അവശ്യ സാധന വില കുതിച്ചുയർന്നു; ബീഫിന്റെയടക്കം താരിഫ് കുറച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: വില കുതിച്ചുയർന്നതിന് പിന്നാലെ പൗരന്മാരുടെ പ്രതിഷേധം കണക്കിലെടുത്ത് നിരവധി ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീഫ്, തക്കാളി, വാഴപ്പഴം തുടങ്ങിയ ഡസനിലേറെ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നികുതിയാണ് കുറച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ 10 ശതമാനത്തിന് മുകളിൽ വർധനയുണ്ടായ ഉത്പന്നങ്ങളുടെ നികുതി ഇളവ് ചെയ്യുകയായിരുന്നു.
സെപ്റ്റംബറിലെ ഉപഭോക്തൃ വില സൂചിക പ്രകാരം ബർഗറും കബാബും തയാറാക്കാനുള്ള ഗ്രൗണ്ട് ബീഫിന്റെ വില കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനമാണ് വർധിച്ചത്. സ്റ്റീക്കിന്റെ വില 17 ശതമാനം കൂടി. മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇവ രണ്ടും വിപണിയിൽ വിൽക്കുന്നത്. വാഴപ്പഴത്തിന്റെ വില ഏഴ് ശതമാനവും തക്കാളി വില ഒരു ശതമാനവും കൂടുതലാണ്. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് പണപ്പെരുപ്പം രൂക്ഷമായതിനെ തുടർന്നാണ് ഇതിനു മുമ്പ് വില ഇത്രയും ഉയർന്നത്.
വിവിധ രാജ്യങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് കനത്ത താരിഫ് ചുമത്തിയതിനെ തുടർന്നാണ് യു.എസ് വിപണിയിൽ പലചരക്ക് സാധനങ്ങളുടെ വില കുതിച്ചുയർന്നത്. ഉയർന്ന താരിഫ് പ്രഖ്യാപനം ആഭ്യന്തര വിപണിയിൽ അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കില്ലെന്ന നിലപാടിൽനിന്നുള്ള പിന്മാറ്റമാണ് ട്രംപിന്റെ പുതിയ നീക്കം. ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളാണ് വില വർധിക്കാൻ കാരണമെന്നും താരിഫ് പ്രഖ്യാപിച്ചതല്ലെന്നുമായിരുന്നു ട്രംപ് ആവർത്തിച്ചിരുന്നത്.
മാത്രമല്ല, യു.എസിലെ വിർജീനിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലെ സംസ്ഥാന, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടി വൻ വിജയം നേടിയത് ട്രംപിന്റെ താരിഫ് നയത്തിനുള്ള തിരിച്ചടിയാണ്. അവശ്യ വസ്തുക്കങ്ങളുടെ വിലക്കയറ്റമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം.
യു.എസിൽ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങൾക്കുമേലും പത്ത് ശതമാനം അടിസ്ഥാന നികുതിയാണ് ട്രംപ് ചുമത്തിയിരുന്നത്. ഇതിനു പുറമെ, ഓരോ രാജ്യങ്ങൾക്കുമേലും വ്യത്യസ്തമായ തോതിൽ അധിക താരിഫും പ്രഖ്യാപിച്ചിരുന്നു. ഉയർന്ന താരിഫ് കാരണം ഉത്പന്നങ്ങളുടെ വില ഇനിയും കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അടുത്ത വർഷത്തോടെ കമ്പനികൾ ഉയർന്ന താരിഫ് ബാധ്യത ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നതോടെയായിരിക്കും വില വർധിക്കുക.
താരിഫ് യുദ്ധം ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് തുടക്കം മുതൽ നമുക്ക് അറിയാം. ഇപ്പോൾ ട്രംപും ഇക്കാര്യം സമ്മതിച്ചിരിക്കുകയാണെന്ന് യു.എസ് പ്രതിനിധിസഭയുടെ വേയ്‌സ് ആൻഡ് മീൻസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റ് റിച്ചാർഡ് നീൽ പറഞ്ഞു. താരിഫ് വർധന നിലവിൽ വന്നശേഷം പണപ്പെരുപ്പം വർധിക്കുകയും ഉത്പാദനം മാസംതോറും ചുരുങ്ങുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

