രണ്ട് വർഷത്തെ ശമ്പളം ഒരുമിച്ച്; ജീവനക്കാരെ പിരിച്ചുവിടാൻ ടി.സി.എസ്
text_fieldsബംഗളൂരു: കടുത്ത പ്രതിസന്ധി മുന്നിൽ കണ്ട് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാൻ പദ്ധതി തയാറാക്കി രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്). ദീർഘകാലമായി കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് രണ്ട് വർഷം വരെയുള്ള ശമ്പളം നൽകുന്ന പാക്കേജാണ് കമ്പനി തയാറാക്കിയത്. എട്ട് മാസമായി പ്രത്യേക ചുമതലകൾ ലഭിച്ചിട്ടില്ലാത്തവരെയും പരിശീലനം നേടുന്നവരെയും പിരിച്ചുവിടും.
അടുത്ത ഒരു വർഷത്തിനുള്ളിൽ 12,000ത്തിലേറെ ജീവനക്കാരെ ടി.സി.എസ് പിരിച്ചുവിടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എ.ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ. എ.ഐ സാങ്കേതിക വിദ്യ വിന്ന്യസിക്കുന്നതോടെ ഭാവിയിൽ കമ്പനിയുടെ പ്രവർത്തന രീതിയിൽ കാര്യമായ മാറ്റമുണ്ടാകും. മാറിയ സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തവർക്കാണ് തൊഴിൽ നഷ്ടപ്പെടുകയെന്ന് ടി.സി.എസിലെ രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.
കമ്പനി തയാറാക്കിയ പിരിച്ചുവിടൽ പദ്ധതി പ്രകാരം ജീവനക്കാർ മൂന്ന് മാസത്തെ നോട്ടിസ് പിരീഡ് നൽകും. തുടർന്ന്, ഓരോ ജീവനക്കാരന്റെയും സേവന കാലയളവ് കണക്കാക്കി രണ്ട് വർഷം വരെയുള്ള പിരിച്ചുവിടൽ വേതനം നൽകും. ഏറ്റവും ചുരുങ്ങിയത് ആറ് മാസത്തെ പിരിച്ചുവിടൽ വേതനം ലഭിക്കും. 10 മുതൽ 15 വർഷം വരെ സേവനം ചെയ്തവർക്ക് 1.5 വർഷത്തെ പിരിച്ചുവിടൽ വേതനമാണ് നൽകുക.
മാത്രമല്ല, പിരിച്ചുവിടുന്ന ജീവനക്കാർക്ക് മറ്റൊരു ജോലി കണ്ടെത്താനുള്ള സാമ്പത്തിക സഹായവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ടി.സി.എസ് കെയർസ് പദ്ധതിയിലൂടെ ജീവനക്കാർക്ക് മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കാനും തെറാപ്പിസ്റ്റുകളെ ലഭ്യമാക്കുന്നതിന് ധനസഹായം നൽകാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

