വിടപറഞ്ഞ് ഒരു വർഷം; രത്തൻ ടാറ്റയുടെ സ്വത്ത് വിൽക്കാൻ നീക്കം
text_fieldsമുംബൈ: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും ലോക പ്രശസ്ത വ്യവസായിയുമായിരുന്ന അന്തരിച്ച രത്തൻ ടാറ്റയുടെ ആസ്തി വിൽക്കാൻ നീക്കം. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സീഷെൽസിലെ വില്ലയാണ് വിൽക്കുന്നത്. സീഷെൽസിന്റെ ഏറ്റവും വലിയ ദ്വീപായ മാഹിയിൽ ബീച്ചിനോട് ചേർന്നുനിൽക്കുന്നതാണ് ഈ വില്ല. രത്തൻ ടാറ്റ അന്തരിച്ച് ഒരു വർഷം പൂർത്തിയായപ്പോഴാണ് വില്ല വിൽക്കാൻ നീക്കം നടക്കുന്നത്.
വിൽപത്ര പ്രകാരം ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ അദ്ദേഹം സിങ്കപ്പൂരിൽ സ്ഥാപിച്ച ആർ.എൻ.ടി അസോസിയേറ്റ്സിന് അവകാശപ്പെട്ടതാണ് ഈ വില്ല. 85 ലക്ഷം രൂപ വില കണക്കാക്കിയ വില്ല വൻ വില നൽകി വാങ്ങാൻ രത്തൻ ടാറ്റയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എയർസെൽ സ്ഥാപകൻ സി. ശിവശങ്കരനും കുടുംബവും താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 6.2 ദശലക്ഷം ഡോളർ അതായത് 55 കോടി രൂപയാണ് അദ്ദേഹം വാഗ്ദാനം ചെയ്ത വില. നിലവിൽ രാജ്യത്ത് പാപ്പരത്ത കേസുകളിൽ വിചാരണ നേരിടുന്ന അദ്ദേഹം വൻ തുക നൽകി വില്ല വാങ്ങുന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്.
രത്തൻ ടാറ്റയുമായുള്ള ആത്മബന്ധം കാരണം ശിവശങ്കരൻ ടാറ്റ ഗ്രൂപ്പിന്റെ ടെലികോം ബിസിനസിൽ നേരത്തെ വൻ നിക്ഷേപം നടത്തിയിരുന്നു. വില്ല വിൽപന സംബന്ധിച്ച് ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ലെന്ന് രഹസ്യ വൃത്തങ്ങൾ അറിയിച്ചു. വില്ലയുടെ നിർമാണ കുടിശ്ശികകളും നികുതികളും ബാക്കിയുണ്ടെങ്കിൽ അടച്ചുതീർക്കണമെന്നാണ് ശിവശങ്കരന്റെ ആവശ്യം.
സീഷെൽസ് പൗരനായ ശിവശങ്കരനാണ് വില്ല വാങ്ങാൻ രത്തൻ ടാറ്റയെ സഹായിച്ചത്. നിയമപ്രകാരം പൗരന്മാർക്ക് മാത്രമാണ് രാജ്യത്ത് സ്വത്തുക്കൾ സ്വന്തമാക്കാൻ കഴിയുക. ദീർഘവീക്ഷണമുള്ള വ്യവസായിയും സാമൂഹിക പ്രവർത്തകനുമെന്ന നിലക്ക് പൗരനല്ലാത്ത രത്തൻ ടാറ്റക്ക് സീഷെൽസ് ഭരണകൂടം ഇളവ് നൽകുകയായിരുന്നു. രത്തൻ ടാറ്റയുടെ വിൽപത്രം പരിശോധിച്ച ബോംബെ ഹൈകോടതിയുടെ ജൂണിലെ ഉത്തരവ് പ്രകാരം വില്ല വിൽപന നടത്തി ലഭിക്കുന്ന തുക രത്തൻ ടാറ്റ എൻഡോവ്മെന്റ് ഫൗണ്ടേഷനും രത്തൻ ടാറ്റ എൻഡോവ്മെന്റ് ട്രസ്റ്റിനുമാണ് ലഭിക്കുക.
സീഷെൽസിൽ രണ്ട് ദ്വീപുകളുടെയും വിവിധ രാജ്യങ്ങളിൽ നിരവധി വീടുകളുടെയും ഉടമയായിരുന്നു ശിവശങ്കരൻ. സ്റ്റെർലിങ് കമ്പ്യൂട്ടർസ്, ഡിഷ്നെറ്റ് ഡി.എസ്.എൽ ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർ, ഫ്രഷ് ആൻഡ് ഹോണസ്റ്റ് കോഫി വെൻഡിങ് ചെയ്ൻ തുടങ്ങിയ നിരവധി സ്റ്റാർട്ട് അപ്പുകൾക്ക് തുടക്കം കുറിച്ച അദ്ദേഹത്തിന് ഒരു കാലത്ത് നാല് ബില്ല്യൻ ഡോളർ അതായത് 3.57 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

