ട്രംപിന്റെ പദ്ധതി പാളി; ഒരു അപേക്ഷ പോലും ലഭിക്കാതെ ഗോൾഡ് കാർഡ് വിസ
text_fieldsമുംബൈ: അപേക്ഷ ക്ഷണിച്ച് ഒരു ആഴ്ച കഴിഞ്ഞിട്ടും ആരും വാങ്ങാതെ യു.എസിന്റെ ഗോൾഡ് കാർഡ് വിസ. എച്ച് വൺ ബി വിസ ഫീസ് കുത്തനെ ഉയർത്തിയതിന് പിന്നാലെയാണ് യു.എസ് ഭരണകൂടം ഗോൾഡ് കാർഡ് വിസക്ക് അപേക്ഷ ക്ഷണിച്ചത്. സമ്പന്നരായ ഇന്ത്യക്കാർക്ക് പോലും ഈ വിസ വാങ്ങാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. ഗോൾഡ് കാർഡ് വിസക്ക് പകരം യു.എസിൽ നിക്ഷേപം നടത്തുന്നവർക്കുള്ള ഇബി-5 വിഭാഗം വിസക്ക് അപേക്ഷ നൽകാനാണ് ഈ രംഗത്തെ വിദഗ്ധർ നൽകുന്ന നിർദേശം.
അപേക്ഷ മാർഗനിർദ്ദേശങ്ങളിലെ അവ്യക്തതയും സ്ഥിര താമസമോ പൗരത്വമോ ഉറപ്പുനൽകാത്തതുമാണ് അപേക്ഷകരുടെ താൽപര്യം കുറയാൻ കാരണമെന്ന് സിങ്കാനിയ & കമ്പനി പ്രൈവറ്റ് ക്ലയന്റ് തലവൻ കേശവ് സിങ്കാനിയ പറഞ്ഞു.
ഇതുവരെ ഒരു അപേക്ഷ പോലും ലഭിച്ചില്ലെന്നും അപേക്ഷക്ക് താൽപര്യം പ്രകടിപ്പിക്കുന്നവരോട് ഇബി-5 വിസ പരിഗണിക്കാനാണ് നിർദേശം നൽകുകയെന്നും പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകയായ പൂർവി ചോതാനി പറഞ്ഞു. അപേക്ഷ നൽകിയാൽ നിരവധി കാലം കാത്തിരിക്കേണ്ടതിനാലും നിയമപരവും പ്രായോഗികവുമായ അനിശ്ചിതാവസ്ഥതയുള്ളതിനാലും ഈ ഘട്ടത്തിൽ ഇബി-1, ഇബി-2 വിഭാഗം വിസകളും ആകർഷകമല്ലെന്നും അവർ വ്യക്തമാക്കി.
അതിസമ്പന്നരും വ്യവസായ സംരംഭകരും ഗോൾഡ് കാർഡ് വിസയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭൂരിഭാഗം പേരിൽനിന്നും തുടർനടപടികളുണ്ടായില്ലെന്ന് യു.എസ് ആസ്ഥാനമായുള്ള വിസലോ നാഷനിലെ മാനേജിങ് അറ്റോർണി ശിൽപ മാലിക് പറഞ്ഞു. ഔദ്യോഗികമായി ഒരു അപേക്ഷയും ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.
പെട്ടെന്ന് കുടിയേറുന്നതിനേക്കാൾ ദീർഘകാലം യു.എസിൽ നിക്ഷേപം നടത്തുന്നതിനും ജീവിക്കുന്നതിനും താൽപര്യമുള്ള അതിസമ്പന്നർ മാത്രമേ ഗോൾഡ് കാർഡ് വിസക്ക് അപേക്ഷിക്കാൻ സാധ്യതയുള്ളൂവെന്നും അവരുടെ എണ്ണം വളരെ കുറവാണെന്നും ശിൽപ മാലിക് കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയിൽനിന്ന് ഇബി-5 വിസ അപേക്ഷരിൽ വൻ വർധനവാണുണ്ടായെന്നാണ് വിവരം. ഇബി-5 വിസയിൽ ഭൂരിഭാഗവും ഇന്ത്യ, ചൈന രാജ്യങ്ങളിൽനിന്നാണ്. ഒരു വർഷം 10,000 ഇബി-5 വിസയാണ് യു.എസ് അനുവദിക്കുന്നത്. എന്നാൽ, എട്ട് ലക്ഷം ഡോളർ നിക്ഷേപം നടത്തി 10 തൊഴിലവസരമുണ്ടാക്കണമെന്നതാണ് ഇബി-5 വിസ ലഭിക്കാനുള്ള നിബന്ധന. ഇത്രയും നിക്ഷേപം നടത്തിയാൽ കുടുംബത്തിന് ഇബി-5 കുടുംബത്തിന് മുഴുവൻ വിസ ലഭിക്കും. അതേസമയം, ഗോൾഡ് കാർഡ് വിസ ലഭിക്കണമെങ്കിൽ കുടുംബത്തിലെ ഓരോ അംഗവും ഒരു ദശലക്ഷം ഡോളർ അടക്കണം. ഒപ്പം 15,000 ഡോളർ പ്രോസസിങ് ഫീസും നിയമപരമായ ബാധ്യതകളും വഹിക്കണമെന്നും സിങ്കാനിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

