വോഡഫോൺ ഐഡിയക്ക് പുതുജീവൻ; യു.എസ് കമ്പനി ഏറ്റെടുത്തേക്കും
text_fieldsമുംബൈ: കടക്കെണിയിലായ വോഡഫോൺ ഐഡിയയുടെ നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും ഏറെ ആശ്വാസം നൽകി പുതിയ പദ്ധതി. യു.എസിലെ നിക്ഷേപ കമ്പനിയായ ടിൽമാൻ ഗ്ലോബൽ ഹോൾഡിങ്സ് വോഡഫോൺ ഐഡിയയെ ഏറ്റെടുത്തേക്കും. ആറ് ബില്ല്യൻ ഡോളർ അതായത് 52,800 കോടിയോളം രൂപയാണ് കമ്പനി വോഡഫോൺ ഐഡിയയിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. നഷ്ടത്തിലോടുന്ന ടെലികോം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ചർച്ചകളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, നിലവിൽ വോഡഫോൺ ഐഡിയയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ കേന്ദ്ര സർക്കാർ സമഗ്രമായ പാക്കേജ് അനുവദിച്ചാൽ മാത്രമേ നിക്ഷേപത്തിന് തയാറാകൂ എന്നാണ് ടിൽമാൻ ഗ്ലോബലിന്റെ നിബന്ധന. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആർ), സ്പെക്ട്രം തുടങ്ങിയ ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് വോഡഫോൺ ഐഡിയ കേന്ദ്ര സർക്കാരിന് നൽകാനുള്ളത്. ആദിത്യ ബിർല ഗ്രൂപ്പും യു.കെയിലെ വോഡഫോൺ കമ്പനിയുമാണ് നിലവിൽ വോഡഫോൺ ഐഡിയ നടത്തുന്നത്. നിക്ഷേപ കരാർ യാഥാർഥ്യമായാൽ 49 ശതമാനം ഓഹരി വാങ്ങി ടിൽമാൻ ഗ്ലോബൽ നിയന്ത്രണം ഏറ്റെടുക്കും. ആദിത്യ ബിർല ഗ്രൂപ്പും വോഡഫോണും മൈനോറിറ്റി ഓഹരി ഉടമകളായി തുടരും.
നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് ടിൽമാൻ ഗ്ലോബൽ വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. കട ബാധ്യത പൂർണമായും എഴുതി തള്ളുന്നതിന് പകരം അടച്ചുതീർക്കാൻ കാലതാമസം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുത്താൽ നിക്ഷേപ കരാർ മാസങ്ങൾക്കുള്ളിൽ യാഥാർഥ്യമാകുമെന്നാണ് രഹസ്യ വൃത്തങ്ങൾ നൽകുന്ന സൂചന. വോഡഫോൺ ഐഡിയയുടെ എ.ജി.ആർ കുടിശ്ശിക സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി ഈയിടെ അനുമതി നൽകിയിരുന്നു.
ഡിജിറ്റൽ, ഊർജം അടക്കം ശക്തമായ വളർച്ച സാധ്യതയുള്ള മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനിയാണ് ന്യൂയോർക്ക് ആസ്ഥാനമായ ടിൽമാൻ ഗ്ലോബൽ. ഫ്രഞ്ച് ടെലികോം കമ്പനിയായ ഓറഞ്ചിനെ ലാഭത്തിലാക്കിയ സഞ്ജീവ് അഹുജയാണ് ടിൽമാൻ ഗ്ലോബലിനെ നയിക്കുന്നത്. മാത്രമല്ല, വിവിധ രാജ്യങ്ങളിലായി ഫൈബർ, ടവർ രംഗങ്ങളിൽ ടിൽമാൻ ഗ്ലോബലിന് വൻ നിക്ഷേപമുണ്ട്. നേരത്തെ വോഡഫോൺ ഐഡിയയുമായി ചർച്ച നടത്തിയിരുന്നെങ്കിലും ലാഭകരമല്ലെന്ന് കണ്ട് ടിൽമാൻ പിൻവാങ്ങുകയായിരുന്നു. കട ബാധ്യത തീർക്കാൻ 25,000 കോടി രൂപ കണ്ടെത്താനുള്ള പദ്ധതി പരാജയപ്പെട്ടതോടെയാണ് ടിൽമാൻ ഗ്ലോബലുമായി വോഡഫോൺ ഐഡിയ വീണ്ടും ചർച്ച തുടങ്ങിയത്.
പലിശയും പിഴയും അടക്കം 84,000 കോടി രൂപയുടെ എ.ജി.ആർ കുടിശ്ശികയാണ് വോഡഫോൺ ഐഡിയക്കുള്ളത്. നിലവിൽ കേന്ദ്ര സർക്കാറിന് 48.99 ശതമാനവും ആദിത്യ ബിർല ഗ്രൂപ്പിന് 9.50 ശതമാനവും ഓഹരിയും വോഡഫോണിന് 16.07 ശതമാനവും ഓഹരിയാണ് കമ്പനിയിലുള്ളത്. കമ്പനി ഏറ്റെടുക്കാൻ ആരെങ്കിലും തയാറായാൽ ഓഹരികൾ വിറ്റൊഴിവാക്കാനാണ് സർക്കാറിന്റെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

