ഇന്ത്യയുടെ ആ ദീർഘകാല സ്വപ്നം യാഥാർഥ്യമാക്കാൻ റഷ്യ; പുതിയ കരാറിൽ പ്രതീക്ഷയേറെ
text_fieldsമോസ്കോ: ഇന്ത്യയുടെ എക്കാലത്തെയും സ്വപ്നമാണ് സ്വന്തമായി യാത്ര വിമാനം നിർമിക്കുക. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നം യാർഥാഥ്യമാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്. യാത്ര വിമാനം നിർമിക്കാൻ റഷ്യയുമായി ഇന്ത്യ കരാർ ഒപ്പിട്ടു. ഒക്ടോബർ അവസാനം പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏയറനോട്ടിക്സ് ലിമിറ്റഡാണ് റഷ്യയുടെ യുനൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനുമായി ധാരണ പത്രത്തിൽ ഒപ്പിട്ടത്. സുഖോയ് സൂപ്പർജെറ്റ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന എസ്.ജെ-100 വിമാനമാണ് നിർമിക്കുക.
ഇന്ത്യയിൽ 100 സീറ്റുകളുള്ള വിമാനങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. എന്നാൽ, നിർമാണം പൂർണമായും ഇന്ത്യയിലായിരിക്കുമോ അല്ലെങ്കിൽ ഭാഗികമായിരിക്കുമോ എന്നൊന്നും കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. കരാറിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ പോലും പുറത്തുവിട്ടിട്ടില്ല.
അതേസമയം, ഡിമാൻഡ് കുതിച്ചുയർന്നിട്ടും വിമാനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത നീക്കം. നിിലവിൽ ഫ്രാൻസിന്റെ എയർബസും യു.എസിന്റെ ബോയിങ്ങുമാണ് യാത്ര വിമാനങ്ങൾ നിർമിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര ഉപരോധം നേരിടുന്നതിനാൽ റഷ്യയുടെ യാത്ര വിമാന നിർമാണ പദ്ധതി സ്തംഭിച്ചിരിക്കുകയാണ്. യുദ്ധ വിമാനങ്ങൾ മാത്രം നിർമിച്ച് പരിചയമുള്ള ഇന്ത്യയെ സംബന്ധിച്ച് യാത്ര വിമാനം ഒരു സ്വപ്നമാണ്.
ആഭ്യന്തരമായി ചെറിയ വിമാനങ്ങൾ നിർമിക്കാനുള്ള ആദ്യ പടിയാണ് ഈ ധാരണപത്രമെന്ന് വ്യവസായ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. എന്നാൽ, സംയുക്ത കമ്പനി നിർമിക്കുന്ന വിമാനം ആരു വാങ്ങുമെന്നത് അവ്യക്തമാണ്. അതുകൊണ്ട് തന്നെ ബിസിനസ് സാധ്യത വളരെ ദുർബലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അനിശ്ചിത്വം നിറഞ്ഞതാണ് എസ്.ജെ-100 വിമാനങ്ങളുടെ ചരിത്രം. 2011ലാണ് എസ്.ജെ-100 വിമാനങ്ങൾ നിർമിച്ചു തുടങ്ങിയത്. എന്നാൽ, വർഷങ്ങളായി എൻജിൻ തകരാറുകളും അറ്റകുറ്റപ്പണിക്ക് ഉയർന്ന ചെലവുമാണ് എസ്.ജെ-100 വിമാനങ്ങൾ നേരിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ആഭ്യന്തര വിമാന യാത്ര കമ്പനികൾകൾക്ക് എസ്.ജെ-100 വിമാനങ്ങൾ ആകർഷകമായിരിക്കില്ല. ഇന്ത്യയിലെ യാത്ര വിമാന കമ്പനികൾ ഭാരിച്ച ചെവലും പ്രവർത്തന വെല്ലുവിളികളുമാണ് നേരിടുന്നതെന്ന് ഏവിയേഷൻ കൺസൾട്ടന്റ് അശോക് മൻസിങ് പറഞ്ഞു.
എസ്.ജെ-100 ന്റെ വിശ്വാസ്യത വർധിക്കണമെങ്കിൽ വിമാനത്തിലും പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിലും വലിയ മാറ്റം അനിവാര്യമാണ്. ആഭ്യന്തര വിപണിയിൽ ഉപഭോക്താക്കളെ കണ്ടെത്താൻ ശക്തമായ പിന്തുണയും വിൽപനാന്തര സേവനവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
19 സീറ്റുകളുള്ള വിമാനം നിർമിക്കാനാണ് ആദ്യമായി ഇന്ത്യ ശ്രമം നടത്തിയത്. നാഷനൽ ഏയറോസ്പേസ് ലബോറട്ടറീസിന്റെ നേതൃത്വത്തിലായിരുന്നു ചെലവു കുറഞ്ഞ ആധുനിക സരസ് വിമാനം നിർമിക്കാനുള്ള പദ്ധതി. പക്ഷെ, നിർഭാഗ്യവശാൽ പദ്ധതി വിജയം കണ്ടില്ല. 1960 കളിൽ ബ്രിട്ടിഷ് എയറോസ്പേസിന്റെ അനുമതിയോടെ ഘടകങ്ങൾ കൂട്ടിച്ചേർത്ത് ആവ്റോ എച്ച്.എസ് 748 എന്ന വിമാനം ഹിന്ദുസ്ഥാൻ ഏയറനോട്ടിക്സ് ലിമിറ്റഡ് പുറത്തിറക്കിയിരുന്നു. എന്നിരുന്നാലും ആഭ്യന്തരമായി പൂർണ തോതിൽ വിമാനം നിർമിക്കുകയെന്നത് ഇന്ത്യക്ക് എക്കാലത്തും കടുത്ത വെല്ലുവിളിയായി തുടർന്നു.
ഇന്ത്യൻ വ്യോമയാന മേഖല പതിറ്റാണ്ടുകളോളം ഇനിയും വളരുമെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വന്തമായി യാത്ര വിമാനങ്ങൾ നിർമിക്കേണ്ടത് പ്രധാനമാണെന്ന് സി.എ.പി.എ ഇന്ത്യ സി.ഇ.ഒ കപിൽ കൗൾ പറയുന്നു. മാത്രമല്ല, സ്വന്തമായി വിമാനം നിർമിക്കാനുള്ള പദ്ധതി രാജ്യത്തെ വ്യോമയാന മേഖലയുടെ അടിസ്ഥാന സൗകര്യം വികസിക്കാനും സഹായിക്കുമെന്ന് കൗൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

