പുണെ, ഗുജറാത്ത്, ചെന്നൈ നഗരങ്ങളെ അഗ്ലി സിസ്റ്റേഴ്സ് സിറ്റി എന്ന് പരാമർശിച്ച് യു.എസ് റിപ്പോർട്ട്: കാരണമെന്ത്?
text_fieldsന്യൂഡൽഹി: പുണെ, ഗുജറാത്ത്, ചെന്നൈ നഗരങ്ങളെ അഗ്ലി സിസ്റ്റേഴ്സ് സിറ്റി എന്ന് പരാമർശിച്ച് വൈറ്റ് ഹൗസിന്റെ വ്യാപാര റിപ്പോർട്ട്. 'ദി ഗ്രേറ്റ് ട്രാൻസ്‌ഷിപ്പ്‌മെന്റ് സ്കാം: റൈസ്, സ്കോപ്പ്, ആൻഡ് കോസ്റ്റ്സ്' എന്ന റിപ്പോർട്ടിലാണ് ഇന്ത്യൻ നഗരങ്ങളെക്കുറിച്ച് പരാമർശമുള്ളത്. യു.എസിലെ സിൻസിനാറ്റി, ഡെടൺ, കൊളംബസ് നഗരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് റിപ്പോർട്ടിലെ പരാമർശം. പമ്പുകളുടെയും കംപ്രസറുകളുടെയും നിർമാണവുമായി ബന്ധപ്പെട്ടാണ് വൈറ്റ് ഹൗസ് ഈ താരതമ്യം നടത്തിയത്.
റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: "ഇന്ത്യയുടെ പുണെ,ഗുജറാത്ത്, ചെന്നൈ ഉൽപ്പാദന നഗരങ്ങളിൽ നിന്നുള്ള HS 8413-8414 പ്രകാരമുള്ള പമ്പുകളും കംപ്രസറുകളും വിപണിയിലെത്തുന്നത് സിൻസിനാറ്റി, ഡെടൺ, കൊളംബസ് എന്നിവിടങ്ങളിലെ വ്യാവസായിക വിതരണ ശൃംഖലയെ ബാധിക്കുന്നു." ഈ ഇന്ത്യൻ നഗരങ്ങളെ മാത്രമല്ല, മെക്സിക്കോ, ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, കോസ്റ്റാറിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി നഗരങ്ങളെയും വൈറ്റ് ഹൗസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
പരമാർശത്തിനു പിന്നിൽ
യു.എസ് ചുമത്തിയിരിക്കുന്ന താരിഫുകൾ ഒഴിവാക്കിക്കൊണ്ട് ചൈനീസ് ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങൾ വഴി അവിടേക്ക് എത്തിക്കുന്നുവെന്നാണ് ആരോപണം. ഒരേതരം ഉൽപ്പന്നങ്ങളിലൂടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വിദേശ ഉൽപ്പാദന/വ്യാപാര കേന്ദ്രങ്ങളെയും നഗരങ്ങളെയും വിശേഷിപ്പിക്കനാണ് ഇവിടെ അഗ്ലി സിസ്റ്റേഴ്സ് സിറ്റീസ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഈ നഗരങ്ങൾക്ക് സാംസ്കാരികമോ പൗരസംബന്ധമായോ യാതൊരു ബന്ധവുമില്ല. ചൈനയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ യു.എസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മറ്റൊരു രാജ്യം വഴി തിരിച്ചുവിടുന്ന വ്യാപാര ബന്ധത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്.
ചൈനീസ് ഇറക്കുമതിക്ക് മേൽ യു.എസ് ചുമത്തിയിരിക്കുന്ന താരിഫുകൾ ഒഴിവാക്കാൻ ചൈനീസ് ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങൾ വഴി യു.എസിൽ എത്തുന്നുണ്ടോ എന്ന് റിപ്പോർട്ട് പരിശോധിക്കുന്നത്. ചില ചൈനീസ് ഉൽപ്പന്നങ്ങൾ മൂന്നാമതൊരു രാജ്യങ്ങളിലേക്ക് അയക്കുകയും, അവിടെ വെച്ച് ചെറിയ തോതിലുള്ള പ്രോസസിങ്, പാക്കേജിങ് മാറ്റങ്ങൾ അല്ലെങ്കിൽ രേഖകളിലെ മാറ്റങ്ങൾ എന്നിവ വരുത്തിയ ശേഷം ആ രാജ്യത്തുനിന്നുള്ള ഉൽപ്പന്നങ്ങളായി യു.എസിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട് വാദിക്കുന്നത്.
ചൈനയിൽ നിന്ന് നേരിട്ട് യു.എസിലേക്ക് എത്തുന്ന ഒരു ഉൽപ്പന്നത്തിന് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന അതേ ഉൽപ്പന്നത്തേക്കാൾ വളരെ ഉയർന്ന താരിഫ് നേരിടേണ്ടിവരും എന്നതാണ് ഇതിന് കാരണം. ചൈനീസ് ഉൽപ്പന്നത്തിന് മേൽ ചുമത്തുന്ന ഉയർന്ന താരിഫും മറ്റൊരു രാജ്യത്തുനിന്ന് വരുമ്പോഴുള്ള കുറഞ്ഞ താരിഫും തമ്മിലുള്ള വ്യത്യാസം മുതലെടുക്കാനാണ് ഇത് ചെയ്യുന്നത്. ചൈനയിൽ നിന്നുള്ള എല്ലാ ഉൽപ്പാദന മാറ്റങ്ങളും സംശയാസ്പദമല്ലെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയുടെ വലിയ നിർമാണ അടിത്തറയും ചൈനീസ് സപ്ലൈ ചെയിനുകളുമായുള്ള അടുത്ത ബന്ധവുമാണ് യു.എസിന്‍റെ ശ്രദ്ധയിൽപ്പെടാൻ കാരണം. 2025ൽ മെക്സിക്കോ, ഇന്ത്യ, വിയറ്റ്നാം എന്നിവയിലൂടെ ചൈനയിൽ നിന്ന് ഏകദേശം 67 ബില്യൺ ഡോളറിന്‍റെ യു.എസിലേക്കുള്ള ചരക്കുകൾ ട്രാൻസ്‌ഷിപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു യു.എസ് കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യ വഴി അയക്കുകയും പിന്നീട് ഒരു ഇന്ത്യൻ ലേബലിൽ യു.എസിലേക്ക് പ്രവേശിക്കുകയും ചെയ്താൽ, ആ ഇറക്കുമതികൾ അതേ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന അമേരിക്കൻ കമ്പനികളുടെ ഓർഡറുകൾ നഷ്ടപ്പെടുത്തിയേക്കാം എന്നതാണ് ഉന്നയിക്കപ്പെടുന്ന വാദം. ഉൽപ്പാദനവും തൊഴിലവസരങ്ങളും യു.എസ് ഫാക്ടറികളിൽ നിന്ന് വിദേശത്തേക്ക് പോകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. വഴിതിരിച്ചുവിടുന്ന ഇറക്കുമതി യു.എസിലെ ഓർഡറുകൾ, ഫാക്ടറി യൂട്ടിലൈസേഷൻ, തൊഴിലവസരങ്ങൾ എന്നിവ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും. ഇത്തരത്തിലുള്ള ഇറക്കുമതിയിലെ ഓരോ 1 ബില്യൺ ഡോളറിനും നേരിട്ടും അല്ലാതെയുമായി 6,000 യു.എസ് തൊഴിലവസരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

