എച്ച് വൺ ബി വിസ: നാലാം ദിവസവും ഓഹരി വിപണി ഇടിഞ്ഞു
text_fieldsമുംബൈ: എച്ച് വൺ ബി വിസ ഫീസ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുത്തനെ ഉയർത്തിയതിന് പിന്നാലെയുണ്ടായ തിരിച്ചടിയിൽനിന്ന് കരകയറാനാകാതെ ഓഹരി വിപണി. ബുധനാഴ്ചയും പ്രധാന ഓഹരി സൂചികയായ നിഫ്റ്റി 50യും സെൻസെക്സും ഇടിഞ്ഞു. ഇതു തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവ് നേരിടുന്നത്. എച്ച് വൺ ബി വിസ ഫീസ് വർധിപ്പിച്ചതാണ് നിക്ഷേപകരുടെ ആശങ്കക്ക് കാരണം. മാത്രമല്ല, വിദേശ നിക്ഷേപകരുടെ കൂട്ട ഓഹരി വിൽപനയും വിപണിക്ക് തിരിച്ചടിയായി. നിഫ്റ്റി 100 പോയന്റിലേറെയും സെൻസെക്സ് 289 പോയന്റിലേറെയും ഇടിഞ്ഞു. ചൊവ്വാഴ്ച വിദേശ നിക്ഷേപകർ 3,551 കോടി രൂപയുടെ ഓഹരിയാണ് വിറ്റഴിച്ചത്.
നിഫ്റ്റി കഴിഞ്ഞ വർഷം സെപ്റ്റംബറിൽനിന്ന് നാല് ശതമാനം ഇടിവിലാണ് വ്യാപാരം ചെയ്യപ്പെടുന്നതെങ്കിലും ഓഹരികളുടെ മൂല്യം ഉയർന്ന് തന്നെ നിൽക്കുന്നതിനാൽ ഇനിയും ഇടവിനുള്ള സാധ്യതയേറെയാണെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറഞ്ഞു. അതേസമയം, ന്യൂയോർക്കിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യു.എസ് വ്യാപാര പ്രതിനിധി ജമൈസൺ ഗ്രീറും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകളിലാണ് നിക്ഷേപകരുടെ പ്രതീക്ഷ. ജി.എസ്.ടി കുറച്ചതും രാജ്യത്തെ ഉത്സവ സീസണും വിപണിക്ക് ഉണർവേകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

