യു.എസ് കേസ്: അദാനിക്ക് സമൻസ് അയക്കാൻ കോടതിയോട് നിയമ മന്ത്രാലയം
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിക്കെതിരായ കേസിൽ സഹായം ആവശ്യപ്പെട്ട് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ അഭ്യർഥനയോട് അനുകൂലമായി പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രാലയം. അദാനിക്ക് സമൻസ് അയക്കാൻ അഹ്മദാബാദ് ജില്ല സെഷൻസ് കോടതിയോട് ആവശ്യപ്പെട്ടു.
ഹേഗ് കൺവെൻഷൻ പ്രകാരം അമേരിക്കയിലെ കേസിൽ അദാനിക്ക് സമൻസ് അയക്കാൻ നടപടി സ്വീകരിച്ചതായി കേന്ദ്ര സർക്കാർ പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തോട് സ്ഥിരീകരിച്ചു. യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ സമൻസ് നോട്ടീസ് നിയമ മന്ത്രാലയത്തിന് കീഴിലുള്ള നിയമകാര്യ വകുപ്പ് അഹ്മദാബാദിലെ സെഷൻസ് കോടതിയിലേക്ക് കൈമാറി.
അദാനിയുടെ അഹ്മദാബാദിലെ വിലാസത്തിൽ നോട്ടീസ് അയക്കും. ഫെബ്രുവരി 25നാണ് നിയമകാര്യ വകുപ്പ് നോട്ടീസ് അയച്ചത്. ഹേഗ് കൺവെൻഷനിൽ ഒപ്പുവെച്ച രാജ്യങ്ങൾക്ക് വിദേശ പൗരനെതിരെ കേസെടുത്താൽ നോട്ടീസ് നൽകുന്നതിന് പരസ്പരം സഹായം തേടാം.
അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീൻ ലിമിറ്റഡ് ഉൽപാദിപ്പിച്ച സൗരോർജം വിപണി വിലയേക്കാൾ കൂടിയ തുകക്ക് വാങ്ങാൻ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നതർക്ക് കൈക്കൂലി നൽകിയ വിവരം അമേരിക്കൻ നിക്ഷേപകരിൽനിന്ന് മറച്ചുവെച്ചുവെന്നതാണ് അദാനിക്കെതിരായ കുറ്റം. അദാനിയുടെ അനന്തരവൻ സാഗർ അദാനിയും കേസിൽ പ്രതിയാണ്. ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കേസ് ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് അദാനി ഗ്രൂപ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.