ഓഫിസുകളിലല്ല, തെരുവിൽ കാണാം ഇനി കൂട്ടപ്പിരിച്ചുവിടൽ; 12 ലക്ഷം പേരുടെ ജോലി തുലാസിൽ
text_fieldsന്യൂഡൽഹി: അങ്കൂർ കുമാർ നോയിഡയിൽ ബ്ലിങ്കിറ്റിന്റെ ഡെലിവറി പാർട്ണറാണ്. ഒരു ദിവസം 12 മണിക്കൂറോളം അയാൾ ജോലി ചെയ്യും. ചില ദിവസങ്ങളിൽ ജോലി സമയം 15 മണിക്കൂറോളം നീളും. നഗരത്തിന്റെ ചൂടിൽ ഉരുകി പൊടിയും പുകയും ശ്വസിച്ച് ജീവൻ പണയം വെച്ചാണ് അയാൽ തുച്ഛമായ വേതനം പറ്റുന്നത്. പക്ഷെ, 50 കിലോമീറ്റർ അകലെ ഗുഡ്ഗാവിൽ ചുരുങ്ങിയ ചെലവിൽ ഡ്രോണുകൾ പലചരക്ക് സാധനങ്ങളും മരുന്നും വിതരണം ചെയ്യാൻ തുടങ്ങിയ കാര്യം അയാൾ അറിഞ്ഞിട്ടില്ല. ഗുഡ്ഗാവിലും ബംഗളൂരുവിലുമുള്ള വെയർഹൗസിൽനിന്ന് മിനിട്ടുകൾക്കകമാണ് എട്ട് കിലോ ഗ്രാം വരെ തൂക്കമുള്ള പാർസലുകൾ ഡ്രോണുകളിൽ ഉപഭോക്താക്കളുടെ വീടുകളിൽ വിതരണം ചെയ്യുന്നത്.
100 മുതൽ 180 കിലോ മീറ്റർ ദൂരമാണ് അങ്കൂർ ഒരു ദിവസം സ്കൂട്ടറിൽ യാത്ര ചെയ്യുന്നത്. ഓരോ ഡെലിവറിക്കും കിലോമീറ്ററിന് 15 രൂപ ലഭിക്കും. ഓരോ അധിക കിലോമീറ്ററിനും 10 മുതൽ 14 രൂപയാണ് സമ്പാദിക്കാൻ കഴിയുക. എന്നാൽ, ഡ്രോണുകളുടെ ഡെലിവറി ചെലവ് കിലോ മീറ്ററിന് വെറും നാലു രൂപയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) നടപ്പാക്കുമ്പോൾ ആയിരക്കണക്കിന് ഐ.ടി പ്രഫഷനൽസിന് ജോലി പോകുന്ന കാര്യം ലോകം മുഴുവൻ വലിയ ചർച്ചയാണ്. എന്നാൽ, ഡ്രോണുകളും റോബോട്ടുകളും ആധിപത്യം നേടുമ്പോൾ അങ്കൂറിനെ പോലെ രാവും പകലും കഠിനാധ്വാനം ചെയ്യുന്ന 12 ലക്ഷം പേർക്ക് ഏത് ദിവസവും തൊഴിൽ നഷ്ടപ്പെടുമെന്നത് ആരും ആലോചിച്ചിട്ടില്ല.
നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടാണ് ആമസോൺ യു.എസിൽ വെയർഹൗസുകളിൽ എ.ഐ നടപ്പാക്കിയത്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിലും സമാനമായ മാറ്റം കൊണ്ടുവരാനാണ് പദ്ധതി. സ്റ്റോർ ജീവനക്കാർ മുതൽ ഡെലിവറി പാർട്ണർ വരെയുള്ള തുച്ഛമായ വേതനം പറ്റുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലാണ് റോബോട്ടുകളും എ.ഐയും കവരുന്നത്.
അങ്കൂറിനെ പോലെയുള്ള ഗിഗ് തൊഴിലാളികൾക്ക് യന്ത്രങ്ങളും സാങ്കേതിക വിദ്യയും മാത്രമല്ല ഭീഷണി. മറിച്ച് തൊഴിൽ തേടി ഈ രംഗത്തെത്തുന്നവരുടെ എണ്ണം കൂടിയാണ്. അതായത് അഞ്ച് വർഷത്തിനകം ഗിഗ് തൊഴിലാളികളുടെ എണ്ണം 23.5 ദശലക്ഷം കവിയുമെന്നാണ് റിപ്പോർട്ട്. മാസം 5400 കിലോ മീറ്റർ വരെ അങ്കൂർ യാത്ര ചെയ്യുന്നുണ്ട്. അതായത് കന്യാകുമാരിയിൽനിന്ന് കശ്മീർ വരെ പോകുന്ന ദൂരം. എന്നാൽ, അയാൾ ഒരിടത്തേക്കും നീങ്ങുന്നില്ലെന്നതാണ് സത്യം. പൊലീസുകാരനാവാനായിരുന്നു അയാളുടെ മോഹം. ഒടുവിൽ എത്തിപ്പെട്ടത് പ്രമോഷനും പുരോഗതിയുമില്ലാത്ത ഒരു ജോലിയിൽ.
ബ്രാൻഡഡ് വസ്ത്രം, ഹെൽമെറ്റ്, ഡെലിവറി ബാഗ് തുടങ്ങിയ പല സാധനങ്ങളും വേണം ഒരു ഡെലിവറി ജീവനക്കാരനാകാൻ. അതിനായി കമ്പനിക്ക് ആദ്യം അങ്ങോട്ട് 2000 രൂപയിലേറെ നൽകണം. ഇതെല്ലാം പിന്നീട് ശമ്പളത്തിൽനിന്ന് പിടിക്കുകയാണ് പതിവ്. ടെലിവറി പാർട്ണർമാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ ഒരു നിയമവുമില്ല. അതുകൊണ്ടു തന്നെ വൈദഗ്ധ്യമില്ലാത്ത, തുച്ഛമായ വേതനം പറ്റുന്ന ഇവർക്ക് പകരം റോബോട്ടുകളെ വെക്കാൻ കഴിയും. യന്ത്രവത്കരണത്തിന്റെ പേരിൽ ഈ തൊഴിൽ രംഗത്ത് പ്രതിസന്ധിയുണ്ടായാൽ രാജ്യത്തിന്റെ വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഗുഡ്ഗാവിലെ സെക്ടർ 50 ഫ്രെസ്കോ സൊസൈറ്റിയിൽ പ്രതിദിനം 40 വരെ ഡ്രോണുകൾ 100ലധികം പാക്കേജുകൾ വിതരണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഡെലിവറി ചെയ്യാൻ ഫ്രെസ്കോ സൊസൈറ്റി ഗുരുഗ്രാം ആസ്ഥാനമായ സ്കൈ എയറുമായി കരാർ ഏർപ്പെട്ടിരുന്നു. അതുപോലെ ആറ് മാസം മുമ്പ് ബംഗളൂരുവിലെ കൊണൻകുണ്ടെ ക്രോസിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റിയിൽ ബിഗ്ബാസ്‌ക്കറ്റ് വെയർഹൗസിൽനിന്ന് ബഹുനില കെട്ടിടത്തിന്റെ ഫ്ലാറ്റുകളിലേക്ക് പലചരക്ക് സാധനങ്ങൾ ഡ്രോണുകൾ എത്തിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക്സ് രംഗത്തെ ഡ്രോൺ വിപണി 2030 ആകുമ്പോഴേക്കും 22 ശതമാനം വളർച്ച നേടി 4.87 ബില്യൺ ഡോളർ അതായത് 43,165 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

