118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു; കേന്ദ്ര ബജറ്റ് ഒരുക്കങ്ങൾക്ക് തുടക്കം
text_fieldsന്യൂഡൽഹി: 2027-28 ബജറ്റ് തയാറെടുപ്പുകളുടെ ഭാഗമായി 118 ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവുകളും ഒഴിവാക്കലുകളും കേന്ദ്ര സർക്കാർ പുനഃപരിശോധിക്കാൻ തുടങ്ങി. വൈദ്യുതി പദ്ധതികൾ സ്ഥാപിക്കുന്നതിനായി ആവശ്യമായ വസ്തുക്കൾ, പാനൽ ഡിസ്‌പ്ലേ മൊഡ്യൂളുകളുടെ ഘടകങ്ങൾ, ടെക്സ്റ്റൈൽ മെഷിനറികൾ, ബാറ്ററി സ്ക്രാപ്പ്, ചില ഫോട്ടോവോൾട്ടായിക് സെല്ലുകൾ, മരുന്നുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ഉൽപ്പന്നങ്ങൾ. 2027 മാർച്ച് 31നും സെപ്റ്റംബർ 30നും കാലാവധി അവസാനിക്കുന്ന ഇളവുകളുടെ നിയമപരമായ പുനഃപരിശോധനയാണ് സർക്കാർ നടത്തുന്നത്. ഈ ഉൽപ്പന്നങ്ങൾക്ക് നിലവിൽ 30 ശതമാനം വരെയാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഈടാക്കുന്നത്. ഇത്തരം ഇളവുകളും ഇളവ് നിരക്കുകളും തുടരണമോ, പിൻവലിക്കണമോ അതോ കാലാവധി തീരുന്നതോടെ റദ്ദാക്കണമോ എന്നതിനെക്കുറിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ വ്യവസായ മേഖലയുടെ അഭിപ്രായം തേടിയിട്ടുണ്ട്.
ചില തരം മീൻ എണ്ണകൾ, ഷട്ടിൽലെസ് ലൂമുകൾ, ഇന്‍ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ സെൽ തുടങ്ങി 32 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകളാണ് നിയമപരമായ പുനഃപരിശോധനയിലുള്ളത്. ഇതുകൂടാതെ ഫ്യുവൽ ഓയിൽ, ചില മരുന്നുകൾ, യൂറിയ, സ്റ്റെന്റുകൾ, പ്രോബയോട്ടിക്സ്, ഗാലിയം, ജെർമേനിയം തുടങ്ങിയ നിർണ്ണായക ലോഹങ്ങളുടെ അവശിഷ്ടങ്ങൾ, ലിഥിയം-അയൺ ബാറ്ററികളുടെ വേസ്റ്റ് എന്നിവയുൾപ്പെടെ 86 ഉൽപ്പന്നങ്ങൾക്ക് നൽകിയിട്ടുള്ള നിബന്ധനകളില്ലാത്ത ഇളവുകളും സർക്കാർ പുനഃപരിശോധിക്കുന്നുണ്ട്.
ഇറക്കുമതിക്ക് ശേഷം പ്രത്യേക നിബന്ധനകളൊന്നും പാലിക്കേണ്ടതില്ലാത്ത പൂർണ്ണമായ തീരുവ ഒഴിവാക്കലിനെയാണ് അൺകണ്ടീഷണൽ ഇളവുകൾ എന്ന് പറയുന്നത്. തലതിരിഞ്ഞ തീരുവ ഘടന പരിഹരിക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തുന്ന പതിവ് പ്രക്രിയയാണിതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
2026-27 ബജറ്റിന്‍റെ പ്രധാന സവിശേഷതകളിലൊന്ന് കസ്റ്റംസ് തീരുവകളുടെ യുക്തിസഹമായ പുനഃസംഘടനയായിരുന്നു. അന്ന് പല ഇളവുകളും അവലോകനം ചെയ്യുകയും ചിലത് നീട്ടിനൽകുകയും ചിലതിന്റെ സൺസെറ്റ് ക്ലോസുകൾ (അവസാന തീയതികൾ) ഒഴിവാക്കുകയും ചെയ്തിരുന്നു. നിശ്ചിത തീരുവ ഒഴിവാക്കലുകൾ പിൻവലിക്കൽ, കയറ്റുമതി, പുനരുപയോഗ ഊർജം, സെമികണ്ടക്ടറുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വിമാന നിർമാണവും എം.ആർ.ഒ,ആണവോർജം, ഇലക്ട്രിക് വാഹന മേഖല എന്നിവയ്ക്കുള്ള ആനുകൂല്യങ്ങൾ ദീർഘിപ്പിക്കൽ എന്നിവ ഈ നടപടികളിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ കുടകൾ പോലുള്ള ചില ഉപഭോഗ വസ്തുക്കളുടെ തീരുവയിലും മാറ്റങ്ങൾ വരുത്തിയിരുന്നു.

