ഇറാനിൽ പ്രക്ഷോഭത്തിലേക്ക് നയിച്ചത് സ്വകാര്യ ബാങ്കിന്റെ പതനം; തകർച്ചയുടെ വക്കിൽ അഞ്ച് ബാങ്കുകൾകൂടി
text_fieldsതെഹ്റാൻ: നൂറുകണക്കിന് പേർ കൊല്ലപ്പെട്ട ഇറാനിൽ ആഭ്യന്തര പ്രക്ഷോഭത്തിലേക്ക് നയിച്ചത് ഒരു സ്വകാര്യ ബാങ്കിന്റെ തകർച്ചയാണെന്ന് റിപ്പോർട്ട്. കടക്കെണിയിൽപെട്ട് സ്വകാര്യ വാണിജ്യ ബാങ്കായ അയന്ദെ ബാങ്കാണ് കഴിഞ്ഞ വർഷം അവസാനം തകർന്നത്. ബാങ്കിന് അഞ്ച് ബില്ല്യൻ ഡോളർ അതായത് 45,000 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നെന്നും വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട വാർത്തയിൽ പറയുന്നു. രാജ്യത്തെ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെയാണ് പ്രക്ഷോഭമെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ റിപ്പോർട്ട്.
2013ൽ ഇറാനിലെ വ്യവസായി അലി അൻസാരിയാണ് അയന്ദെ ബാങ്ക് സ്ഥാപിച്ചത്. അദ്ദേഹം തുടങ്ങിയ ബാങ്കുമായി രണ്ട് പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് പുതിയ ബാങ്കിന് രൂപം നൽകുകയായിരുന്നു. രാജ്യത്തെ സമ്പന്ന കുടുംബത്തിൽ പിറന്ന അലി അൻസാരിക്ക് ലണ്ടനിൽ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കൊട്ടാര സദൃശ്യമായ ഭവനമുണ്ട്. രാഷ്ട്രീയപരമായി മുൻ പ്രസിഡന്റ് മഹമ്മൂദ് അഹമ്മദി നജാദിന്റെ വളരെ അടുത്ത അനുയായിയാണ് അദ്ദേഹം. അയന്ദെ ബാങ്ക് തകർന്ന് ഒരാഴ്ചക്ക് ശേഷം അൻസാരിക്ക് യു.കെ ഉപരോധം ഏർപ്പെടുത്തി. അർദ്ധസൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡിന് ധനസഹായം നൽകിയ അഴിമതിക്കാരനായ ഇറാനിയൻ ബാങ്കർ എന്നാണ് അൻസാരിയെ യു.കെ വിശേഷിപ്പിച്ചത്. എന്നാൽ, ബാങ്കിന്റെ നയങ്ങൾക്കും നിയന്ത്രണത്തിനും അതീതമായി എടുത്ത തീരുമാനങ്ങളാണ് തകർച്ചയിലേക്ക് നയിച്ചതെന്ന് അദ്ദേഹം ന്യായീകരിക്കുന്നു.
മറ്റേതൊരു ബാങ്കിനേക്കാളും അധികം ആദായമാണ് അയന്ദെ ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. ലക്ഷക്കണക്കിന് പേർ വൻ തുക ഡിപോസിറ്റ് ചെയ്തിരുന്നു. എന്നാൽ, സെൻട്രൽ ബാങ്കിൽനിന്ന് കടമെടുത്താണ് അയന്ദെ നിക്ഷേപം നടത്തിയതും വായ്പ നൽകിയിരുന്നതുമെന്നാണ് സാമ്പത്തിക വിദഗ്ധർ വെളിപ്പെടുത്തുന്നത്. മറ്റുള്ള പല ബാങ്കുകൾക്കും സമാനമായി അയന്ദെക്കും വൻതോതിൽ കിട്ടാക്കടമുണ്ടായിരുന്നു.
2018ൽ തുറന്ന ഇറാൻ മാളായിരുന്നു ബാങ്കിന്റെ പ്രധാന നിക്ഷേപ പദ്ധതികളിലൊന്ന്. യു.എസിലെ പെന്റഗണിന്റെ രണ്ടിരട്ടി വലിപ്പമുള്ളതാണ് ഈ മാൾ. സിനിമ തിയറ്ററും ലൈബ്രറിയും നീന്തൽ കുളവും സ്പോട്സ് കോംപ്ലക്സും അടക്കം നിരവധി സ്ഥാപനങ്ങളാണ് മാളിലുണ്ടായിരുന്നത്. ഇറാൻ സാമ്പദ് വ്യവസ്ഥ മാന്ദ്യത്തിലൂടെ നീങ്ങുന്ന സാഹചര്യത്തിൽ മാളിനെ അമിത ചെലവും ആഢംബരവുമായാണ് പലരും കണ്ടത്. ബാങ്ക് സ്വയം വായ്പ നൽകിയതിന്റെ ഒരു ഉദാഹരണമാണ് ഇറാൻ മാൾ പദ്ധതിയെന്നും സ്വന്തം കമ്പനികൾക്കാണ് ബാങ്ക് പണം കടം നൽകിയതെന്നും സാമ്പത്തിക വിദഗ്ധരും ഇറാനിലെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടിയിരുന്നു. 90 ശതമാനം പണവും നിക്ഷേപിച്ചിരുന്നത് ബാങ്കിന്റെ സ്വന്തം പദ്ധതികളിൽ തന്നെയായിരുന്നെന്നാണ് തകർച്ചക്ക് ശേഷം മുതിർന്ന സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തസ്നീം വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്.
2018ൽ യു.എസ് വീണ്ടും ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം അതിവേഗം രൂക്ഷമായ ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്ര ബിന്ദുവാണ് അയന്ദെ ബാങ്ക്. ഫണ്ടില്ലാത്തതിനാൽ സെൻട്രൽ ബാങ്കിൽനിന്ന് കടമെടുത്താണ് ബാങ്കുകൾ ബിസിനസ് മുന്നോട്ടുകൊണ്ടുപോയിരുന്നത്. അടിയന്ത ഘട്ടങ്ങളിൽ മാത്രം അനുവദിക്കുന്ന വായ്പ സെൻട്രൽ ബാങ്കുകൾ ഒരു ഈടും വാങ്ങാതെ ബാങ്കുകൾക്ക് ഉദാരമായി നൽകുകയും ചെയ്തു. ബാങ്കുകൾ നടത്തിയ പല നിക്ഷേപവും ദീർഘവീക്ഷണമില്ലാത്തതായിരുന്നു. മാത്രമല്ല, ബാങ്കുമായി ബന്ധമുള്ള പ്രമുഖർക്ക് ഊഹക്കച്ചവടത്തിനും വൻകിട നിർമാണ പദ്ധതികൾക്കും കടം നൽകുകയും ചെയ്തു. വായ്പ നൽകാൻ സെൻട്രൽ ബാങ്ക് കൂടുതൽ കറൻസി അച്ചടിച്ചതോടെ പണപ്പെരുപ്പം രൂക്ഷമാകുകയും കറൻസിയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഡോളറുമായുള്ള വിനിമയത്തിൽ ഇറാൻ കറൻസിയുടെ മൂല്യം കഴിഞ്ഞ വർഷം 84 ശതമാനം ഇടിഞ്ഞു.
കിട്ടാക്കടം മൂലം തകർന്ന അയന്ദെ ബാങ്കിനെ പൊതുമേഖല ബാങ്കിൽ ലയിപ്പിച്ച് തൽക്കാലം പ്രശ്നം ഒതുക്കാനാണ് സർക്കാർ ശ്രമിച്ചത്. മാത്രമല്ല, ബാങ്കിന്റെ നഷ്ടം മറച്ചുവെക്കാൻ സർക്കാർ കൂടുതൽ കറൻസി പുറത്തിറക്കുകയും ചെയ്തു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാത്ത ഭരണകൂടത്തിന്റെ നീക്കം രാഷ്ട്രീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നെന്നും റിപ്പോർട്ട് പറയുന്നു. ഉപരോധവും കിട്ടാക്കടങ്ങളും മൂലം ദുരിതം പേറുകയായിരുന്ന ഇറാൻ അനിയന്ത്രിതമായി കറൻസി പുറത്തിറക്കിയാണ് പിടിച്ചുനിന്നതെന്നാണ് ബാങ്കിന്റെ തകർച്ച വ്യക്തമാക്കുന്നത്. ബാങ്ക് സെപാഹ് അടക്കം രാജ്യത്തെ മറ്റ് അഞ്ച് ബാങ്കുകൾകൂടി സാമ്പത്തിക പ്രതിസന്ധി കാരണം തകർച്ചയുടെ വക്കിലാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

