യു.എസിലെ ജോലിക്ക് ഇനി ഇന്ത്യക്കാരെ അടക്കം നിയമിക്കില്ലെന്ന് ടി.സി.എസ്
text_fieldsഹൈദരാബാദ്: യു.എസിൽ ഇനി പുതിയ വിദേശ ജീവനക്കാരെ നിയമിക്കില്ലെന്ന് ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവിസസ്. എച്ച്- വൺബി വിസക്ക് പുതിയ അപേക്ഷ നൽകില്ല. പകരം, യു.എസ് പൗരന്മാരെ നിയമിക്കുമെന്നും സി.ഇ.ഒ കൃതിവാസൻ വ്യക്തമാക്കി. വിദേശ തൊഴിലാളികളെ നിയമിക്കുന്നത് നിരുത്സാഹപ്പെടുത്തുകയെന്ന എന്ന ലക്ഷ്യമിട്ട് എച്ച്-വൺബി വിസ പുതുക്കുന്നതിനുള്ള ഫീസ് ഒരു ലക്ഷം ഡോളറായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയതിനെ തുടർന്നാണ് കമ്പനിയുടെ തീരുമാനം.
ആവശ്യത്തിന് എച്ച്-വൺബി വിസക്കാരെ നിയമിച്ചിട്ടുണ്ട്. കൂടുതൽ വിദേശികളെ നിയമിക്കാൻ ഉദ്ദേശിക്കുന്നില്ല. എച്ച്-വൺബി വിസയുടെ കാലാവധി കഴിയുമ്പോൾ സ്വന്തം രാജ്യത്തേക്ക് തിരിച്ചുകൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയാണ് യു.എസിൽ നിയമനം നടത്തിയത്. കാലാവധി കഴിഞ്ഞ ആരുടെയൊക്കെ എച്ച്-വൺബി വിസ ഇനി പുതുക്കണമെന്ന കാര്യത്തിൽ കമ്പനി ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിരിച്ചെത്തുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. പശ്ചിമേഷ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലുമുള്ള കമ്പനിയുടെ ഓഫിസുകളിൽ സ്വദേശികളാണ് കൂടുതൽ. എ.ഐ സാങ്കേതിവിദ്യ നടപ്പാക്കുന്നതോടെ യു.എസിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി പ്രവർത്തിക്കാൻ പ്രാദേശിക ജീവനക്കാർ തന്നെ വേണമെന്നും കൃതിവാസൻ കൂട്ടിച്ചേർത്തു.
ഐ.ടി, എൻജിനിയറിങ്, ആർകിടെക്ച്ചർ, സാമ്പത്തികം തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാർക്കുള്ളതാണ് എച്ച്-വൺബി വിസ. യു.എസിൽ ഏറ്റവും കൂടുതൽ വിദേശ പൗരന്മാർ ജോലി ചെയ്യുന്ന കമ്പനിയാണ് ടി.സി.എസ്. 2009 മുതൽ 2025 വരെയുള്ള കാലയളവിൽ 98,259 എച്ച്-വൺബി വിസക്കാരെയാണ് കമ്പനി നിയമിച്ചത്. ഈ വർഷം മാത്രം 5,505 വിദേശ പൗരന്മാർക്ക് നിയമനം നൽകി. ഇതിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. എച്ച്-വൺ വിസയുടെ എണ്ണത്തിൽ മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിൾ, ഗൂഗ്ൾ തുടങ്ങിയ കമ്പനികളെക്കാൾ ഏറെ മുന്നിലാണ് ടി.സി.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

