോദി) റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് മിക്കവാറും നിർത്തി. അദ്ദേഹം എന്റെ ഒരു സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ ഇന്ത്യ സന്ദർശിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതിനെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഞാൻ പോകും. പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്, ഞാൻ പോകും" - ട്രംപ് പറഞ്ഞു. അടുത്ത വർഷം ഇന്ത്യയിലേക്ക് പോകാൻ പദ്ധതിയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ‘അതെ’ എന്ന് ഉത്തരം നൽകി.
ഈ മാസം ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാർ അനിശ്ചിതമായി നീളുന്നതിന്റെ പശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.
കഴിഞ്ഞ വർഷത്തെ ഉച്ചകോടി യു.എസിലെ ഡെലവെയറിലുള്ള വിൽമിങ്ടണിലാണ് നടന്നത്. ട്രംപിന്റെ പ്രസ്താവനയോടെ, ഈ വർഷം ഉച്ചകോടി നടക്കില്ലെന്ന് വ്യക്തമായി. ഉച്ചകോടി ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ചായിരിക്കും നടക്കുകയെന്നാണ് സൂചന.
അതേസമയം, ട്രംപിന്റെ പരാമർശത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചെന്ന അവകാശവാദത്തെ കുറിച്ചും വിദേശകാര്യ മന്ത്രാലയ വക്താവ് റൺബീർ ജയ്സ്വാൾ മറുപടി നൽകിയില്ല.
എന്നാൽ, ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാർ ഈ മാസം അവസാനത്തോടെ യാഥാർഥ്യമാകുമെന്ന് നിതി ആയോഗ് സി.ഇ.ഒ ബി.വി.ആർ. സുബ്രമണ്യൻ സൂചന നൽകി. സി.എൻ.ബി.സി-ടി.വി18 ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യു.എസുമായുള്ള വ്യാപാര ചർച്ചകൾ കടുത്തതായിരുന്നു. ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാസാവസാനത്തോടെ വ്യാപാര കരാറിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്ന് സുബ്രമണ്യൻ പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ ട്രംപ് 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യക്കുമേൽ ചുമത്തിയ യു.എസ് തീരുവ 50 ശതമാനമായി ഉയർന്നു. യു.എസ് സമ്മർദത്തെ തുടർന്ന് റിലയൻസ് അടക്കമുള്ള ഇന്ത്യൻ കമ്പനികൾ ഒരു മാസത്തിനിടെ റഷ്യൻ എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

