Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരത്തൻ ടാറ്റ...

രത്തൻ ടാറ്റ വിടപറഞ്ഞിട്ട് ഒരു വർഷം; ടാറ്റ ​ഗ്രൂപ്പിന് നഷ്ടമായത് ഏഴ് ലക്ഷം കോടി

text_fields
bookmark_border
രത്തൻ ടാറ്റ വിടപറഞ്ഞിട്ട് ഒരു വർഷം; ടാറ്റ ​ഗ്രൂപ്പിന് നഷ്ടമായത് ഏഴ് ലക്ഷം കോടി
cancel

മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ വ്യവസായിയും നിക്ഷേപകരിൽ ഒരാളുമായിരുന്ന രത്തൻ ടാറ്റ വിടപറഞ്ഞിട്ട് ഒരു വർഷം. നിരവധി കാലം നയിച്ച രത്തൻ ടാറ്റയുടെ അസാന്നിധ്യത്തിൽ ടാറ്റ ഗ്രൂപ്പി​നുണ്ടായത് ഏഴ് ലക്ഷം കോടി രൂപയുടെ നഷ്ടമാണ്. വിപണി മൂല്യത്തിലാണ് ടാറ്റ ഗ്രൂപ്പിന് ഒരു വർഷത്തിനിടെ 21 ശതമാനത്തിന്റെ ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനായിരുന്നു 86ാം വയസ്സിൽ രത്തൻ ടാറ്റയുടെ മരണം.

കഴിഞ്ഞ വർഷം 33.57 ലക്ഷം കോടി രൂപയായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂലധനം. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 23 കമ്പനികളുടെ മൊത്തം വിപണി മൂലധനമാണിത്. എന്നാൽ, ഒരു വർഷത്തിന് ശേഷം വിപണി മൂലധനം 26.39 ലക്ഷം കോടി രൂപയിലെത്തി. രത്തൻ ടാറ്റയുടെ അസാന്നിധ്യമല്ല ടാറ്റ ഗ്രൂപ്പിനെ നിക്ഷേപകർ കൈയൊഴിയാനുള്ള കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. മറിച്ച്, ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യു.എസ് താരിഫ് യുദ്ധവും അടക്കമുള്ള പ്രതിസന്ധികൾ തിരിച്ചടിയാവുകയായിരുന്നു. ഓഹരി വിപണിയിലുണ്ടായ ഇടിവിന് സമാനമായാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം നഷ്ടമായത്.

ഒപ്റ്റിക്കൽ, ബ്രോഡ്‌ബാൻഡ്, ഡാറ്റ നെറ്റ്‌വർക്കിങ് ഉൽപന്നങ്ങൾ പുറത്തിറക്കുന്ന തേജസ് നെറ്റ്‌വർക്ക്സിന്റെ ഓഹരികളാണ് വിപണിയിൽ ഏറ്റവും ഇടിവ് നേരിട്ടത്. 50 ശതമാനത്തിലധികം നഷ്ടത്തിലാണ് ഈ കമ്പനി വ്യാപാരം ചെയ്യപ്പെടുന്നത്. വസ്ത്ര വ്യാപാര കമ്പനിയായ ട്രെന്റ് 44 ശതമാനവും ടാറ്റ ടെക്നോളജീസ് 33 ശതമാനവും ഇടിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് 29 ശതമാനം നഷ്ടത്തിലാണ്. 28 ശതമാനം ഇടിഞ്ഞ ടാറ്റ എലക്സിയും ടാറ്റ മോട്ടോർസും നിക്ഷേപകർക്ക് കനത്ത നഷ്ടമാണ് സമ്മാനിച്ചത്. എന്നാൽ, ചില കമ്പനികൾ ഓഹരി ഉടമകൾ ഏറെ നേട്ടം നൽകുകയും ചെയ്തിട്ടുണ്ട്. ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ 40 ശതമാനവും ബനാറസ് ഹോട്ടൽസ് 14 ശതമാനവും ടാറ്റ സ്റ്റീൽ എട്ട് ശതമാനവും റിട്ടേൺ നൽകി.

രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ഫോർഡിൽനിന്ന് ടാറ്റ മോട്ടോർസ് ഏറ്റെടുത്ത ജാഗ്വർ ആൻഡ് ലാൻഡ് റോവർ സൈബർ ആക്രമണത്തെ തുടർന്ന് വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. ഫാക്ടറികൾ നിരവധി ദിവസങ്ങൾ അടച്ചുപൂട്ടിയത് കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സൂചന. ഡോണൾഡ് ട്രംപിന്റെ താരിഫ് വർധന നിലവിൽ വന്നതോടെ യു.എസിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സൈബർ ആക്രമണം.

രത്തൻ ടാറ്റയുടെ മരണത്തിന് ശേഷം നിയന്ത്രണം പിടിക്കാനുള്ള ഓഹരി ഉടമകളുടെ വടംവലിയും ഭിന്നതയും മറനീക്കി പുറത്തുവന്നതും ടാറ്റ ഗ്രൂപ്പിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചിട്ടുണ്ട്. മുൻ പ്രതിരോധ വകുപ്പ് സെക്രട്ടറിയായ വിജയ് സിങ്ങിനെ ടാറ്റ സൺസ് നോമിനി ഡയറക്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് ഭിന്നത രൂക്ഷമായത്. വിജയ് സിങ്ങിനെ പുറത്താക്കുന്നതും മെഹലി മിസ്ട്രിയെ നിയമിക്കുന്നതും ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയും വൈസ് ചെയർമാൻ വേണു ശ്രീനിവാസനും എതിർത്തിരുന്നു. എന്നാൽ, നിയമനത്തെ പിന്തുണച്ച് ദാരിയസ് ഖംബത അടക്കം മറ്റ് ചില ട്രസ്റ്റ് അംഗങ്ങൾ രംഗത്തെത്തിയതോടെ ഗ്രൂപ്പിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നീക്കമാണെന്ന ആരോപണം ഉയർന്നു. തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share markettataRatan Tatatata groupstockmarketNoel Tata
News Summary - Tata group shares face Rs 7 lakh crore market value hit in year marked by Ratan Tata’s passing
Next Story