യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരും; ഉപഭോക്താക്കളിൽനിന്ന് ചാർജ് ഈടാക്കില്ലെന്നും പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ
text_fieldsന്യൂഡൽഹി: രാജ്യത്തെ യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും ഉപഭോക്താക്കളിൽനിന്ന് ചാർജ് ഈടാക്കില്ലെന്നും പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ). ചെറുകിട വ്യാപാരികൾ ഡിജിറ്റൽ പണമിടപാടുകൾ സ്വീകരിക്കുന്നതിന് നിരക്കുകൾ നൽകേണ്ടി വരില്ലെന്നും പി.സി.ഐ വ്യക്തമാക്കി. രണ്ടായിരത്തിന് മുകളിൽ ഇടപാട് നടത്തുന്ന വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പി.സി.ഐ പ്രതികരണം.
2016ൽ ആരംഭിച്ചത് മുതൽ ഉപഭോക്താക്കൾക്ക് യു.പി.ഐ സംവിധാനം സൗജന്യമാണ്. യാതൊരു ഇടപാട് ചാർജുകളും നൽകാതെ തന്നെ ഓരോ ഇന്ത്യക്കാരനും തൽക്ഷണ ഡിജിറ്റൽ പേയ്മെന്‍റുകൾ നടത്തുന്നത് തുടരാമെന്നും പി.സി.ഐ വിശദമാക്കി. ഇന്ത്യയിലുടനീളമുള്ള ചെറിയ വ്യാപാരികൾക്കു പോലും ഡിജിറ്റൽ പേയ്മെന്‍റുകൾ ലഭ്യമാക്കുന്നതിനാണ് യു.പി.ഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്നത് ഈ പേയ്മെന്‍റ് മേഖലയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചക്ക് പ്രധാനമാണ്. പ്രതിമാസം കോടിക്കണക്കിന് ഇടപാടുകൾ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമായി പ്ലാറ്റ്ഫോം വളർന്നു. ഇടപാടുകളുടെ എണ്ണം കുത്തനെ ഉയരുമ്പോൾ, ഉപഭോക്താക്കളുടെയും ചെറുകിട വ്യാപാരികളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് സംവിധാനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള വഴികൾ തേടുകയാണ്.
ബാങ്കുകൾ, പേയ്‌മെന്റ് കമ്പനികൾ, ഫിൻടെക് സ്ഥാപനങ്ങൾ, നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവർ പണമിടപാട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി സുരക്ഷ സംവിധാനങ്ങളിൽ വലിയ നക്ഷേപം നടത്തിയിട്ടുണ്ട്. ദേശീയ പണമിടപാട് ശൃംഖല പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവുകൾ നിലവിൽ ബാങ്കുകളും പേയ്‌മെന്റ് സർവിസ് ദാതാക്കളുമാണ് വഹിക്കുന്നത്. വലിയ വ്യാപാരികൾക്ക് ബാധകമാകുന്ന മർച്ചന്റ് സർവിസ് ചാർജുകൾ ആഗോളതലത്തിൽ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളുടെ സവിശേഷതയാണ്. അത് യു.പി.ഐ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ മേലുള്ള ചാർജുകളായി വ്യാഖ്യാനിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.
യു.പി.ഐ പണമിടപാടുകൾക്ക് സർവിസ് ചാർജ് (എം.ഡി.ആർ) ഈടാക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന നിർണായക നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ധനമന്ത്രി നിർമല സീതാരാമൻ ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ അവതരിപ്പിച്ചത്. സഭയിൽ ചർച്ച ചെയ്യാതെ ശബ്ദ വോട്ടോടെ ബിൽ പാസാക്കുകയായിരുന്നു.
പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് സേവനദാതാവ് സർവിസ് ചാർജ് ഈടാക്കുന്നതാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ). ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പരിപാലിക്കുന്നതിനാണ് ഈ തുക. 2020 മുതൽ നിലവിലുള്ള സമ്പൂർണ സൗജന്യ സേവന രീതി സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ബിൽ പാസായതോടെ ആവശ്യമായ ഘട്ടങ്ങളിൽ എം.ഡി.ആർ ഈടാക്കാൻ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും അനുമതി നൽകാനുള്ള നിയമപരമായ അധികാരം ഇനി സർക്കാറിനുണ്ടാകും.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എം.ഡി.ആർ ഉണ്ടെങ്കിലും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ യു.പി.ഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾക്കും എം.ഡി.ആർ ഈടാക്കുന്നില്ല. ഇക്കാരണത്താൽ യു.പി.ഐ ഇടപാട് സ്വീകരിക്കുന്നതിന് വ്യാപാരികൾ അധികചാർജ് നൽകുന്നില്ല. എം.ഡി.ആർ വന്നാൽ ഈ ബാധ്യത ക്രമേണ ഉപയോക്താക്കളിലേക്കുമെത്താം. ഉയർന്ന തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് ഭാവിയിൽ സർവിസ് ചാർജ് ഈടാക്കാൻ നിയമ ഭേദഗതി വഴിതുറക്കും. നിലവിൽ ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി തുടങ്ങിയ ഡിജിറ്റൽ പണമിടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കുന്നുണ്ട്.
ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് സാധാരണയായി 1.5 ശതമാനവും ഡെബിറ്റ് കാർഡുകൾക്ക് 0.9 ശതമാനവുമാണ് നിലവിൽ എം.ഡി.ആർ ഈടാക്കുന്നത്. ഭാവിയിൽ നിശ്ചിത തുകക്ക് മുകളിലുള്ള ഇടപാടുകൾക്കോ വ്യാപാരിയുടെ വാർഷിക വിറ്റുവരവ് അടിസ്ഥാനമാക്കിയോ എം.ഡി.ആർ ഏർപ്പെടുത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

