തേജസ് യുദ്ധ വിമാനത്തിന്റെ തകർച്ച പ്രതിരോധ കയറ്റുമതിക്ക് കനത്ത തിരിച്ചടി
text_fieldsമുംബൈ: ദുബൈയിൽ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധ വിമാനം തകർന്ന് വീണത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിക്ക് തിരിച്ചടിയാകുമെന്ന് സൂചന. സ്വന്തം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആഭ്യന്തര വിപണിയിൽ വികസിപ്പിച്ച രാജ്യത്തിന്റെ അഭിമാന യുദ്ധ വിമാനമാണ് തകർന്ന് വീണത്.
ഏറെ കാത്തിരിപ്പിന് ശേഷം നിരവധി സാങ്കേതിക വെല്ലുവിളികൾ മറികടന്നാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് തേജസ് പുറത്തിറക്കിയത്. 180 നൂതന പതിപ്പ് തേജസ് യുദ്ധ വിമാനങ്ങൾക്ക് ഓർഡർ നൽകിയ വ്യോമസേന അന്താരാഷ്ട്ര വിപണിയിൽ പ്രദർശനം നടത്തുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ കാരണങ്ങൾ വ്യോമസേന അന്വേഷിച്ച് കണ്ടെത്തുമായിരിക്കും. പക്ഷെ, ആയിരിക്കണക്കിന് കാഴ്ചക്കാരുടെ മുന്നിൽ നടന്ന ദൗർഭാഗ്യകരമായ സംഭവം തേജസിന്റെ പ്രതിച്ഛായക്കാണ് മങ്ങലേൽപിച്ചിരിക്കുന്നത്.
എയർ ഷോയിൽ ഈജിപ്ത്, അർമേനിയ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തേജസ് യുദ്ധ വിമാനങ്ങൾ വാങ്ങുമെന്ന് പ്രതീക്ഷയിലായിരുന്നു ഇന്ത്യ. കാരണം, ഒരു സുരക്ഷ പിഴവും കണ്ടെത്താൻ കഴിയാത്ത യുദ്ധ വിമാനമായിരുന്ന തേജസ്. എൻജിൻ തകരാർ മൂലം കഴിഞ്ഞ വർഷം രാജസ്ഥാനിലെ തകർന്ന് വീണത് മാത്രമായിരുന്നു ചൂണ്ടിക്കാണിക്കാനുള്ള ഏക അപകടം. പൊഖ്‌റാനിൽ നടന്ന ഭാരത് ശക്തി സൈനികാഭ്യാസത്തിൽ പങ്കെടുത്ത തേജസ് ജയ്സാൽമറിലെ ജനവാസ മേഖലക്ക് സമീപം തകർന്നുവീഴുകയായിരുന്നു. പൈലറ്റിനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു
താങ്ങാനാവുന്ന വിലയും സാങ്കേതികവിദ്യ പങ്കിടാമെന്ന ഇന്ത്യയുടെ വാഗ്ദാനവും വിവിധതരം ആയുധങ്ങളും സെൻസറുകളും പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കാനുള്ള പദ്ധതിയുമാണ് തേജസിന്റെ ആകർഷണം. ഇതെല്ലാം കണക്കിലെടുത്താൻ വ്യോമ പ്രതിരോധ ശേഷി ശക്തമാക്കാൻ ആഗ്രഹിക്കുന്ന ചെറിയ രാജ്യങ്ങൾക്ക് തേജസ് വൻ നേട്ടമാണ്.
നിരവധി വർഷങ്ങൾ കാത്തിരുന്ന ശേഷം 2014ലാണ് ഇന്ത്യ തേജസ് യുദ്ധ വിമാനം വിദേശ രാജ്യങ്ങൾക്ക് വിൽക്കാൻ തീരുമാനിച്ചത്. പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ പ്രോത്സാഹനം നൽകിയതോടെയായിരുന്നു വിൽപന. റോക്കറ്റുകൾ, മിസൈലുകൾ, വെടിമരുന്നുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കവചിത വാഹനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
റഷ്യ-യുക്രെയ്ൻ, പശ്ചിമേഷ്യ യുദ്ധങ്ങൾ ആഗോള ആയുധ വിപണിയിൽ വൻ ഡിമാൻഡാണുണ്ടാക്കിയത്. ഇന്ത്യയുടെ ആയുധ കയറ്റുമതി സർവകാല റെക്കോഡിലേക്ക് കുതിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 23,622 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. 2029 ഓടെ ഒരു വർഷം 50,000 കോടി രൂപയുടെ ആയുധങ്ങൾ കയറ്റുമതി ചെയ്യാനാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലക്ഷ്യമിട്ടിരിക്കുന്നത്. യു.എസ്, അർമേനിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന ആയുധ ഉപഭോക്താക്കൾ. എന്നാൽ, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ ആയുധങ്ങൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

