വ്യാപാരികൾക്ക് ആശ്വാസം; 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് തത്കാലം ഫീസില്ല
text_fieldsമുംബൈ: യു.പി.ഐ ഉപയോക്താകൾക്ക് ആശ്വാസം. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് മേൽ 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഏർപ്പെടുത്താനുള്ള തീരുമാനം നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) നീട്ടിവെച്ചു. ഉത്സവ സീസൺ കണക്കിലെടുത്താണ് ഈ തീരുമാനം.
നിലവിൽ ദീപാവലിക്ക് ശേഷം നടപ്പിലാക്കാനാണ് എൻ.പി.സി.ഐ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തിയതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
"ഉത്സവ സീസൺ കണക്കിലെടുത്ത് തെരഞ്ഞെടുത്ത പേഴ്സൺ-ടു-മെർച്ചന്റ് (P2M) യു.പി.ഐ ഇടപാടുകൾക്കമേലുള്ള മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) നടപ്പിലാക്കുന്നത് യു.പി.ഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റി നീട്ടിവെച്ചു. ദീപാവലിക്ക് തൊട്ടുപിന്നാലെ പ്രത്യേകമായി അറിയിക്കുന്ന തീയതി മുതൽ നടപ്പിലാക്കാനാണ് പുതിയ തീരുമാനം,"എൻ.പി.സി.ഐ പ്രസ്താവനയിൽ അറിയിച്ചു.
ഒക്ടോബർ 15 മുതൽ 2000 രൂപക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ നടപ്പിലാക്കുമെന്നായിരുന്നു തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബർ 14നാണ് കേന്ദ്ര സർക്കാർ ഇറക്കിയത്. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ബാങ്കുകൾക്കും പേയ്‌മെന്റ് സർവിസ് പ്രൊവൈഡർമാർക്കും യു.പി.ഐ ആപ്പുകൾക്കും നൽകേണ്ട സേവന നിരക്കാണ് എം.ഡി.ആർ. ആറ് വർഷത്തോളമായി തുടർന്നുപോന്ന സമ്പൂർണ സൗജന്യ യു.പി.ഐ സേവനങ്ങൾക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഈ നടപടി.
ഈ നീക്കത്തിനെതിരെ ഈ മാസമാദ്യം മൊത്ത -ചില്ലറ വ്യാപാരികൾ 'നോ യു.പി.ഐ ഡേ ആചരിച്ച് പ്രതിഷേധിച്ചിരുന്നു. കൂടാതെ, തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി വ്യാപാരികൾ പ്രതിഷേധം ഉയർത്തിയിരുന്നു. ചിലയിടങ്ങളിൽ ക്യു.ആർ കോഡ് സ്കാനറുകളിൽ കറുത്ത റിബൺ കെട്ടിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. യു.പി.ഐയുടെ സൗജന്യ സ്വഭാവം ഇല്ലാതാകുമെന്നും ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
എന്നാൽ ഡിജിറ്റൽ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്നതിനും ബാങ്കുകൾക്കും പേയ്‌മെന്റ് സേവനദാതാക്കൾക്കും അടിസ്ഥാന സൗകര്യ ചെലവുകൾ തിരിച്ചുപിടിക്കുന്നതിനുമാണ് എം.ഡി.ആർ ഏർപ്പെടുത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

