ടാറ്റ മോട്ടോർസ് വാഹനങ്ങൾക്ക് ഇനി രണ്ട് വഴി; വാണിജ്യ വാഹന ഓഹരി ലിസ്റ്റ് ചെയ്തു
text_fieldsമുംബൈ: രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ ഓഹരി ഉടമകൾക്ക് സന്തോഷ വാർത്ത. വാണിജ്യ വാഹന വിഭാഗം ഓഹരികൾ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബുധനാഴ്ച വ്യാപാരം തുടങ്ങി. ടാറ്റ മോട്ടോർസിന്റെ വാണിജ്യ വാഹന വിഭാഗത്തിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ ഇനി ടി.എം.സി.വി.എൽ എന്ന പേരിലുള്ള ഓഹരികൾ വാങ്ങണം. ഓഹരികൾ ബുധനാഴ്ച മുതൽ വാങ്ങാമെങ്കിലും അടുത്ത പത്ത് ദിവസത്തേക്ക് ഇൻട്രാഡേ, ഡെറിവേറ്റിവ് വ്യാപാരം അനുവദിക്കില്ല. ടാറ്റ മോട്ടോർസ് കൊമേഴ്സ്യൽ വെഹിക്കിൾ എന്ന പേരിലാണ് ഓഹരികൾ വ്യാപാരം തുടങ്ങിയത്. 260.75 രൂപയാണ് കണക്കാക്കിയിരുന്നതെങ്കിലും 335 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്.
വിഭജനത്തിന് മുമ്പുള്ള ടാറ്റ മോട്ടോർസിന്റെ 660.75 എന്ന ഓഹരി വിലയെ അടിസ്ഥാനമാക്കിയാണ് വാണിജ്യ വാഹന വിഭാഗത്തിന്റെ ഓഹരിക്ക് 260-270 രൂപ മൂല്യം കണക്കാക്കിയിരുന്നത്. എന്നാൽ, 28.5 ശതമാനം ഉയർന്ന വിലയിൽ ലിസ്റ്റ് ചെയ്തത് രാജ്യത്തെ ഏറ്റവും വലിയ ട്രക്ക്, ബസ് നിർമാതാക്കളിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസമാണ് കാണിക്കുന്നതെന്ന് വിദഗ്ധർ സൂചിപ്പിച്ചു.
ടാറ്റ മോട്ടോർസിന്റെ വിഭജനം ഒക്ടോബർ ഒന്നിന് പൂർത്തിയായിട്ടും ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് വൈകുകയായിരുന്നു. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ (ടി.എം.പി.വി) ഓഹരികൾ ഒക്ടോബർ 14 മുതൽ വ്യാപാരം നടത്തുന്നുണ്ട്. നിലവിൽ ഒരു ഓഹരിക്ക് 404 രൂപയാണ് വില. വാണിജ്യ വിഭാഗം ഒരു കമ്പനിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾ മറ്റൊരു കമ്പനിയുമായാണ് ടാറ്റ മോട്ടോർ വിഭജിച്ചത്. വിഭജനത്തോടെ ടാറ്റ മോട്ടോർസ് ഓഹരി ഉടമകൾക്ക് വാണിജ്യ വാഹന വിഭാഗത്തിന്റെ ഓഹരി സൗജന്യമായി ലഭിച്ചിരുന്നു.
ടാറ്റ മോട്ടോർസിന്റെ വാണിജ്യ വാഹന വിഭാഗത്തിന്റെ ലാഭം എപ്പോഴും പാസഞ്ചർ കാർ ബിസിനസിന്റെ വളർച്ചക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. എന്നാൽ, രണ്ട് കമ്പനികൾക്കും വ്യത്യസ്ത വഴിയിൽ വളരാനുള്ള അവസരാണ് വിഭജനത്തിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. 2017ലാണ് ടാറ്റ മോട്ടോർസ് വിഭജിക്കാനുള്ള പദ്ധതി തയാറാക്കിയത്. എന്നാൽ, കോവിഡ് അടക്കമുള്ള പ്രതിസന്ധികൾ വന്നതോടെ യാഥാർഥ്യമാകാൻ വൈകുകയായിരുന്നു. ഇറ്റലിയിലെ വാണിജ്യ വാഹന ഭീമനായ ഇവെക്കോ ഗ്രൂപ്പിനെ ഏകദേശം 3.8 ബില്യൺ യൂറോക്ക് ഏറ്റെടുക്കാനുള്ള പദ്ധതിയിലാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോർസിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലും ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലുമായിരിക്കുമിത്. രണ്ട് മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാകുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ട്രക്കുകളുടെയും ബസുകളുടെയും വിപണിയിൽ ടാറ്റ മോട്ടോർസാണ് ലീഡർ. ഇലക്ട്രിക് ബസ് വിഭാഗത്തിലും കമ്പനി മുൻപന്തിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

