വിഭജനം പൂർത്തിയായതോടെ നിക്ഷേപകർക്ക് കൺഫ്യൂഷൻ, ഇനി ടാറ്റ മോട്ടോർസിന്റെ എത് ഓഹരി വാങ്ങും?
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. നിക്ഷേപകരുടെ ഇഷ്ടപ്പെട്ട ഓഹരികൂടിയാണിത്. ഔദ്യോഗിക കണക്ക് പ്രകാരം ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികളിൽ ഒന്ന് ടാറ്റ മോട്ടോർസാണ്. വാണിജ്യ വാഹനങ്ങളും പാസഞ്ചർ വാഹനങ്ങളും എന്ന രണ്ട് വ്യത്യസ്ത കമ്പനികളായി ടാറ്റ മോട്ടോർസ് വിഭജിച്ചത് ഓഹരി വിപണിയിൽ വലിയ ചർച്ചയായിട്ടുണ്ട്. ടാറ്റ മോട്ടോർസ് (കൊമേഴ്ഷ്യൽ വെഹിക്കിൾ), ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ എന്നിങ്ങനെയാണ് ഓഹരികളുടെ പേര്. ഈ സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബർ പാദ ഫലം പ്രഖ്യാപിച്ചതോടെ ഇരു കമ്പനികളും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമായി. വിപണിയിൽ നിക്ഷേപവും വ്യാപാരവും നടത്തുന്നവർ കുറച്ചുദിവസങ്ങളായി ടാറ്റ മോട്ടോർസിന്റെ ഏത് ഓഹരി വാങ്ങണമെന്ന കൺഫ്യൂഷനിലാണ്. നിക്ഷേപകരുടെ ആശയക്കുഴപ്പം തീർക്കാൻ വിദഗ്ധർ ചില ഉപദേശങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
സെപ്റ്റംബർ പാദത്തിൽ 867 കോടി രൂപയുടെ നഷ്ടമാണ് ടാറ്റ മോട്ടോർസിനുണ്ടായത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 498 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ഇറ്റാലിയൻ ട്രക്ക് നിർമാണ കമ്പനിയായ ഇവേക്കോയെ ഏറ്റെടുക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും അടുത്ത വർഷം ഏപ്രിലോടെ പൂർത്തിയാകുമെന്നും ടാറ്റ മോട്ടോർസ് അറിയിച്ചിരുന്നു.
അതേസമയം, ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസിന് 6,368 കോടി രൂപയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം 3446 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയിരുന്നത്. യു.കെയിലെ ജാഗ്വർ ലാൻഡ് റോവർ (ജെ.എൽ.ആർ) കമ്പനിയിൽ സൈബർ ആക്രമണമുണ്ടായതാണ് നഷ്ടത്തിനിടയാക്കിയത്.
ജെ.എൽ.ആർ ഫാക്ടറി അടച്ചുപൂട്ടിയതിനാൽ ദിവസങ്ങളോളം ഉത്പാദനം സ്തംഭിച്ചതും അന്താരാഷ്ട്ര വിപണിയിൽ കാർ ഡിമാൻഡ് കുറഞ്ഞതും ഉത്പാദന ചെലവ് കുത്തനെ വർധിച്ചതും ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് വിഭാഗത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന് ഇൻവാസെറ്റ് ബിസിനസ് ഹെഡ് ഹർഷാൽ ദസാനി അഭിപ്രായപ്പെട്ടു.
നഷ്ടമാണ് റിപ്പോർട്ട് ചെയ്തതെങ്കിലും വാണിജ്യ വാഹന വിഭാഗത്തിന്റെ ബിസിനസ് ട്രെൻഡിൽ മാറ്റമുണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കുറവും വാഹന വിപണിയിലെ കടുത്ത മത്സരവും ഗതാഗത, ലോജിസ്റ്റിക്സ് മേഖലയുടെ മുരടിപ്പും വെല്ലുവിളിയായിരുന്നിട്ടും കമ്പനിയുടെ വരുമാനത്തിൽ നേരിയ പുരോഗിതിയുണ്ട്.
വിപണി പങ്കാളിത്തത്തിന്റെ കാര്യത്തിൽ വാണിജ്യ വാഹന കമ്പനിയാണ് ഏറെ മുന്നിൽ. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന കമ്പനിയായ ടാറ്റ മോട്ടോർസിന് 35 ശതമാനം വിപണി പങ്കാളിത്തമുണ്ട്. എന്നാൽ, പാസഞ്ചർ വാഹന വിഭാഗത്തിൽ ടാറ്റ ആഭ്യന്തര വിപണിയിൽ മൂന്നാം സ്ഥാനത്താണ്. 12.8 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്.
യാത്ര വാഹനങ്ങളുടെ വിഭാഗത്തിന് ശക്തമായ വളർച്ച സാധ്യതയുണ്ടെന്നും ദീർഘകാല നിക്ഷേപകർക്ക് നേട്ടം നൽകുമെന്നും ദസാനി പറഞ്ഞു. ഇന്ത്യയിൽ അതിവേഗം വളർന്നുകെണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിഭാഗവും ആഢംബര വാഹനങ്ങളുടെ വിഭാഗമായ ജെ.എൽ.ആറുമാണ് പാസഞ്ചർ വെഹിക്കിൾ കമ്പനിയുടെ ബിസിനസ്. ഉത്പാദനത്തിലും വിൽപനയിലും നേരിടുന്ന പ്രതിസന്ധി ഭാവിയിൽ മറികടക്കുന്നതോടെ കമ്പനിയുടെയുടെയും ഓഹരിയുടെയും മൂല്യം ഉയരും. അതേസമയം, ഹ്രസ്വ കാലത്തേക്ക് കമ്പനിയിൽ നിക്ഷേപിക്കുന്നത് ഗുണകരമല്ല.
വലിയ മുന്നേറ്റമൊന്നും പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും വരുമാനത്തിൽ സ്ഥിരതയുള്ളതിനാൽ വാണിജ്യ വാഹന വിഭാഗം സുരക്ഷിതമായ നിക്ഷേപമാണ്. പക്ഷെ, മികച്ച നേട്ടത്തിനായി റിസ്ക് എടുക്കാൻ താൽപര്യവും ധൈര്യവുമുള്ള നിക്ഷേപകർക്ക് പാസഞ്ചർ വാഹന ഓഹരിയാണ് കൂടുതൽ അനുയോജ്യമെന്നും ദസാനി കൂട്ടിച്ചേർത്തു.
അതേസമയം, ജി.എസ്.ടി ഇളവും പലിശ നിരക്ക് കുറച്ചതും ടാറ്റ മോട്ടോർസിന് ഗുണം ചെയ്തതായി ബൊനാൻസയിലെ റിസർച്ച് അനലിസ്റ്റ് അഭിനവ് തിവാരി പറഞ്ഞു. ഇതു കാരണം പ്രവർത്ത ചെലവിൽ 1-2 ശതമാനമാണ് കുറവു വന്നത്. ലോജിസ്റ്റിക് അടക്കമുള്ള മേഖലയിലെ കമ്പനികൾ വാഹനങ്ങൾ വാങ്ങുന്നത് വർധിക്കുകയും
ചെറിയ വാണിജ്യ വാഹനങ്ങളുടെ ഡിമാൻഡ് തിരിച്ചുവരികയും ചെയ്യുന്നതോടെ ടാറ്റ മോട്ടോർസ് ലാഭം നേടും. മാത്രമല്ല, ഇവേക്കോ ഏറ്റെടുക്കൽ കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കും. എന്നാൽ, പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിന്റെ പ്രധാന ബിസിനസ് ജെ.എൽ.ആറാണ്. കമ്പനിയുടെ ലാഭത്തിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്നത് ബ്രിട്ടൻ ആസ്ഥാനമായ കമ്പനിയാണ്. സൈബർ ആക്രമണത്തിന് ശേഷം ഉത്പാദനവും വിൽപനയും സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതുകൊണ്ട്, ടാറ്റ മോട്ടോർസാണ് (ടി.എം.സി.വി) നിക്ഷേപകർക്ക് ഏറ്റവും മികച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

