കനത്ത നഷ്ടത്തിൽ; എ.ഐ അവസരം മുതലെടുക്കാൻ ട്രംപിന്റെ കമ്പനി
text_fieldsവാഷിങ്ടൺ: ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റത് മുതൽ ഏറ്റവും വലിയ ചർച്ചയാണ് അദ്ദേഹത്തിന്റെ ബിസിനസ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതിക വിദ്യയുടെ വളർച്ച മുതലെടുത്ത് ലോകത്തെ വൻകിട കമ്പനിയാകാനുള്ള നീക്കത്തിലാണ് ട്രംപ് മീഡിയ. ഇതിന്റെ ഭാഗമായി ആണവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയിൽ ലയിക്കാൻ ട്രംപ് മീഡിയ തീരുമാനിച്ചു. ടി.എ.ഇ ടെക്നോളജീസ് എന്ന കമ്പനിയുമായാണ് ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ലയിക്കുക. ആറ് ബില്ല്യൻ ഡോളർ അതായത് 5,395 കോടി രൂപയുടെ ഇടപാടാണിത്.
ന്യൂക്ലിയർ ഫ്യൂഷൻ പ്രതിപ്രവർത്തനങ്ങളിൽനിന്നുള്ള താപം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ടി.എ.ഇ ടെക്നോളജീസ് ചെയ്യുന്നത്. അടുത്ത വർഷത്തോടെ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. എ.ഐ സാങ്കേതിക വിദ്യ വളരുന്ന പശ്ചാത്തലത്തിൽ ഡാറ്റ സെന്ററുകൾ അടക്കം പ്രവർത്തിപ്പിക്കാൻ വൻതോതിൽ വൈദ്യുതി വേണ്ടിവരുമെന്നതാണ് ടി.എ.ഇ ടെക്നോളജീസുമായി ലയിപ്പിക്കാൻ ട്രംപ് മീഡിയ ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്. മാത്രമല്ല, ലയനത്തോടെ ഒരു മീഡിയ കമ്പനിയിൽനിന്ന് മാറി ഓഹരി വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്ന ലോകത്തെ ആദ്യത്തെ ഫ്യൂഷൻ കമ്പനികളിൽ ഒന്നാകും.
ട്രംപിന്റെ റിയൽ എസ്റ്റേറ്റ്, ക്രിപ്റ്റോകറൻസി തുടങ്ങിയ പല ബിസിനസുകളിൽ ഒന്നാണ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ്. അമേരിക്കൻ സമൂഹത്തിന് സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താൻ ട്രൂത്ത് സോഷ്യൽ എന്ന സമൂഹ മാധ്യമം സ്വന്തമായുണ്ടെങ്കിലും കഴിഞ്ഞ നിരവധി വർഷമായി നഷ്ടത്തിലാണ് ട്രംപ് മീഡിയ. നിക്ഷേപകർക്ക് കനത്ത നഷ്ടമാണ് ഈ ഓഹരി നൽകിയത്. ട്രംപ് രണ്ടാമതും പ്രസിഡന്റായതിന് പിന്നാലെ കുടുംബം നടത്തിയ ഏറ്റവും വലിയ ലയന ഇടപാടിനെ തുടർന്ന് മീഡിയ ഗ്രൂപ്പിന്റെ ഓഹരി വില കഴിഞ്ഞ ദിവസം 40 ശതമാനം ഉയർന്നു. എങ്കിലും ഒരു വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽനിന്ന് 56 ശതമാനം ഇടിവിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
മെറ്റയും ടെസ്‍ലയും ഗൂഗിളും ആപ്പിളുമെല്ലാം എ.ഐ സാങ്കേതിക വിദ്യയുടെ പിന്നാലെ കുതിക്കുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ നീക്കം. ഫ്യൂഷൻ ടെക്നോളജി വാണിജ്യപരമായി വിജയമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും യു.എസ് സർക്കാറിന്റെ പിന്തുണയുണ്ടെന്നതാണ് ടി.എ.ഇ ടെക്നോളജീസിന്റെ സാധ്യത വർധിപ്പിക്കുന്നത്. എ.ഐ മേഖലയുടെ വൈദ്യുതി ഡിമാൻഡ് ശക്തമായ ഉയർന്ന സാഹചര്യത്തിൽ ഫ്യൂഷൻ ടെക്നോളജി പോലുള്ള സാങ്കേതികവിദ്യകളുടെ വളർച്ചക്ക് ട്രംപ് ഭരണകൂടം പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
2021ൽ കാപിറ്റോൾ സംഘർഷവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമ അക്കൗണ്ട് ട്വിറ്റർ റദ്ദാക്കിയതോടെയാണ് ട്രംപ് സ്വന്തം മീഡിയ കമ്പനി തുടങ്ങിയത്. ഗൂഗിൾ ഉടമകളായ ആൽഫബറ്റ്, ഷെവ്റോൺ, ഗോൾഡ്മാൻ സാച്സ് തുടങ്ങിയ കമ്പനികളും അഡിസൺ ഫിഷർ, സാംബേർഗ് തുടങ്ങിയ കുടുംബങ്ങളും ടി.എ.ഇ ടെക്നോളജീസിലെ നിക്ഷേപകരാണ്. ആണവ ശാസ്ത്രജ്ഞനും യു.എസ് ഊർജ സെക്രട്ടറിയുമായ ഏണസ്റ്റ് മോണിസ് കമ്പനിയുടെ ബോർഡ് അംഗങ്ങളിൽ ഒരാളാണ്. മാത്രമല്ല, ട്രംപ് കുടുംബത്തിന്റെ അടുത്ത സുഹൃത്തായ മൈക്കൽ ഷ്വാബും ടി.എ.ഇ ടെക്നോളജീസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

