ട്രംപിന്റെ നയം വിനയായി; ഇന്ത്യയിൽ കുടുങ്ങി യു.എസ് ജീവനക്കാർ
text_fieldsമുംബൈ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിസ നയം കടുപ്പിച്ചത് വിനയായത് യു.എസ് കമ്പനികൾക്ക്. അവധി ആഘോഷിക്കാനും വിസ പുതുക്കാനുമായി നാട്ടിൽ തിരിച്ചെത്തിയ യു.എസ് കമ്പനി ജീവക്കാരാണ് ഇന്ത്യയിൽ കുടുങ്ങിയത്. യു.എസിലേക്കുള്ള ഇവരുടെ തിരിച്ചുപോക്ക് വൈകുന്നത് ഐ.ടി അടക്കമുള്ള കമ്പനികളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
എച്ച് വൺ ബി വിസയിൽ യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രഫഷനലുകളും കുടുംബവും ഡിസംബറിലാണ് അവധി ആഘോഷിക്കാനും വിസ പുതുക്കാനും നാട്ടിലെത്തുക. എന്നാൽ, സമൂഹ മാധ്യമ അക്കൗണ്ട് പരിശോധിച്ച ശേഷം മാത്രം വിസ പുതുക്കിയാൽ മതിയെന്നാണ് യു.എസ് സർക്കാറിന്റെ പുതിയ നയം. ഡിസംബർ 15 മുതൽ ഈ നയം പ്രാബല്യത്തിൽ വന്നതിനാൽ വിസ പുതുക്കാനുള്ള നിരവധി അപേക്ഷകൾ അടുത്ത വർഷത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഐ-94 പോലുള്ള യു.എസ് ഇമിഗ്രേഷൻ രേഖയുണ്ടെങ്കിൽ എച്ച് വൺ ബി വിസ കാലാവധി കഴിഞ്ഞാലും യു.എസിൽ തുടരുന്നതിനും ജോലി ചെയ്യുന്നതിനും തടസ്സമില്ല. എന്നാൽ, മറ്റൊരു രാജ്യത്ത് നിന്ന് യു.എസിലേക്ക് തിരിച്ചുവരണമെങ്കിൽ വിസ പുതുക്കുക തന്നെ വേണം. യു.എസ് എംബസി അല്ലെങ്കിൽ കോൺസുലേറ്റിൽനിന്നാണ് പാസ്പോർട്ടിൽ സീൽ പതിക്കേണ്ടത്. വിസ കാലാവധി അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുള്ള ജീവനക്കാരോട് ഉടൻ യു.എസിലേക്ക് മടങ്ങാനാണ് കമ്പനികൾ നൽകിയ നിർദേശം. മറ്റുള്ളവർ വിസ എത്രയും വേഗം പുതുക്കി കിട്ടാൻ ഇമിഗ്രേഷൻ കൺസൾട്ടന്റുമാരെ സമീപിച്ചിരിക്കുകയാണ്.
എച്ച്-1ബി വിസ അപേക്ഷകരുടെയും അവരുടെ ആശ്രിതരായ എച്ച്-4 അപേക്ഷകരുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളാണ് പരിശോധിക്കുക. ഇതോടെ, യു.എസ് കോൺസുലേറ്റുകളിൽ വ്യാപകമായി വിസ അഭിമുഖങ്ങൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്. യു.എസ് വിസ ‘ഒരു അവകാശമല്ല, പദവിയാണ്’ എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്റെ നിലപാട്. യു.എസ് വിസക്ക് അപേക്ഷിക്കുന്നവർ സമൂഹ മാധ്യമ അക്കൗണ്ടുകൾ പബ്ലിക് ആക്കിയിരിക്കണമെന്നും ഡിപ്പാർട്ട്മെന്‍റ് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

