ടാറ്റാ എലെക്‌സി കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി
text_fieldsകോഴിക്കോട്: ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ ലോകപ്രശസ്ത കമ്പനിയായ ടാറ്റാ എലെക്‌സി കോഴിക്കോട് ഡെവലപ്‌മെന്റ് സെന്ററിന്റെ ഔദ്യോഗികപ്രഖ്യാപനം കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മനോജ് രാഘവന്‍ ഓൺലൈനിൽ നിർവഹിച്ചു. ഇലക്ട്രിക് വാഹനം, കണക്റ്റഡ് കാർ, ഒ.ടി.ടി, 5ജി, ഡിജിറ്റൽ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകളിലാണ് കമ്പനി കേന്ദ്രീകരിക്കുന്നത്.
കേന്ദ്രത്തിലേക്ക് രണ്ടുവര്‍ഷത്തിനകം 1000 എന്‍ജിനീയര്‍മാരെ ജോലിക്ക് എടുക്കുമെന്ന് ടാറ്റാ എലെക്‌സി ചീഫ് മാർക്കറ്റിങ് ഓഫിസറും ചീഫ് സ്ട്രാറ്റജി ഓഫിസറുമായ നിതിന്‍ പൈ പറഞ്ഞു. ആദ്യഘട്ടമായി യു.എല്‍ സൈബര്‍ പാര്‍ക്കില്‍ 500 പേര്‍ക്ക് ജോലിചെയ്യാവുന്ന സ്‌പേസ് ആണ് കമ്പനി എടുത്തത്. ഹൈബ്രിഡ് വര്‍ക്ക് മോഡല്‍ പരിഗണിക്കുമ്പോള്‍ 1000 പേര്‍ക്ക് ഇതിലൂടെ ജോലി ചെയ്യാനാകും.
വടക്കന്‍ കേരളത്തിലെ കാമ്പസുകളില്‍നിന്ന് റിക്രൂട്ട്‌മെന്റ് നടത്തും. എൻ.ഐ.ടിക്കുപുറമെ മികച്ച കോളജുകളെയും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം തുടങ്ങിയപ്പോള്‍ ജീവനക്കാരില്‍ കൂടുതല്‍ പേരും വടക്കന്‍ കേരളത്തിലാണെന്നുകണ്ടതിനെ തുടര്‍ന്നാണ് മലബാറിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. ജീവനക്കാരിൽ 35 ശതമാനവും സ്ത്രീകളാണ്.
ടാറ്റാ എലെക്‌സിയുടെ വരവ് പാർക്കിന്റെ അടുത്തഘട്ടം വികസനത്തിന് വഴിയൊരുക്കുമെന്ന് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ടി.കെ. കിഷോര്‍ കുമാര്‍, ടാറ്റാ ഇലെക്‌സി തിരുവനന്തപുരം സെന്റര്‍ ഹെഡ് ശ്രീകുമാര്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

