ആദായ നികുതിയിൽ മാറ്റമില്ല; പ്രതിസന്ധി മറികടക്കാൻ വൻ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ്
text_fieldsന്യൂഡൽഹി: കോവിഡ് മൂന്നാംതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റിൽ പ്രതിസന്ധി മറികടക്കാനുള്ള വൻ പ്രഖ്യാപനങ്ങൾ ഇടംപിടിച്ചില്ല. പി.എം ഗതിശക്തി പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യവികസനമേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്ക് വേണ്ടിയുള്ള നിർദേശങ്ങൾ ധനമന്ത്രി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി വഴി ഭൂമി രജിസ്ട്രേഷൻ ഏകീകരിച്ചതും ഡിജിറ്റൽ കറൻസിയുടെ വരവുമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. കസ്റ്റംസ് ഡ്യൂട്ടി കുറച്ചത് മൊബൈൽ ഫോൺ, രത്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ വില കുറയതിന് കാരണമാകും.
എന്നാൽ, ഇക്കുറിയും ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. തെറ്റുതിരുത്തി നികുതി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം അനുവദിച്ചതാണ് ഈ മേഖലയിലെ പ്രധാനമാറ്റം. റോഡ്, റെയിൽവേ, വിദ്യാഭ്യാസം, ടെലികോം തുടങ്ങിയ വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യവികസന മേഖലയിൽ കൂടുതൽ പണമിറക്കി ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനുള്ള നീക്കം ഈ ബജറ്റിലും കാണാം. മൂലധനചെലവ് 35 ശതമാനം വർധിപ്പിച്ചതും കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി വായ്പ അനുവദിച്ചതും പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യം മുൻനിർത്തി തന്നെയാണ്. അതേസമയം, വായ്പ പരിധി ഉയർത്താത്തത് സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാവും.
5ജി, ഇ-പാസ്പോർട്ട് , പോസ്റ്റ് ഓഫീസുകളിലെ കോർ ബാങ്കിങ് സംവിധാനം എന്നിവയെല്ലാം ഇക്കുറിയും ബജറ്റിൽ ഉൾപ്പെടുന്നുണ്ട്. കോവിഡുകാലത്ത് പഠനം ഡിജിറ്റലിലേക്ക് മാറിയതോടെ ഇതിനെ സഹായിക്കാനായി കൂടുതൽ നിർദേശങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രാദേശിക ഭാഷകളിൽ ഉൾപ്പെടെ പുതിയ ചാനലുകൾ വരുന്നത് ഡിജിറ്റൽ പഠനത്തിന്‍റെ വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം കാർഷികമേഖലയുടെ ആധുനികവൽക്കരണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഇടപിടിച്ചിട്ടുണ്ട്.
Live Updates
- 1 Feb 2022 5:47 AM GMT
ആരോഗ്യരംഗം വളർച്ചയിൽ
ആരോഗ്യരംഗം വളർച്ചയിൽ. ആരോഗ്യമേഖലയിൽ 60 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചു.
- 1 Feb 2022 5:44 AM GMT
പി.എം ഗതി ശക്തി മാസ്റ്റർ പ്ലാൻ
യുവാക്കൾ, സ്ത്രീകൾ, കർഷകർ, എസ്.സി, എസ്.ടി എന്നിവരെ ലക്ഷ്യമിട്ടാണ് പൊതു ബജറ്റെന്ന് ധനമന്ത്രി. പി.എം ഗതി ശക്തി മാസ്റ്റർ പ്ലാൻ അതിലേക്ക് നയിക്കും
- 1 Feb 2022 5:39 AM GMT
രാജ്യം വേഗം തിരിച്ചുവരും
ഒമിക്രോൺ വ്യാപനത്തിന്റെ മധ്യത്തിലാണ് രാജ്യം. വാക്സിനേഷൻ ഇതിൽനിന്ന് എളുപ്പത്തിൽ മുക്തി നേടാൻ സഹായിച്ചു. ശക്തമായ വളർച്ചയിലേക്ക് രാജ്യം തിരിച്ചുവരുമെന്ന വിശ്വാസമുണ്ടെന്നും ധനമന്ത്രി
- 1 Feb 2022 5:36 AM GMT
ബജറ്റ് അവതരണം തുടങ്ങി
ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ കേന്ദ്രബജറ്റ് അവതരണം തുടങ്ങി. വെല്ലുവിളികളെ നേരിടാൻ തയാറെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്നും ധനമന്ത്രി.
- 1 Feb 2022 5:31 AM GMT
പേപ്പർ രഹിത ബജറ്റ്
ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. ദേശീയചിഹ്നമായ അശേകസ്തംഭത്തിന്റെ രൂപം പതിച്ച ചുവന്ന ഫയലിൽവെച്ച ടാബ്ലറ്റിലാണ് ബജറ്റ് രേഖകൾ
- 1 Feb 2022 5:15 AM GMT
ഓഹരിവിപണിയിൽ ഉണർവ്
കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ഓഹരിവിപണിയിൽ ഉണർവ്. സെൻസെക്സ്, നിഫ്റ്റി ഒാഹരിവിപണികൾ നേട്ടത്തിൽ
- 1 Feb 2022 5:09 AM GMT
പൊതുബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി
കേന്ദ്രമന്ത്രിസഭ യോഗം ചേർന്നു. പൊതുബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി
- 1 Feb 2022 5:03 AM GMT
സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം നൽകണം
കേന്ദ്രബജറ്റിൽ കേരളത്തോട് രാഷ്ട്രീയ വിവേചനം പാടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം നൽകണം. പദ്ധതിക്ക് കേന്ദ്രവിഹിതവും നൽകണം
- 1 Feb 2022 4:59 AM GMT
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ കേന്ദ്രമന്ത്രിമാർ പാർലമെന്റിൽ. മന്ത്രിസഭായോഗം ചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.